Tuesday, December 16, 2008

nadan kitchenum naatu karimeenum


മിനി ബൈപ്പാസിലെ `നാടന്‍ കിച്ചന്‍'
പിസ്സയും പാസ്‌തയും ബര്‍ഗറുമൊക്കെയായി ഭക്ഷണരീതികള്‍ മാറിമറിയുമ്പോഴും അമ്മയുണ്ടാക്കുന്ന ആഹാരം ഒരിക്കല്‍ കൂടി കഴിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്‌. കൃത്രിമനിറങ്ങളും രുചികളുമെല്ലാം വെടിഞ്ഞ്‌ നാടന്‍ വിഭവങ്ങള്‍ തേടുന്നവര്‍ക്കായി പുതിയൊരു ഇടമൊരുങ്ങുകയാണ്‌ നഗരത്തില്‍. മിനിബൈപ്പാസ്‌ റോഡില്‍ മിംസ്‌ ആസ്‌പത്രിക്ക്‌ സമീപം പ്രവര്‍ത്തനം തുടങ്ങിയ `നാടന്‍ കിച്ചന്‍'. കോഴിക്കോട്ടെ ആദ്യ `എത്‌നിക്‌ നോണ്‍വെജ്‌- റസ്‌റ്റോറന്റ്‌' ആണിതെന്ന്‌ ഉടമകള്‍ അവകാശപ്പെടുന്നു. കേരളത്തിന്റെ തനതുരുചികള്‍ യാതൊരു കലര്‍പ്പും കൂടാതെ മെനുകാര്‍ഡിലേക്ക്‌ കൊണ്ടുവരുകയാണിവിടെ. കരിമീനും ചെമ്മീനും കോഴിക്കറിയുമെല്ലാം വീട്ടിലുണ്ടാക്കുന്ന അതേ സ്വാദോടെ വിളമ്പുകയാണ്‌ നാടന്‍ കിച്ചന്റെ ലക്ഷ്യമെന്ന്‌ റസ്‌റ്റോറന്റ്‌ ജനറല്‍ മാനേജര്‍ വി. വേണുഗോപാല്‍ പറയുന്നു. നാടന്‍ കിച്ചനിലെ ഒരു രസികന്‍ കറിയായ കരിമീന്‍ കറിക്കൂട്ടിന്റെ രസക്കൂട്ട്‌ `ടേസ്‌റ്റി'നായി പങ്കുവയ്‌ക്കാനും വേണുവിന്‌ സന്തോഷം മാത്രം.

കരിമീന്‍ കുരുമുളക്‌

------------------

ചേരുവകള്‍

1. കരിമീന്‍- ഒരെണ്ണം വൃത്തിയാക്കിയത്‌

2. സവോള- അരിഞ്ഞത്‌ രണ്ടെണ്ണം

3. തക്കാളി- അരിഞ്ഞത്‌ ഒരെണ്ണം

4. ഇഞ്ചി- ചെറിയ കഷ്‌ണം

5. വെളുത്തുള്ളി- നാല്‌ അല്ലി

6. കറിവേപ്പില- രണ്ടു തണ്ട്‌

7. വാളംപുളി- കുറച്ച്‌

8. മുളകുപൊടി- ഒരു ടേബിള്‍ സ്‌പൂണ്‍

9. മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍

10. ഉപ്പ്‌- പാകത്തിന്‌

11. ഉലുവ- അഞ്ചു ഗ്രാം

12. വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

13. തേങ്ങാപ്പാല്‍- കാല്‍ കപ്പ്‌

14. കുരുമുളകുപൊടി- ഒരു ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഉലുവ വറുക്കുക.

അതിലേക്ക്‌ രണ്ടു മുതല്‍ ആറു വരെ ചേരുവകള്‍ ചേര്‍ത്ത്‌ വഴറ്റുക.

മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ വഴറ്റി പുളിവെള്ളം ഒഴിക്കുക.

അതിലേക്ക്‌ വൃത്തിയാക്കിയ കരിമീന്‍ ചേര്‍ത്തിളക്കി വേവിക്കുക.

വെന്തതിനുശേഷം തയ്യാറാക്കിവെച്ച തേങ്ങാപ്പാല്‍ ഒഴിച്ച്‌ ചെറുതായി തിളപ്പിച്ച്‌ കുരുമുളകുപൊടി വിതറി ചൂടോടെ ഉപയോഗിക്കാം.

Tuesday, December 9, 2008

Fried Iddlies


ഫ്രൈഡ്‌ ഇഡ്ഡലി

-------------------

പരമ്പരാഗതമായി ചട്‌നിക്കും സാമ്പാറിനുമൊപ്പം പ്‌ളേറ്റില്‍ അവതരിച്ച പാവം ഇഡ്ഡലികള്‍ക്ക്‌ പുനര്‍ജന്‍മം നല്‍കുകയാണ്‌ കണ്ടങ്കുളം ജൂബിലി ഹാളിനടുത്തെ വിനായക വെജിറ്റേറിയന്‍ റസ്‌്‌റ്റോറന്റ്‌. ബട്ടറും ടുമാറ്റോസോസും അണ്ടിപ്പരിപ്പുമൊക്കെ ചേര്‍ത്ത്‌ കറുമുറെ കടിച്ചുതിന്നാന്‍ പാകത്തിലാണ്‌ ഇഡ്ഡലിയുടെ പുതിയ അവതാരം. രണ്ടാം ജന്‍മത്തില്‍ ഇവന്റെ പേര്‌ ഫ്രൈഡ്‌ ഇഡ്ഡലി. മഹാനഗരങ്ങളിലെ വന്‍കിട റസ്‌റ്റോറന്റുകളില്‍ പിറവിയെടുത്ത ഈ വ്യത്യസ്‌ത വിഭവം തേടി വിനായകയില്‍ ധാരാളം പേരെത്തുന്നുണ്ട്‌.

ചേരുവകള്‍

1. ഇഡ്ഡലി- മൂന്നെണ്ണം

2. കടുക്‌- അര ടീസ്‌പൂണ്‍

3. കറിവേപ്പില- ഒരു തണ്ട്‌

4. ഉണക്കമുളക്‌- മൂന്നെണ്ണം

5. അണ്ടിപ്പരിപ്പ്‌- പത്തെണ്ണം

6. ഇഞ്ചി- ഒരു കഷ്‌ണം

7. വെളുത്തുള്ളി- നാലെണ്ണം

8. പച്ചമുളക്‌- മൂന്നെണ്ണം

9. വലിയ ഉള്ളി- ഒരെണ്ണം

10. തക്കാളി- രണ്ടെണ്ണം

11. മുളകുപൊടി- രണ്ട്‌ ടീസ്‌പൂണ്‍

12. മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍

13. ഉപ്പ്‌- ആവശ്യത്തിന്‌

14. ബട്ടര്‍- ഒരു ടേബിള്‍സ്‌പൂണ്‍

15. ടുമാറ്റോ സോസ്‌- ഒരു ടേബിള്‍സ്‌പൂണ്‍

16. എണ്ണ- ആവശ്യത്തിന്‌

17. മല്ലിയില- ഒരു നുള്ള്‌

പാകം ചെയ്യുന്ന വിധം

ഇഡ്ഡലി ഓരോന്നും നാലു കഷണങ്ങളാക്കുക.

പകുതി വീതം മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ മസാല ഉണ്ടാക്കി ഇഡ്ഡലികഷ്‌ണങ്ങളില്‍ പുരട്ടിവയ്‌ക്കുക.

എണ്ണ ചൂടാക്കി ഇഡ്ഡലിക്കഷ്‌ണങ്ങള്‍ പൊരിച്ചെടുക്കുക.

അതിനുശേഷം ബട്ടര്‍ ചൂടാക്കി രണ്ടു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ വറവ്‌ തയ്യാറാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, ഉള്ളി എന്നിവ ചേര്‍ത്ത്‌ നന്നായി ഇളക്കി മൂത്തുവരുമ്പോള്‍ മിക്‌സ്‌ ചെയ്യുക.

അതിലേക്ക്‌ ബാക്കിയുള്ള മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌, ടുമാറ്റോ സോസ്‌ എന്നിവ ചേര്‍ത്ത്‌ മിക്‌സ്‌ ചെയ്‌ത ശേഷം പൊരിച്ചുവെച്ച ഇഡ്ഡലി ചേര്‍ത്ത്‌ നന്നായി ഇളക്കി പാകമാകുമ്പോള്‍ മല്ലിയില ചേര്‍ത്ത്‌ ചൂടോടെ വിളമ്പുക.

Sunday, November 16, 2008


മീന്‍ വരട്ടിയത്‌

------------

മീന്‍ പൊരിച്ചതില്ലാതെ ചോറിറങ്ങാത്ത കോഴിക്കോട്ടുകാരെ `കൊതിപ്പിച്ചുകൊല്ലാന്‍' തന്നെയാണ്‌ ഷിനോയുടെ തീരുമാനം. അസ്‌മ ടവറിലെ മെസ്‌ബാന്‍ റസ്‌റ്റോറന്റ്‌ ഷെഫായ എം.ആര്‍. ഷിനോയ്‌ ഇഷ്ടവിഭവമായി തിരഞ്ഞെടുക്കുന്നത്‌ മീന്‍ വരട്ടിയതാണ്‌. കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ ഷിനോയ്‌ ഒരുവര്‍ഷമായി അസ്‌മ ടവറിലെത്തിയിട്ട്‌. കോഴിക്കോടിന്റെ തനതുരുചികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയ്‌ക്കാണ്‌ മീന്‍വരട്ടിയതിന്റെ രസക്കൂട്ട്‌ ലഭിച്ചതെന്ന്‌ ഷിേനായ്‌ പറയുന്നു. നഗരത്തിലെ പാരമ്പര്യ മുസ്ലിം തറവാടുകളിലെ പ്രധാന നോമ്പുതുറ വിഭവമാണിത്‌. വീടുകളിലുണ്ടാക്കുന്ന അതേ സ്വാദോടെ മെസ്‌ബാനിലും മീന്‍ വരട്ടിയത്‌ വിളമ്പാന്‍ തുടങ്ങിയതോടെ അതിഥികള്‍ക്കും ഏറെ പ്രിയമായി. മെസ്‌ബാനില്‍ നടന്നുവരുന്ന ഇഫ്‌താര്‍ ബുഫെയിലെ പ്രധാന വിഭവവും ഇതു തന്നെ. ഇഫ്‌താറിനെത്തുന്നവരെല്ലാം മീന്‍ വരട്ടിയത്‌ പരീക്ഷിച്ചുനോക്കാന്‍ താത്‌പര്യം കാട്ടാറുണ്ടെന്ന്‌ അസ്‌മ ടവര്‍ ജനറല്‍ മാനേജര്‍ വേണുഗോപാല്‍ പറയുന്നു.


ചേരുവകള്‍

1. അയക്കൂറ- ചെറുതായി മുറിച്ചത്‌ (300 ഗ്രാം)

2. സവാള- രണ്ടെണ്ണം

3. ഇഞ്ചി- 20 ഗ്രാം

4. പച്ചമുളക്‌- 20 ഗ്രാം

5. വെളുത്തുള്ളി- 20 ഗ്രാം

6. തക്കാളി- ഒന്ന്‌

7. മുളകുപൊടി- 25 ഗ്രാം

8. മഞ്ഞള്‍പൊടി- 5 ഗ്രാം

9. കുരുമുളക്‌ പൊടി- 5 ഗ്രാം

10. മല്ലിപ്പൊടി- 15 ഗ്രാം

11. പെരുംജീരകപൊടി- 5 ഗ്രാം

12. കറിവേപ്പില- രണ്ടു തണ്ട്‌

13. വെളിച്ചെണ്ണ- ആവശ്യത്തിന്‌

14. ഉപ്പ്‌-പാകത്തിന്‌


പാകം ചെയ്യുന്ന വിധം

ചെറുതായി മുറിച്ച മീന്‍ കുറച്ച്‌ മസാല പുരട്ടി (മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മുളകുപൊടി) വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. അതിലേക്ക്‌ ഉപ്പ്‌, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളക്‌ പൊടി എന്നിവ ചേര്‍ത്തിളക്കി ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത്‌ വഴറ്റുക. അതിനുശേഷം വറുത്ത മീനും പെരുംജീരകപ്പൊടിയും ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. തുടര്‍ന്ന്‌ ചൂടോടെ ഉപയോഗിക്കാം.

Friday, November 14, 2008

Typical Italian Bruscetta


ബ്രുഷേട്ട

ഇറ്റലിയുടെ തനതായ പാചക കലയില്‍ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ്‌ ബ്രുഷേട്ട (Bruschetta). ഒലിവെണ്ണയില്‍ കുതിര്‍ത്ത ബ്രെഡ്‌ ടോസ്‌റ്റിനു മുകളില്‍ ടോപ്പ്‌ ചെയ്യുന്നതാണ്‌ ഇതിന്റെ രീതി. തക്കാളിയും തുളസിയിലയും ഒലിവെണ്ണയും ചേര്‍ത്ത ടോപ്പിങ്ങാണ്‌ സാധാരണ ഉപയോഗിക്കാറ്‌. മെഡിറ്ററേനിയന്‍ രുചിഭേദങ്ങളായ ചീസും ഒലിവും ആഞ്ചോവിസും ക്യാപ്‌സിക്കവും മറ്റും ചേര്‍ത്ത്‌ ഇതിനെ കൊതിയൂറുന്നതാക്കാം.

ടോപ്പിങ്‌

1. ഇറ്റാലിയന്‍ ബ്രെഡ്‌- ഒരെണ്ണം

2. ചെറുതായി അരിഞ്ഞ തക്കാളി- ഒരു കപ്പ്‌

3. ചതച്ച വെളുത്തുള്ളി- രണ്ട്‌ അല്ലി

4. ഒലിവെണ്ണ- ഒരു ടേബിള്‍ സ്‌പൂണ്‍

5. കുരുമുളക്‌ പൊടി, ഉപ്പ്‌- ആവശ്യത്തിന്‌


ചെസ്‌തോ സോസ്‌

തുളസിയില- 100 ഗ്രാം

പൈന്‍ നട്ട്‌സ്‌- 30 ഗ്രാം

പാര്‍മെശന്‍ ചീസ്‌- 30 ഗ്രാം

വെളുത്തുള്ളി അല്ലി- 30 ഗ്രാം

ഒലിവെണ്ണ- 50 എം.എല്‍.

ഇവ ഒന്നിച്ച്‌ ചേര്‍ത്ത്‌ പേസ്‌റ്റ്‌ ആക്കിയെടുക്കുക.പാകം ചെയ്യുന്ന വിധംമുറിച്ചെടുത്ത ബ്രെഡില്‍ ഒലിവെണ്ണ തേച്ച്‌ മുകള്‍ഭാഗം മൊരിയും വരെ അവനില്‍ ബേക്ക്‌ ചെയ്യുക. ബ്രെഡിനു മുകളില്‍ പെസ്‌തോ സോസ്‌ തേച്ചതിനുശേഷം 2,3,4,5 ചേരുവകള്‍ ഒന്നിച്ചു ചേര്‍ത്ത്‌ ടോപ്പിങ്ങ്‌ തയ്യാറാക്കി ഉപയോഗിക്കാം. ഇറ്റാലിയന്‍ ബ്രെഡ്‌ ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്‌. സാധാരണ ബ്രെഡിലും ഇതു പരീക്ഷിക്കാം. പൈന്‍ നട്ടിനു പകരമായി കാഷ്യു നട്ടോ വാള്‍നട്ടോ ഉപയോഗിക്കാവുന്നതാണ്‌.

മഹാറാണി സ്‌പ്യെഷല്‍വൈറ്റ്‌ ചില്ലിചിക്കന്‍

-------------------

ചൈനീസ്‌ കോര്‍ണര്‍ മുതല്‍ സ്‌റ്റാര്‍ ഹോട്ടലുകളില്‍ വരെ വിളമ്പുന്ന ചില്ലി ചിക്കന്‌ ഒരേ നിറവും സ്വാദുമാണ്‌. കഴിച്ചുമടുത്ത ചില്ലിചിക്കനില്‍ നിന്ന്‌ ഒരു മാറ്റം കൊതിക്കുന്നവര്‍ക്കുള്ളതാണ്‌ ജയില്‍ റോഡിനടുത്തെ ഹോട്ടല്‍ മഹാറാണിയില്‍ മാത്രം ലഭിക്കുന്ന വൈറ്റ്‌ ചില്ലിച്ചിക്കന്‍. വെള്ളക്കുരുമുളക്‌ പൊടി ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം മഹാറാണിയില്‍ അല്ലാതെ വേറെയെവിടെയും കിട്ടില്ലെന്ന്‌ ഹോട്ടലിലെ ഫുഡ്‌ ആന്‍ഡ്‌ ബിവറേജസ്‌ മാനേജര്‍ എന്‍. സുകുമാരന്‍ ഉറപ്പിച്ചുപറയുന്നു.

ചേരുവകള്‍

1. ചെറുതായി നുറുക്കിയ ബ്രോയ്‌ലര്‍ ചിക്കന്‍- 500 ഗ്രാം

2. ചില്ലി സോസ്‌- 100 ഗ്രാം

3. ബട്ടര്‍- 50 ഗ്രാം

4. വെളള കുരുമുളക്‌ പൊടി- 5 ഗ്രാം

5. പച്ചമുളക്‌ രണ്ടായി കീറിയത്‌- 25 ഗ്രാം

6. സവോള ക്യൂബായി നുറുക്കിയത്‌- 50 ഗ്രാം

7. ക്യാപ്‌സിക്കം ക്യൂബായി നുറുക്കിയത്‌- 50 ഗ്രാം

8. ഉപ്പ്‌- ആവശ്യത്തിന്‌

9. മഞ്ഞള്‍പ്പൊടി- 2 ഗ്രാം

10. ഇഞ്ചി ചെറുതായി അരിഞ്ഞത്‌- 5 ഗ്രാം

11. വെളുത്തുള്ളി അരിഞ്ഞത്‌- 5 ഗ്രാം

12. ഉള്ളിത്തണ്ട്‌ അരിഞ്ഞത്‌- 5 ഗ്രാം

13. സെല്ലറി അരിഞ്ഞത്‌-5 ഗ്രാം

14. കോണ്‍ ഫ്‌ളവര്‍ (കലക്കിയത്‌)- 25 ഗ്രാം

15. വെള്ളം- ഒന്നേകാല്‍ ലിറ്റര്‍

തയ്യാറാക്കുന്ന വിധം

------------------

ചെറുതായി നുറുക്കിയ ചിക്കന്‍ നന്നായി കഴുകി വയ്‌ക്കണം. വൃത്തിയുള്ള ചീനച്ചട്ടിയില്‍ വെള്ളമൊഴിച്ച്‌ നല്ലതുപോലെ തിളച്ച ശേഷം അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, സവോള എന്നിവ ഇടുക. അതിനുശേഷം അരിഞ്ഞുവെച്ച ചിക്കന്‍, ചില്ലിസോസ്‌ ചേര്‍ത്ത്‌ നല്ലതുപോലെ തിളപ്പിക്കുക. തിളച്ച ശേഷം പകുതി ബട്ടര്‍ ചേര്‍ക്കുക. പിന്നീട്‌ ക്യാപ്‌സിക്കം, പച്ചമുളക്‌, കുരുമുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ പത്തു മിനുട്ടോളം തിളപ്പിക്കുക. പകുതി വെള്ളം വറ്റിക്കഴിയുമ്പോള്‍ ബാക്കിയുളള ബട്ടര്‍ കൂടി ചേര്‍ക്കണം. കലക്കിവച്ച കോണ്‍ഫ്‌ളവര്‍ അല്‌പം ചേര്‍ത്ത്‌ കുറുക്കിയെടുക്കുക. കുറുകി വരുമ്പോള്‍ സ്‌പ്രിംഗ്‌ ഒണിയന്‍, സെല്ലറി എന്നിവ ഉപയോഗിച്ച്‌ ഗാര്‍ണിഷ്‌ ചെയ്യാം. പാകമായിക്കഴിഞ്ഞ ചില്ലിചിക്കന്‍ ഒരു കുഴിഞ്ഞ പാത്രത്തിലേക്ക്‌ മാറ്റണം. ചപ്പാത്തിയും പെറോട്ടയുമാണ്‌ ഇതിന്റെ ഏറ്റവും മികച്ച കോമ്പിനേഷന്‍.

Friday, November 7, 2008

Goan Prawns caldine


ഗോവന്‍ പ്രോണ്‍സ്‌ കാല്‍ഡീന്‍
---------------------------
ഗോവന്‍ ബീച്ചുകള്‍ക്കും കാര്‍ണിവലിനുമൊപ്പം പേരു കേട്ടതാണ്‌ ഗോവന്‍ ഭക്ഷണവൈവിധ്യം. നാളികേരവും മീനും സമൃദ്ധമായി ഉപയോഗിച്ചുണ്ടാക്കുന്ന കറികളും ചിക്കന്‍ വിന്താലുവും മധുരമൂറുന്ന ബെബിന്‍കയുമെല്ലാം ആസ്വദിക്കണമെങ്കില്‍ ഗോവന്‍ തീരങ്ങളില്‍ തന്നെയെത്തണം. മിനി ബൈപ്പാസിലെ കോവിലകം റെസിഡന്‍സി എക്‌സിക്യുട്ടീവ്‌ ഷെഫ്‌ ഐറിഷ്‌ ബോബിന്‍ ഇഷ്ടവിഭവമായി തിരഞ്ഞെടുത്തത്‌ ഒരു ഗോവന്‍ വിഭവമാണ്‌. പ്രോണ്‍സ്‌ കാല്‍ഡീന്‍.
1. ചെമ്മീന്‍- 500 ഗ്രാം
2. മഞ്ഞള്‍ പൊടി- ഒരു ടേബിള്‍ സ്‌പൂണ്‍
3. മല്ലി- ഒരു ടേബിള്‍ സ്‌പൂണ്‍
4. കടുക്‌- ഒരു ടേബിള്‍ സ്‌പൂണ്‍
5. കുരുമുളക്‌- ഒരു േടബിള്‍ സ്‌പൂണ്‍
6. ബദാം അരച്ചത്‌- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
7. ചെറുതായി അരിഞ്ഞ ഇഞ്ചി- ഒരു ടേബിള്‍ സ്‌പൂണ്‍
8. കടലയെണ്ണ- നാല്‌ ടേബിള്‍ സ്‌പൂണ്‍
9. ചെറുതായി അരിഞ്ഞ സവാള- ഒന്ന്‌
10. വിനാഗിരി- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
11. തേങ്ങാപ്പാല്‍- രണ്ട്‌ കപ്പ്‌
12. പച്ചമുളക്‌- മൂന്നെണ്ണം
13. അരിഞ്ഞ മല്ലിയില- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
14. വെളുത്തുള്ളി- നാല്‌ അല്ലി
15. ഉപ്പ്‌- പാകത്തിന്‌
തൊലി കളഞ്ഞ്‌ വൃത്തിയാക്കിയ ചെമ്മീന്‍ അഞ്ച്‌ മിനുട്ട്‌ വിനാഗിരിയില്‍ കുതിര്‍ത്ത്‌ വയ്‌ക്കണം. 2,3,4,5,6 ചേരുവകള്‍ ചേര്‍ത്തരച്ച്‌ മസാല പേസ്‌റ്റ്‌ തയ്യാറാക്കുക. ഒരു ഫ്രൈയിങ്‌ പാനില്‍ കടലയെണ്ണയൊഴിച്ച്‌ അരിഞ്ഞുവച്ച സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത്‌ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക്‌ തേങ്ങാപ്പാലും മസാല പേസ്‌റ്റും ചേര്‍ക്കുക. ചെമ്മീന്‍ കൂടി ചേര്‍ത്ത്‌ ഇരുപതുമിനുട്ട്‌ പാകം ചെയ്‌ത ശേഷം മല്ലിയില കൊണ്ട്‌ ഗാര്‍ണിഷ്‌ ചെയ്‌ത്‌ ചൂടോടെ ഉപയോഗിക്കാം. ചോറാണ്‌ പ്രോണ്‍സ്‌ കാല്‍ഡീന്‌ ഏറ്റവും നല്ല കോംബിനേഷനെന്ന്‌ ഗോവക്കാര്‍ പറയുന്നു.

Wednesday, August 13, 2008

Karimeen Pollichathu N Curry house

കരിമീന്‍ പൊള്ളിച്ചതുമായി
`കറിവീട്‌' കാത്തിരിക്കുന്നു

മസാലക്കൂട്ടുകളില്‍ കുതിര്‍ന്ന്‌ വാഴയില പുതച്ചുകിടക്കുന്ന മുഴുത്ത കരിമീന്‍... ഇലച്ചീന്ത്‌ അല്‍പം മുറിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന നറുമണം.... കരിമീന്‍ പൊള്ളിച്ചത്‌ എന്ന വിശിഷ്ട വിഭവം വിളമ്പി നഗരത്തിന്റെ മനം കവരുകയാണ്‌ കറി ഹൗസ്‌. കാരപ്പറമ്പ്‌ റോഡില്‍ ആശിര്‍വാദ്‌ ലോണ്‍സിനു തൊട്ടടുത്ത്‌ പ്രവര്‍ത്തിക്കുന്ന കേരള കറി ഹൗസ്‌ റെസ്‌റ്റോറന്റിലെ കരിമീന്‍ പൊള്ളിച്ചതിന്റെ സ്വാദാണ്‌ ഭക്ഷപ്രേമികളുടെ ഇപ്പോഴത്തെ ചിന്താവിഷയം. കോഴിക്കോട്ടെ പല ഹോട്ടലുകളിലും കരിമീന്‍ പൊള്ളിച്ചത്‌ കിട്ടുമെങ്കിലും തനി കുട്ടനാടന്‍ ശൈലിയിലുള്ള പാചകമാണ്‌ കേരള കറിഹൗസിനെ ജനപ്രിയമാക്കിയത്‌. ഹോട്ടല്‍ മാനേജ്‌മെന്റ്‌ രംഗത്ത്‌ വര്‍ഷങ്ങളുടെ പരിചയമുള്ള ഷിബി ജോസഫ്‌, ബിനു ജോര്‍ജ്‌ എന്നീ രണ്ടുചെറുപ്പക്കാര്‍ ചേര്‍ന്ന്‌ 2007ലാണ്‌ ഈ റസ്‌റ്റോറന്റ്‌ ആരംഭിച്ചത്‌. ഒരു പുതുമയെന്ന നിലയില്‍ തനതു കുട്ടനാടന്‍ രീതിയിലുള്ള കരിമീന്‍ പൊള്ളിച്ചത്‌ പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്‌ ഷിബി പറയുന്നു. മറ്റിടങ്ങളില്‍ തേങ്ങയരച്ചുചേര്‍ത്ത മിശ്രിതത്തില്‍ കരിമീന്‍ പൊള്ളിച്ചെടുക്കുമ്പോള്‍ മസാലയും ഉള്ളിയും കുടമ്പുളിയും മാത്രം ചേര്‍ത്ത കൂട്ടിലാണ്‌ കറിഹൗസില്‍ ഇതു പാകം ചെയ്‌തത്‌. ഇത്‌ വളരെ പെട്ടെന്ന്‌ ആളുകള്‍ക്കിഷ്ടപ്പെട്ടു. മീന്‍ വിലയനുസരിച്ച്‌ 70 രൂപ മുതല്‍ 110 രൂപവരെയാണ്‌ കരിമീന്‍ പൊള്ളിച്ചതിന്റെ നിരക്ക്‌. കഴിക്കാനെത്തുന്നവരുടെ താത്‌പര്യപ്രകാരം ഇപ്പോള്‍ ആകോലി, മാന്ത തുടങ്ങിയവയും ഇതേ രീതിയില്‍ പാകം ചെയ്യാറുണ്ട്‌.ഉച്ചയൂണിനൊപ്പം കരിമീന്‍ പൊള്ളിച്ചത്‌ കൂടി ഓര്‍ഡര്‍ ചെയ്യുന്നവരാണ്‌ കറി ഹീസിലെത്തുന്നവരില്‍ നല്ലൊരുപങ്കും. അപ്പം, ഗോതമ്പ്‌ പൊറോട്ട എന്നിവയും പൊള്ളിച്ചതിനു പറ്റിയ കോമ്പിനേഷനാണ്‌.

കരിമീന്‍ പൊള്ളിച്ചത്‌
1. കരിമീന്‍-1 (250 ഗ്രാം)
2. ഉള്ളി-2 (വലുത്‌)
3. തക്കാളി-2
4. ഇഞ്ചി,വെളുത്തുള്ളി പേസ്‌റ്റ്‌- 1 ടേബിള്‍ സ്‌പൂണ്‍
5. മുളകുപൊടി-ഒന്നര ടേബിള്‍ സ്‌പൂണ്‍
6. മഞ്ഞള്‍പ്പൊടി- രണ്ട്‌ ടീസ്‌പൂണ്‍
7. കുടമ്പുളി- രണ്ടു കഷ്‌ണം
8. വെളിച്ചെണ്ണ-മൂന്ന്‌ ടേബിള്‍സ്‌പൂണ്‍
9. ഒരു നാരങ്ങയുടെ മുഴുവന്‍ നീര്‌
10. ഉപ്പ്‌-ആവശ്യത്തിന്‌
11. വാഴയില
പാകം ചെയ്യുന്ന വിധം
1. കരിമീന്‍ കഴുകി വൃത്തിയാക്കിയശേഷം നന്നായി വരിയുക. അതില്‍ നാരങ്ങനീരും കുറച്ച്‌ ഉപ്പും പുരട്ടി കുറച്ചുസമയം വയ്‌ക്കുക. തുടര്‍ന്ന്‌ ഇതില്‍ മഞ്ഞള്‍പ്പൊടി,മുളകുപൊടി എന്നിവ പുരട്ടുക.
2. കുറച്ച്‌ എണ്ണ ചൂടാക്കി,അരിഞ്ഞുവച്ച ഉള്ളി,തക്കാളി,ഇഞ്ചി,വെളുത്തുള്ളി പേസ്‌റ്റ്‌ എന്നിവ യഥാക്രമം വഴറ്റുക. ഇത്‌ ബ്രൗണ്‍നിറമാകുമ്പോള്‍ കുറച്ച്‌ മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്‌, പുളി എന്നിവ ചേര്‍ത്ത്‌ പേസ്‌റ്റ്‌ രൂപത്തിലാക്കുക.
3. മസാല പുരട്ടിവച്ച മീന്‍ ഒരു ദോശക്കല്ലില്‍ വേവുന്നതുവരെ വയ്‌ക്കുക. തുടര്‍ന്ന്‌ തയ്യാറാക്കിവച്ച മസാല കരിമീനിന്റെ എല്ലാഭാഗത്തും പുരട്ടിയശേഷം ഒരു വാഴയിലയില്‍ പൊതിഞ്ഞ്‌ വീണ്ടും ദോശക്കല്ലില്‍ വച്ച്‌ രണ്ടുഭാഗവും വെന്തശേഷം ചൂടോടെ ഉപയോഗിക്കുക.സവാളയ്‌ക്കൊപ്പം കുറച്ച ചെറിയ ഉള്ളി കൂടി ഉപയോഗിച്ചാല്‍ സ്വാദേറും.

Wednesday, July 30, 2008


കുഞ്ഞുദോശ @ പിള്ളൈസ്‌ സ്‌നാക്‌സ്‌
---------------------------------
പത്തു രൂപയ്‌ക്ക്‌ എന്തുകിട്ടും? ചോദ്യം മനോഹര്‍ പിള്ളയോടാണെങ്കില്‍ വായില്‍ വെള്ളമൂറുന്ന മറുപടി ഉടന്‍ ലഭിക്കും. നാലു ദോശ, ഇഷ്ടം പോലെ സാമ്പാര്‍, തേങ്ങാച്ചമ്മന്തി, സാദാചട്‌നി, ഉള്ളിചട്‌നി..... ലിങ്ക്‌ റോഡ്‌ ജംങ്‌ഷനിലെ പിള്ളൈസ്‌ സ്‌നാക്‌സില്‍ മിക്ക സമയവും നിന്നുതിരിയാന്‍ ഇടമുണ്ടാകാറില്ല. ഈ ചെറുഹോട്ടലിലെ ദോശത്തട്ടില്‍ പിറവിയെടുക്കുന്ന കുഞ്ഞുദോശകളുടെ മണവും ഗുണവും നഗരത്തിന്റെ മനം കവര്‍ന്നുകഴിഞ്ഞു.പൊറോട്ടകളെ പ്രണയിക്കുന്ന കോഴിക്കോട്ടുകാര്‍ക്കിടയിലേക്ക്‌ ദോശ മാത്രം വിളമ്പിക്കൊണ്ട്‌ 1991ലാണ്‌ പിള്ളൈ സ്‌നാക്‌സ്‌ പ്രവര്‍ത്തനം തുടങ്ങുന്നത്‌. കോഴിക്കോട്ടെ ആദ്യകാല ഹോട്ടല്‍ വ്യാപാരി രാമകൃഷ്‌ണപ്പിള്ളയുടെ മക്കളായ മനോഹര്‍ പിള്ളയും സുബ്രഹ്മണ്യന്‍ പിള്ളയും ചേര്‍ന്നാണ്‌ ഹോട്ടല്‍ നടത്തുന്നത്‌. പ്‌ളേറ്റിനു പുറത്തേക്ക്‌ ചിറകുവിരിച്ചുനില്‍ക്കുന്ന നെയ്‌റോസ്‌റ്റ്‌, മസാലദോശകള്‍ക്കു പകരം കണ്ടാല്‍ തന്നെ ഓമനത്തം തോന്നുന്ന കുഞ്ഞുദോശകളാണ്‌ പിള്ളൈസില്‍ ലഭിക്കുക. `കുഞ്ഞുദോശകള്‍ തുടക്കം മുതല്‌ക്കേ ഹിറ്റായി. രുചിയും കഴിക്കാനുള്ള സൗകര്യവും തന്നെയാകും കാര്യം' -ഹോട്ടലിന്റെ പ്രധാന നടത്തിപ്പുകാരന്‍ മനോഹര്‍ പിള്ള പറയുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ വണ്ടിയിറങ്ങുന്ന യാത്രക്കാരും കോളേജ്‌ വിദ്യാര്‍ത്ഥികളും സമീപത്തുള്ള ഓഫീസുകളിലെ ജീവനക്കാരുമായി നൂറുകണക്കിന്‌ ദോശപ്രേമികള്‍ ഓരോദിവസവും പിള്ളൈസിലെത്തുന്നു. മൂന്ന്‌ സെറ്റ്‌ ദോശ വരെ ഒറ്റയിരിപ്പിനു കഴിക്കുന്നവരുമുണ്ട്‌.പുലര്‍ച്ചെ നാലുമണിക്ക്‌ പ്രവര്‍ത്തനം തുടങ്ങുന്ന പിള്ളെസ്‌ സ്‌നാക്‌സില്‍ ആ സമയം മുതല്‍ ദോശപ്രേമികള്‍ എത്തി തുടങ്ങും. ഓരോ ട്രെയിന്‍ വരുന്ന സമയമനുസരിച്ചാണ്‌ തിരക്കുണ്ടാകുക. ചില സമയത്ത്‌ ഇരിക്കാന്‍ സ്ഥലമുണ്ടാകില്ല. ഒരു പരിഭവവുമില്ലാതെ ആളുകള്‍ നിന്നുകൊണ്ട്‌ ദോശ കഴിക്കുന്നത്‌ കാണാം. ആശ തീര്‍ത്ത്‌ ദോശ കഴിക്കാന്‍ എത്തുന്നവരെയും കാത്ത്‌ പിള്ളൈസ്‌ രാത്രി എട്ടുമണി തുറന്നിരിക്കും.

പിള്ളൈസ്‌ സ്‌നാക്‌സിലെ കുഞ്ഞുദോശയുടെയും
`ഹോട്ട്‌ ഫേവറിറ്റ്‌' ഉള്ളിചട്‌നിയുടെയും പാചകക്കുറിപ്പ്‌്‌
ദോശ
-----
പച്ചരി- ഒരു കപ്പ്‌
ഉണക്കലരി-ഒരു കപ്പ്‌
ഉഴുന്ന്‌-മുക്കാല്‍ കപ്പ്‌
തയ്യാറാക്കുന്ന വിധം
പച്ചരി, ഉണക്കലരി, ഉഴുന്ന്‌ ഇവ വെവ്വേറെ കുതിര്‍ത്ത്‌ ആറു മണിക്കൂര്‍ നേരം കഴിഞ്ഞ്‌ വെവ്വേറെ അരച്ച്‌ ഒന്നിച്ചു കലക്കി വയ്‌ക്കുക. 10-12 മണിക്കൂര്‍ കൊണ്ടു മാവ്‌ പുളിച്ചുവരും. ദോശ ചെറിയ വട്ടത്തില്‍ ചുട്ടെടുക്കുക.
ഉള്ളിചട്‌നി
---------
ഉള്ളി-250 ഗ്രാം
ഇഞ്ചി-ഒരു ചെറിയ കഷ്‌ണം
വെളുത്തുള്ളി- മൂന്ന്‌ അല്ലി
ഉപ്പ്‌-പാകത്തിന്‌
ഇവ നാലും കൂടി മിക്‌സിയില്‍ നന്നായി അരച്ചെടുത്താല്‍ ഉള്ളിചട്‌നി തയാര്‍.

കാപ്പി നുകരാന്‍ കോഫി ബീന്‍സ്‌

----------------------------

കാപ്പിയെന്നാല്‍ ഹാംബര്‍ഗറോ പിസയോ പോലെ ഒരു വിദേശ ഉത്‌പന്നമായിരുന്നു കോഴിക്കോട്ടുകാര്‍ക്ക്‌. `മീഡിയം' മുതല്‍ 'വെള്ളം കുറഞ്ഞ സ്‌ട്രോങ്ങ്‌' വരെയുള്ള വിവിധ രുചികളുള്ള ചായ ആസ്വാദകരുള്ള നാട്ടില്‍ ഫില്‍ട്ടര്‍ കോഫിയെ പ്രണയിക്കുന്നവര്‍ നന്നേ കുറവായിരുന്നു. തനത്‌ കാപ്പിയെ ഇഷ്ടപ്പെടുന്നവര്‍ കോഫിഹൗസിലോ വസന്തഭവനിലോ എത്തി മസാലദോശയ്‌ക്കും ഉഴുന്നുവടയ്‌ക്കുമൊപ്പം കാപ്പി കുടിച്ച്‌ തൃപ്‌തിയടഞ്ഞു.കാപ്പിയോടുള്ള നഗരത്തിന്റെ ചിറ്റമ്മനയം പഴങ്കഥയാക്കുകയാണ്‌ കോഫിബീന്‍സ്‌. റെഡ്‌ക്രോസ്‌ റോഡില്‍ ടാഗോര്‍ സെന്റിനറി ഹാളിന്‌ തൊട്ടടുത്തുള്ള ഈ റസ്‌റ്റോറന്റില്‍ ഒന്നും രണ്ടുമല്ല അമ്പതിലേറെ വ്യത്യസ്‌തമായ രുചികളാണ്‌ കാപ്പി പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്‌. ഒരു കപ്പ്‌ കാപ്പി മാത്രം നുണഞ്ഞുകൊണ്ട്‌ ആണവകരാര്‍ തൊട്ട്‌ പരുന്ത്‌ പുരുഷു വരെയുള്ള വിവിധ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ചെറുകൂട്ടങ്ങളെ കോഫിബീന്‍സില്‍ കാണാം. ചായയുടെ കടുപ്പത്തിനൊപ്പം കാപ്പിയുടെ നറുമണം കൂടി ഇഷ്ടപ്പെടാന്‍ കോഴിക്കോടിനെ പഠിപ്പിക്കുകയാണ്‌ ഈ റസ്‌്‌റ്റോറന്റ്‌.ഒരു വര്‍ഷം മുമ്പാണ്‌ കൊച്ചിയിലെ കോഫിബീന്‍സ്‌ കോഫിഷോപ്പ്‌ ശൃംഖലയുടെ ഫ്രാഞ്ചൈസി കോഴിക്കോട്ട്‌ തുടങ്ങുന്നത്‌. സിവില്‍ എഞ്ചിനിയറിംഗ്‌ ബിരുദധാരിയും റിയല്‍ എസ്‌റ്റേറ്റ്‌ ഡെവലപ്പറുമായ ജീഷ്‌ വെണ്‍മരത്ത്‌ എന്ന ചെറുപ്പക്കാരന്‍ പുതിയൊരു സംരംഭം എന്ന നിലയ്‌ക്ക്‌ നഗരരുചികളിലേക്ക്‌ കോഫിബീന്‍സിനെ അവതരിപ്പിക്കുകയായിരുന്നു. ഏറെ ആശങ്കകേളാടെയാണ്‌ ഇത്തരമൊരു റസ്‌റ്റോറന്റിനു തുടക്കമിട്ടതെന്ന്‌ ജീഷ്‌. ``പാരമ്പര്യമായി ചായയോട്‌ ഇഷ്ടക്കൂടുതലുള്ളവരാണ്‌ കോഴിക്കോട്ടുകാര്‍. അതുകൊണ്ടുതന്നെ കാപ്പിക്ക്‌ പ്രാധാന്യം നല്‍കുന്ന ഒരു റസ്‌റ്റോറന്റ്‌ ക്ലിക്കാകണമെങ്കില്‍ ഏറെ ബുദ്ധിമുട്ടുണ്ട്‌''- ജീഷ്‌ പറയുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ ആളുകള്‍ കാപ്പികുടിക്കാനെത്തിതുടങ്ങി. പാരമ്പര്യ രുചിയോടെയുള്ള ഫില്‍ട്ടര്‍ കോഫി മുതല്‍ കടുംകാപ്പിയുടെ സ്വാദ്‌ പകരുന്ന ബ്‌ളാക്ക്‌ സ്‌റ്റാലിയന്‍ വരെ പെട്ടെന്ന്‌ ഹിറ്റായി. ഇന്നിപ്പോള്‍ 28 രൂപയുടെ കാപ്പുച്ചിനോ, 26 രൂപ വിലയുള്ള ലാറ്റേ ഡി കൊച്ചി എന്നീ ഫേ്‌ളവറുകള്‍ക്കാണ്‌ ഏറെ ആരാധകരുള്ളത്‌. കോഫി ബട്ടര്‍സ്‌കോച്ച്‌, മോക്ക ബീന്‍സ്‌ എന്നീ രുചികള്‍ തേടിയും ചെറുപ്പക്കാരെത്തുന്നുണ്ട്‌. കാപ്പിക്കൊപ്പം അപ്പം, ചിക്കന്‍ സ്‌റ്റിയൂ, ഫിഷ്‌ േമാളി, എക്‌സിക്യുട്ടീവ്‌ ലഞ്ച്‌ എന്നിവയും കോഫി ബീന്‍സ്‌ ഇപ്പോള്‍ വിളമ്പുന്നു. ലാപ്പ്‌ടോപ്പുമായി എത്തുന്ന ബിസിനസ്‌ എക്‌സിക്യുട്ടീവുകള്‍ക്കായി വയര്‍ലെസ്‌ ഇന്റര്‍നെറ്റ്‌ സംവിധാനവും റസ്‌റ്റോറന്റില്‍ ഒരുക്കിയിട്ടുണ്ട്‌. കൊച്ചി സ്വദേശിയായ സാറ വര്‍ഗീസ്‌ എന്ന വീട്ടമ്മയാണ്‌ കോഫി ബീന്‍സ്‌ റസ്‌റ്റോറന്റുകള്‍ തുടങ്ങിവച്ചത്‌. ഇന്നിപ്പോള്‍ കോഴിക്കോടിനു പുറമെ കൊച്ചിയിലും തിരുവനന്തപുരത്തും കോഫിബീന്‍സ്‌ റസ്‌റ്റോറന്റുകളുണ്ട്‌. കോഴിക്കോട്ട്‌ തന്നെ കല്യാണ്‍ കേന്ദ്ര സാരി ഷോറൂമിലും കോഫിബീന്‍സ്‌ ഔട്ട്‌ലെറ്റ്‌ പ്രവര്‍ത്തിക്കുന്നു. നഗരത്തില്‍ ആദ്യമായി വനിതാ വെയിറ്റര്‍മാരെ രംഗത്തിറക്കിയതിന്റെ ക്രെഡിറ്റും േകാഫിബീന്‍സിനു തന്നെ.

Saturday, July 12, 2008



എരിവും പുളിയും ചേര്‍ത്ത്‌ മീന്‍പുളിമഞ്ചി


നല്ല എരിവ്‌, പാകത്തിന്‌ പുളി, നാവിലെവിടെയോ തങ്ങിനില്‍ക്കുന്ന ഒരല്‌പം മധുരം.... ഹോട്ടല്‍ ഫോര്‍ച്യൂണിലെ എക്‌സ്‌ക്ലുസീവ്‌ ഐറ്റമായ മീന്‍പുളിമഞ്ചിയെ ഒറ്റവാചകത്തില്‍ ഇങ്ങനെ നിര്‍വചിക്കാം. എരിവും പുളിയും മധുരവും സമ്മേളിക്കുന്ന ഈ കര്‍ണാടക വിഭവത്തെ ഫോര്‍ച്യൂണിലെത്തിക്കുന്നത്‌ ഷെഫ്‌ േമാഹന്‍ വര്‍മ്മയുടെ കൈപ്പുണ്യമാണ്‌. മംഗലാപുരം ഭാഗത്തെ കടലോരഭാഗങ്ങളില്‍ ആളുകള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട കറിയാണ്‌ മീന്‍പുളിമഞ്ചി. ബാംഗ്‌ളൂരിലെ വിന്‍ഡ്‌സര്‍ മാനര്‍ ഷെറാട്ടണ്‍ േഹാട്ടലില്‍ ജോലി നോക്കുമ്പോഴാണ്‌ വര്‍മ്മ ഇതിന്റെ പാചകവിധി പഠിക്കുന്നത്‌. പിന്നീട്‌ ഫോര്‍ച്യൂണിലെ മുഖ്യഷെഫായി കോഴിക്കോട്ടെത്തിയപ്പോള്‍ ഇവിടെയും അതു പരീക്ഷിച്ചു. ``കഴിച്ചവര്‍ക്കെല്ലാം നന്നായി ഇഷ്ടപ്പെട്ടു. മുളകും പുളിയും കൂടുതല്‍ ചേര്‍ക്കുന്ന കോഴിക്കോടന്‍ മീന്‍കറിയില്‍ നിന്ന്‌ അല്‌പം വ്യത്യസ്‌തമാണ്‌ മീന്‍പുളിമഞ്ചി. ആ വ്യത്യസ്‌തത തന്നെയാകും ആളുകളെ ആകര്‍ഷിക്കുന്നതും''- വര്‍മ പറയുന്നു.അയക്കൂറയാണ്‌ മീന്‍പുളിമഞ്ചിയുണ്ടാക്കാന്‍ ഉപേയാഗിക്കുന്ന മത്സ്യം. അതിനൊപ്പം ചുവന്ന മുളകും മല്ലിപ്പൊടിയും പുളിയും ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത്‌ പാകപ്പെടുത്തുമ്പോള്‍ കറി തയ്യാറാകും. ചപ്പാത്തിക്കും പ്‌ളെയിന്‍ റൈസിനുമൊപ്പം കഴിക്കാന്‍ പറ്റിയ കോമ്പിനേഷനാണ്‌ മീന്‍പുളിമഞ്ചിയെന്ന്‌ വര്‍മ്മ പറയുന്നു. കായംകുളം സ്വദേശിയായ മോഹന്‍ വര്‍മ്മ എറെക്കാലം കര്‍ണാടകയിലും വിശാഖപ്പട്ടണത്തും ജോലി ചെയ്‌തിട്ടുണ്ട്‌. ഇടയ്‌ക്ക്‌ സിംഗപ്പൂരിലും പോയി. കുടുംബം ഇപ്പോഴും വിശാഖപ്പട്ടണത്ത്‌ തന്നെ. പൊതുവേ പുതിയ രുചികള്‍ പരീക്ഷിക്കാന്‍ താത്‌പര്യം കാട്ടാത്തവരാണ്‌ കോഴിക്കോട്ടുകാരെന്ന്‌ വര്‍മ്മ നിരീക്ഷിക്കുന്നു. മലബാര്‍ ചിക്കന്‍ കറി, കോഴി വറുത്തരച്ചത്‌ എന്നീ പാരമ്പര്യ വിഭവങ്ങളാണ്‌ ആളുകള്‍ ചോദിച്ചുവരുന്നത്‌.

Tuesday, July 1, 2008




അറേബ്യന്‍ സ്വാദറിയാന്‍ താജ്‌
ഈന്തപ്പഴത്തിന്റെ നാട്ടിലെ പാരമ്പര്യ രുചികളറിയാന്‍ േകാഴിേക്കാട്ടുകാരെ ക്ഷണിക്കുകയാണ്‌ ഹോട്ടല്‍ താജ്‌ റെസിഡന്‍സി. `അറേബ്യന്‍ ഡിലൈറ്റ്‌സ്‌' എന്ന പേരില്‍ ഹോട്ടലില്‍ ആരംഭിച്ച ഭക്ഷ്യമേള അറേബ്യന്‍ വിഭവങ്ങളുടെ സമൃദ്ധവൈവിധ്യങ്ങള്‍ അവതരിപ്പിക്കുന്നു. അേറബ്യന്‍ ഭക്ഷണമെന്നാല്‍ ഷവര്‍മയും കുബ്ബൂസും മാത്രമെന്നു ധരിച്ചവരുടെ കണ്ണുതള്ളിക്കുന്ന രീതിയില്‍ പൗരാണിക അറബ്‌ പാചകകലയുടെ വിശേഷവൈചിത്രങ്ങള്‍ മുഴുവന്‍ ഭക്ഷ്യമേളയില്‍ വിളമ്പുന്നുണ്ട്‌.മരുഭൂമിയിലൂടെ ആഴ്‌ചകള്‍ നീളുന്ന വ്യാപാരസംഘങ്ങളുടെ യാത്രകളിലുടെയാണ്‌ പാരമ്പര്യ അറബ്‌ ഭക്ഷണശൈലി രൂപംകൊള്ളുന്നത്‌. ഇറാഖ്‌ മുതല്‍ മൊേറാേക്കാ വരെയുള്ള ദേശങ്ങളിലെ വിവിധങ്ങളായ ഭക്ഷ്യോത്‌പന്നങ്ങള്‍ അറബികള്‍ നേഞ്ചേറ്റുവാങ്ങി. തുര്‍ക്കി, ഈജിപ്‌റ്റ്‌, ലബനന്‍.... ഇവയെല്ലാം കൂടി ചേരുമ്പോഴാണ്‌ അറബ്‌ശൈലി പൂര്‍ണത നേടുന്നത്‌. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ അറബ്‌ രുചികള്‍ ഭക്ഷ്യേമളയില്‍ അവതരിപ്പിക്കുകയെന്നത്‌ അതീവശ്രമകരം തന്നെ. അതിനായി വ്യാപകമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി താജ്‌ റെസിഡന്‍സി സെയില്‍സ്‌ മാനേജര്‍ ജാനകി ഗോപാലും എഫ്‌ ആന്‍ഡ്‌ ബി മാനേജര്‍ രാജീവ്‌ ചന്ദ്രനും പറഞ്ഞു. പാചകത്തിനായി സൗദി അറേബ്യയിലെ പ്രമുഖഷെഫും മലയാളിയുമായ യൂസഫ്‌ അലിയെ കൊണ്ടുവന്നു. കോഴിക്കോട്‌ തിരുവമ്പാടി സ്വേദശിയായ യൂസഫ്‌ അറബിക്‌ വിഭവങ്ങളുടെ സ്‌പ്യെഷലിസ്‌റ്റായാണ്‌ അറിയപ്പെടുന്നത്‌. ഭക്ഷ്യവിഭവങ്ങളും മസാലക്കൂട്ടുകളും ഗള്‍ഫില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇവിടുത്തെ അറേബ്യന്‍ റസ്‌റ്റോറന്റില്‍ ലഭിക്കുന്ന വിഭവങ്ങളില്‍ പലതും അറബികളുടേതല്ലെന്ന്‌ താജ്‌ എക്‌സിക്യുട്ടീവ്‌ ഷെഫ്‌ പി.കെ. തോമസ്‌ പറഞ്ഞു. ബ്രോസ്‌റ്റഡ്‌ ചിക്കന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിലാണ്‌ േബ്രാസ്‌റ്റഡ്‌ രീതിയുടെ ഉത്ഭവം. രുചി കൂട്ടാന്‍ അജിനോേമാട്ടോ തുടങ്ങിയ കൃത്രിമവസ്‌തുക്കള്‍ ഉപയോഗിക്കുന്നതിനും അറബികള്‍ എതിരാണ്‌. നിറത്തിനു കുങ്കുമപ്പൂവും പാചകത്തിന്‌ ഒലിവ്‌ എണ്ണയും മാത്രമേ അവര്‍ ഉപയോഗിക്കാറുള്ളൂ. അതേ രീതി തന്നെയാണ്‌ ഭക്ഷ്യമേളയിലും തുടരുന്നതെന്ന്‌ തോമസ്‌ പറഞ്ഞു.സാലഡുകളാണ്‌ അറബി തീന്‍മേശയിലെ പ്രധാന ഇനം. വഴുതിനങ്ങയും വെളുത്തുള്ളിയും തൈരും ചേര്‍ത്തുണ്ടാക്കുന്ന മുത്തബല്‍ സാലഡ്‌, പാര്‍സലിന്‍ എന്ന അറബ്‌ പച്ചക്കറിയും തക്കാളിയും ഗോതമ്പ്‌ ധാന്യവും ചേര്‍ത്ത തബൂല, ഫത്തോഷ്‌, ഹുമൂസ്‌ എന്നീ സാലഡുകള്‍ ഭക്ഷ്യമേളയില്‍ ഒരുക്കിയിട്ടുണ്ട്‌. അതിനൊപ്പം കഫ്‌സ ദജാജ്‌, സമക്ക്‌ മക്ക്‌ലി, ദാവൂദ്‌ ബാഷ, ഫത്താഹ്‌ ദാനി എന്നിവ കൂടിയാകുമ്പോള്‍ വയര്‍ നിറയും. നമ്മുടെ ബിരിയാണിയോടു സാമ്യമുള്ള വിഭവമാണ്‌ കഫ്‌സ റൈസ്‌. നെയ്യും വനസ്‌പതിയും കുറവായതിനാല്‍ ബിരിയാണിയേക്കാള്‍ രുചികരം. അമൂര്‍ എന്ന അറബി മത്സ്യമുപയോഗിച്ചുണ്ടാക്കുന്ന സമക്ക്‌ മക്കലിയും ഏറെ ആസ്വാദ്യകരം തന്നെ. രാവും പകലും ഉഷ്‌ണമേഖലയില്‍ കഴിയുന്നതുകൊണ്ടാകാം അറബികള്‍ക്ക്‌ തണുത്ത വിഭവങ്ങളോട്‌ അത്ര താത്‌പര്യം പോരാ. ആവി പറക്കുന്ന ഭക്ഷണത്തിനു ശേഷം കഴിക്കുന്ന മേമ്പൊടി മധുരത്തിനും അല്‌പം ചൂടുവേണമെന്ന്‌ ഇവര്‍ക്ക്‌ നിര്‍ബന്ധം. ഐസ്‌ക്രീമിനും പുഡ്ഡിംഗിനും പകരമായി ബസ്‌ബൂസ, കൊനാഫ, ബറ്റ്‌ലവ എന്നീ ഡെസേര്‍ട്ടുകളും ഭക്ഷ്യമേളയില്‍ ലഭിക്കും. എല്ലാം ചൂടുള്ളവ. എല്ലാറ്റിനു മീതെ ചൂടുസുലൈമാനി കുടി കഴിച്ചാലേ അറബിക്‌ സദ്യ പൂര്‍ണ്ണമാകൂ.വൈകീട്ട്‌ 7.30 മുതല്‍ 11.30 വരെയാണ്‌ താജില്‍ അറേബ്യന്‍ ഭക്ഷ്യമേളയൊരുക്കിയിട്ടുള്ളത്‌. ബുഫേ ശൈലിയില്‍ ഒരാള്‍ക്ക്‌ നാനൂറു രുപയാണ്‌ നിരക്ക്‌. ജൂലൈ ആറിന്‌ മേള സമാപിക്കും.

Friday, June 27, 2008


കൊടുങ്ങല്ലൂര്‍ രുചിക്കായി മാവൂര്‍ റോഡിലെത്താം
മഞ്ഞളും കുങ്കുമവും വാരിപ്പൂശി കാവുതീണ്ടിയെത്തുന്ന കോമരങ്ങളുടെ ഇഷ്ടരുചി മെനുകാര്‍ഡിലേക്ക്‌ പകര്‍ത്തുകയാണ്‌ മാവൂര്‍ റോഡിലെ ഹോട്ടല്‍ അസ്‌മ ടവര്‍. അസ്‌മ ടവറിലെ `കൊടുങ്ങല്ലൂര്‍ ചിക്കന്‍' കോഴിേക്കാടന്‍ മനസുകളില്‍ ഇടം നേടിയിട്ട്‌ ഏറെനാളായി. തനത്‌ കൊടുങ്ങല്ലൂര്‍ പാചകത്തിന്റെ ഈ അപൂര്‍വരുചിയറിയാന്‍ ഏറെപ്പേര്‍ അസ്‌മ ടവറിലെ മെസ്‌ബാന്‍ റസ്‌റ്റോറന്‍ിലെത്തുന്നുണ്ട്‌. മല്ലിയും മുളകും തേങ്ങാക്കൊത്തും മാത്രമുപയോഗിച്ചു പാകം ചെയ്‌തെടുക്കുന്നു എന്നതാണ്‌ കൊടുങ്ങല്ലൂര്‍ ചിക്കന്റെ പ്രത്യേകത. ഈ പാചകക്കുറിപ്പിനു നന്ദി പറയേണ്ടത്‌ സാക്ഷാല്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ കാവുതീണ്ടാനെത്തുന്ന കോമരങ്ങേളാടും. ഭരണിക്ക്‌ ക്ഷേത്രത്തിലെത്തുന്ന കോമരങ്ങള്‍ക്കായി കൊടുങ്ങല്ലൂരെ ബന്ധുവീട്ടുകാര്‍ തയ്യാറാക്കുന്ന കോഴിക്കറിയാണ്‌ അതേ ചേരുവകള്‍ ഉപയോഗിച്ച്‌ മെസ്‌ബാന്‍ റസ്‌റ്റോറന്റ്‌ പുന:സൃഷ്ടിച്ചത്‌. കണ്ണൂര്‍ സ്വദേശിയായ ഷിനോയ്‌ എന്ന ഷെഫ്‌ അവതരിപ്പിച്ച `കൊടുങ്ങല്ലൂര്‍ ചിക്കന്‍' വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ആരാധകരെ നേടി. അജിനോമോട്ടോ തുടങ്ങിയ കൃത്രിമ ചേരുവകളോ നിറങ്ങളോ ചേര്‍ക്കാത്ത കൊടുങ്ങല്ലൂര്‍ ചിക്കന്‌ തൊണ്ണൂറു രൂപയേ വിലയുള്ളൂ.`നാടന്‍ അടുക്കള' ഭക്ഷ്യമേളയുടെ ഭാഗമായാണ്‌ കൊടുങ്ങല്ലൂര്‍ ചിക്കന്‍ കൊണ്ടുവന്നതെന്ന്‌ അസ്‌മടവര്‍ ജനറല്‍ മാനേജര്‍ വി. വേണുഗോപാല്‍ പറഞ്ഞു. പതിവുവിഭവങ്ങള്‍ക്കു പകരം അപൂര്‍വ്വമായ നാട്ടുരുചികള്‍ നഗരത്തിനു പരിചയപ്പെടുത്തുന്ന പരിപാടിയാണ്‌ നാടന്‍ അടുക്കള. പുഴമീനുകളായ മാലാന്‍, ഏരി, എന്നിവയ്‌ക്കൊപ്പം കരിമീന്‍ പൊള്ളിച്ചത്‌, മാന്ത വറുത്തത്‌, ബീഫ്‌ ഉലര്‍ത്തിയത്‌ എന്നിവയും നാടന്‍ അടുക്കളയില്‍ ലഭിക്കും. തെക്കന്‍ തിരുവിതാംകൂറിലെ സിറിയന്‍ പാചകശൈലിയനുസരിച്ചുള്ള ഇത്തരം വിഭവങ്ങള്‍ അന്വേഷിച്ച്‌ ധാരാളം പേരെത്തുന്നു. ഉച്ചയ്‌ക്ക്‌ മീന്‍വിഭവങ്ങള്‍ വേണമെന്ന്‌ നിര്‍ബന്ധമുള്ള കോഴിക്കോട്ടുകാര്‍ക്ക്‌ നേരമിരുട്ടിയാല്‍ കോഴിയില്ലാതെ പറ്റില്ലെന്നു വേണുേഗാപാല്‍ പറയുന്നു. അത്താഴത്തിനു റസ്‌റ്റോറന്റിലെത്തുന്ന കുടുംബങ്ങള്‍ ഏറെയും ആവശ്യപ്പെടുക ചിക്കന്‍ വിഭവങ്ങളാകും. കഡായ്‌ ബിരിയാണി ്രേപമികളാണ്‌ രാത്രിസന്ദര്‍ശകരില്‍ മറ്റൊരുകൂട്ടര്‍. മഡ്‌ക്ക എന്നു പേരുള്ള പ്രത്യേക കുടുക്കയില്‍ പാചകം ചെയ്യുന്ന കഡായ്‌ ബിരിയാണി ഓര്‍ഡര്‍ ചെയ്‌ത്‌ 20 മിനിട്ടിനുശേഷമേ തീന്‍മമശയിലെത്തൂ. ഇത്രയും നേരം ക്ഷമയോടെ കാത്തിരിക്കാന്‍ ഭക്ഷണപ്രേമികള്‍ക്കും ഒട്ടും വിഷമമില്ല. ചിക്കന്‍ കഡായിക്കു തൊണ്ണൂറും ഫിഷിന്‌ നൂറും രൂപയുമാണ്‌ മെസ്‌ബാനിലെ നിരക്ക്‌.തീറ്റപ്രിയരെ തൃപ്‌തിപ്പെടുത്താന്‍ മറ്റൊരു റസ്‌റ്റോറന്റ്‌ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇേപ്പാള്‍ അസ്‌മ ടവര്‍. മെസ്‌ബാന്‍ എന്നുതന്നെ പേരിട്ടിരിക്കുന്ന പുതിയ റെസ്‌റ്റോറന്റ്‌ മിംസ്‌ ആശുപത്രിക്കു സമീപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും.

Monday, June 23, 2008

ole.....

കാലഴകിന്‌ പെഡിക്യൂര്‍
----------------------
മുഖവും മുടിയും മാത്രമല്ല കാല്‍വിരല്‍ത്തുമ്പ്‌ വരെ പെര്‍ഫെക്ടാകണമെന്ന്‌ നിര്‍ബന്ധബുദ്ധിയുള്ള ആണുങ്ങള്‍ക്ക്‌ അത്താണിയാകുകയാണ്‌ ഒലെ ബ്യൂട്ടി ക്ലിനിക്ക്‌. കാലുകള്‍ കുട്ടപ്പനാക്കുന്ന പെഡിക്യൂര്‍ ട്രീറ്റ്‌മെന്റിനായി മുതലക്കുളത്തെ മലബാര്‍പാലസ്‌ ബില്‍ഡിംഗിലുള്ള ഒലെയില്‍ നിരവധിപേരെത്തുന്നു. കാലഴകു വര്‍ധിപ്പിക്കുന്ന പെഡിക്യൂറും കൈകള്‍ മൊഞ്ചാക്കുന്ന മാനിക്യൂറും ഇതുവരെ സ്‌ത്രീകള്‍ മാത്രമായിരുന്നു ചെയ്‌തുേപാന്നിരുന്നത്‌. ഒരു പരീക്ഷണമെന്ന നിലയ്‌ക്കാണ്‌ ഒലെയിലെ ബ്യുട്ടീഷ്യന്‍മാര്‍ പുരുഷന്‍മാര്‍ക്ക്‌ ഇവ ചെയ്‌തുകൊടുത്തത്‌. ഇപ്പോള്‍ മുടിവെട്ടലിനും ഫേഷ്യലിനുമൊപ്പം പെഡിക്യൂര്‍ കൂടിചെയ്യുന്നവരാണ്‌ ഒലെയിലെ ഭൂരിഭാഗം കസ്‌റ്റമമേര്‍സും.പേരു കേള്‍ക്കുന്നതുപോലെ അത്ര കൂള്‍ ഇടപാടല്ല പെഡിക്യൂര്‍. ആദ്യം ചൂടുള്ള സോപ്പുവെള്ളത്തില്‍ കാലുകള്‍ നന്നായി കഴുകും. പിന്നീട്‌ സ്‌ക്രബര്‍ ഉപയോഗിച്ച്‌ കാലിലെ ചത്തതൊലി (ഡെഡ്‌ സ്‌കിന്‍ എന്നു ബ്യൂട്ടീഷ്യന്‍ ഭാഷ) ഉരച്ചുകളയും. എന്നിട്ടും പോകാത്തവ അതിസൂക്ഷ്‌മമായി ചീകിയെടുക്കും. നഖം കൂടി വെട്ടിയെടുത്ത്‌ മസാജ്‌ചെയ്‌തുകഴിയുമ്പോള്‍ വിറകുകൊള്ളി പോലെ ഉണങ്ങിച്ചുരുണ്ട കാലുകള്‍ പോലും ഇപ്പോള്‍ പിറന്നുവീണ കുഞ്ഞിന്റേതുപോലെ മിനുസമാകുമെന്നുറപ്പ്‌. ഇതേ രീതി കൈകളില്‍ പരീക്ഷിക്കുമ്പോള്‍ അത്‌ മാനിക്യൂറാകും. പതിവായുള്ള പുകവലി മൂലം കൈവിരലുകള്‍ക്കും നഖങ്ങള്‍ക്കുമുണ്ടാകുന്ന മഞ്ഞനിറം കളയാന്‍ മാനിക്യൂര്‍ നല്ലവഴിയാണ്‌. നഖത്തിന്റെ സ്വാഭാവികനിറത്തിലുള്ള നെയില്‍േപാളീഷ്‌ കൂടി ഉപയോഗിച്ചാല്‍ വിരലുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. വിവാഹത്തിനു മുമ്പ്‌ മാനിക്യൂറും പെഡിക്യൂറും ചെയ്യണമെന്ന്‌ വരന്‍മാര്‍ക്ക്‌ നിര്‍ബന്ധമാണെന്ന്‌ ഒലെ ബ്യൂട്ടി ക്ലിനിക്ക്‌ ഉടമ കെ. ജയന്‍ പറഞ്ഞു. കമ്പനി എക്‌സിക്യുട്ടീവുകളും ബിസിനസുകാരുമൊക്കെ പതിവായി ഇതു ചെയ്യുന്നു. 350 രൂപയാണ്‌ പെഡിക്യൂറിന്റെ നിരക്ക്‌. കഴിഞ്ഞ ഇരുപതുവര്‍ഷമായി കോഴിക്കോട്ട്‌ പ്രവര്‍ത്തിക്കുന്ന ഒലെ ബ്യൂട്ടി ക്ലിനിക്കിന്‌ ടാജ്‌ റെസിഡന്‍സി ഹോട്ടലിലും ശാഖയുണ്ട്‌. ഷെഹ്നാസ്‌ കമ്പനിയുടെ പ്രീമിയം പ്രൊഡക്ടായ ഡയമണ്ട്‌ ഫേഷ്യലാണ്‌ ഒലെയുടെ സ്‌പ്യെഷല്‍ ഐറ്റം. ക്രീമും മൊയിസ്‌ച്ചറൈസറുമുപയോഗിച്ചുള്ള മൂന്നുതരം മസാജും സ്‌ക്രബറുപയോഗിച്ചുള്ള വൃത്തിയാക്കലും ചേരുന്ന ഡയമണ്ട്‌ ഫേഷ്യല്‍ മലബാറില്‍ അവതരിപ്പിച്ചതും ഒലെ തന്നെ. 3200 രൂപയാണ്‌ ചാര്‍ജ്‌. മുഖത്തെ ചുളിവുകളെല്ലാം മാറ്റി പ്രായം കുറച്ചുതോന്നിക്കാന്‍ ഡയമണ്ട്‌ ഫേഷ്യല്‍ ബെസ്‌റ്റാണെന്ന്‌ ബ്യൂട്ടീഷ്യന്‍മാര്‍ പറയുന്നു. 350 രൂപ മുതല്‍ 1500 രൂപ വരെയുള്ള മറ്റു ഫേഷ്യലുകളും ഇവിടെ ചെയ്യുന്നു. ഹെയര്‍ കളറിങ്ങില്‍ പതിവുനിറങ്ങള്‍ക്കുപകരം ഹണി, ബ്‌ളോണ്ട്‌ എന്നീ കളറുകളന്വേഷിച്ച്‌ നിരവധി ചെത്തുപയ്യന്‍മാര്‍ ഒലെയിലെത്തുന്നുണ്ട്‌. അന്ന്യനില്‍ വിക്രമിന്റെ റെമോ കഥാപാത്രം തലയില്‍ പുരട്ടിയതോടെയാണ്‌ ഹണി പെട്ടെന്ന്‌ ഹിറ്റായത്‌. പടമിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഹണിക്ക്‌ ഇേപ്പാഴും ആവശ്യക്കാരേറെ.

Sunday, June 22, 2008

amma

`അമ്മ' തെളിച്ച വഴിയിലൂടെ
-----------------------
`അമ്മ' തെളിച്ച വഴിയിലൂടെ ചോറുവിളമ്പി നാട്ടുകാരുടെ വയറുനിറയ്‌ക്കുകയാണ്‌ മെസ്‌ഹൗസുകള്‍. 32 വര്‍ഷം മുമ്പ്‌ സരോജിനിയെന്ന വീട്ടമ്മയാണ്‌ നാടന്‍ ഊണ്‌ മാത്രം ലഭിക്കുന്ന ഭക്ഷണശാല കോഴിക്കോട്ട്‌ തുടങ്ങിയത്‌. ഇന്നിപ്പോള്‍ നഗരത്തിലും പരിസരങ്ങളിലുമായി നൂറിലധികം മെസ്‌ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മറ്റൊരു നഗരത്തിലും ഇത്രയധികം മെസ്‌ഹൗസുകള്‍ കാണാനാവില്ലെന്നു ഭക്ഷണപ്രിയര്‍ സാക്ഷ്യപ്പെടുത്തുന്നു. വറുത്തകായ പോലെ, കോഴിക്കോടന്‍ ഹല്‍വ പോലെ ഈ നഗരത്തിന്റെ രുചിയടയാളമായി മെസ്‌ഹൗസുകള്‍ മാറിക്കഴിഞ്ഞു. ഉച്ചഭക്ഷണം മാത്രം ലഭിക്കുന്ന കേന്ദ്രങ്ങളാണ്‌ മെസ്‌ഹൗസ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പുതിയറയിലെ ഓട്ടുകമ്പനിത്തൊഴിലാളികള്‍ക്കും ബസ്‌ ജീവനക്കാര്‍ക്കും വീട്ടില്‍ ഉൗണൊരുക്കിക്കൊണ്ട്‌ സരോജിനി ഈ രംഗത്തെത്തുന്നത്‌ 1976ലാണ്‌. ഹോട്ടലുകളിലെ ചെടിപ്പിക്കുന്ന പതിവുരുചിഭേദങ്ങള്‍ കൈയ്യൊഴിഞ്ഞ്‌ ആളുകള്‍ ധാരാളമായി ഇവിടെയെത്താന്‍ തുടങ്ങി. തിരക്കു കൂടിയപ്പോള്‍ അമ്മയെ സഹായിക്കാന്‍ സരോജിനിയുടെ നാലുമക്കളും ഒപ്പം കൂടി. അവര്‍ വിളിക്കുന്നതുകേട്ട്‌ ഭക്ഷണം കഴിക്കാനെത്തുന്നവരും സരോജിനിയെ അമ്മയെന്നു വിളിക്കാന്‍ തുടങ്ങി. ഇന്നിപ്പോള്‍ ദിവസവും അഞ്ഞൂറിലേറെ പേര്‍ക്ക്‌ ഭക്ഷണം വിളമ്പുന്ന വന്‍സംരംഭമാണ്‌ പുതിയറയിലെ `അമ്മ' മെസ്‌ഹൗസ്‌. `അമ്മ'യുടെ വിജയത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ നഗരത്തിന്റെ പലഭാഗങ്ങളിലും പിന്നീടു മെസ്‌ഹൗസുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പുതിയറയില്‍ തന്നെ അതേപേരില്‍ മറ്റൊരു മെസ്‌ഹൗസ്‌ തുടങ്ങി പി. ദിവാകരന്‍ എന്നയാളാണു മത്സരത്തിനു തുടക്കമിട്ടത്‌. പുതിയറ ടൈല്‍സ്‌ തൊഴിലാളിയായിരുന്ന ദിവാകരന്‍ കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന്‌ വീട്ടുമുറ്റത്ത്‌ ഉച്ചഭക്ഷണശാല തുടങ്ങുകയായിരുന്നു. ഭാര്യ ശ്യാമളയും ബന്ധുക്കളായ ചില സ്‌ത്രീകളുമാണ്‌ ഇവിടുത്തെ പ്രധാന പാചകക്കാര്‍.മുതലക്കുളം, എം.എം.അലി റോഡ്‌, പാളയം, മിനിബൈപ്പാസ്‌, മാവൂര്‍ റോഡ്‌, ജയില്‍റോഡ്‌ എന്നിവിടങ്ങളിലൊക്കെ മെസ്‌ഹൗസുകളുണ്ട്‌. വീടിനോടു ചേര്‍ത്തുകെട്ടിയ താത്‌ക്കാലികപന്തലിലാണ്‌ ഇവയൊക്കെ പ്രവര്‍ത്തിക്കുന്നത്‌. മിക്കയിടത്തും സ്‌ത്രീകള്‍ തന്നെയാണു പാചകക്കാരും വിളമ്പുകാരുമെല്ലാം. വീട്ടിലുണ്ടാക്കുന്ന അതേ സ്വാദിലും വൃത്തിയിലും ഊണു ലഭിക്കുന്നു എന്ന പ്രത്യേകത കൊണ്ടാകാം പലയിടങ്ങളിലും ഉച്ചസമയത്തു ക്യൂ നിന്നാലേ ഇരിപ്പിടം കിട്ടു. വര്‍ഷങ്ങളായി ഊണുകഴിക്കാനെത്തുന്ന നിരവധി പതിവുകാര്‍ ഓരോ മെസ്‌ഹൗസിനുമുണ്ട്‌. എത്ര തിരക്കായാലും സ്ഥിരം മെസ്‌ഹൗസിലെത്തി ഒരു പിടി ഊണു കഴിക്കണമെന്നു നിര്‍ബന്ധമുള്ളവരുമുണ്ട്‌. ഉച്ച പന്ത്രണ്ടുമണിയോടെ പ്രവര്‍ത്തനമാരംഭിക്കുന്ന മെസ്‌ഹൗസുകള്‍ വൈകിട്ടു നാലുമണിയോടെ അടച്ചുപൂട്ടും.ഊണിനൊപ്പം വിളമ്പുന്ന മത്സ്യം പൊരിച്ചതിന്റെ സ്വാദാണ്‌ മെസ്‌ഹൗസുകളുടെ പ്രധാന ആകര്‍ഷണം. ഹോട്ടലുകളില്‍ മത്സ്യം ആദ്യമേ വറുത്തുവയ്‌ക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക്‌ ചൂടോടെ തയ്യാറാക്കിനല്‍കുകയാണ്‌ മെസ്‌ഹൗസുകള്‍ ചെയ്യുന്നത്‌. പുതിയറയിലെ അമ്മ മെസ്‌ഹൗസില്‍ മത്സ്യം പൊരിച്ചതുമാത്രം പാര്‍സലായി വാങ്ങാന്‍ വരുന്ന നിരവധിപേരുണ്ട്‌. നഗരത്തിലെത്തുന്ന വി.ഐ.പികളില്‍ പലരും ഒരിക്കലെങ്കിലും ഇതിന്റെ രുചിയറിഞ്ഞവരാകും. കണ്ണില്‍ വെള്ളംനിറയുന്ന എരിവു വകവയ്‌ക്കാതെ രണ്ടും മൂന്നും മീന്‍കഷ്‌ണങ്ങള്‍ തട്ടുന്ന തീറ്റക്കൊതിയന്‍മാരെയും അമ്മ മെസ്‌ഹൗസിലെത്തിയാല്‍ കാണാനാകും. ഒരു കഷ്‌ണം അയക്കൂറ പൊരിച്ചതിനു 17 രൂപ ഈടാക്കുന്നു. കിലോയ്‌ക്ക്‌ 300 രൂപയുള്ള അയക്കൂറ ഈ വിലയ്‌ക്ക്‌ വിറ്റില്ലെങ്കില്‍ മുതലാകില്ലെന്നാണ്‌ സരോജിനിയുടെ നിലപാട്‌. രണ്ടു കറികളും ഉേപ്പരിയും അച്ചാറും പപ്പടവുമുള്‍പ്പെടെയുള്ള ഊണിനു 14 രൂപയാണ്‌ വില.നിത്യോപയോഗസാധനങ്ങളുടെ വന്‍വിലവര്‍ധന പല മെസ്‌ഹൗസുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്‌്‌. ``അരിക്കും മീനിനും പച്ചക്കറിക്കുമൊക്കെ വില ഇരട്ടിയായി. ഇവിടെ വരുന്നവരെ ഓര്‍ത്ത്‌ ഊണിനു വില കൂട്ടിയിട്ടില്ല. പോകുന്നിടത്തോളം ഇങ്ങനെ പോകട്ടെ എന്നാണു തീരുമാനം''- മുതലക്കുളത്തെ `സ്‌നേഹം മെസ്‌ഹൗസ്‌' ഉടമ ജാനേഷ്‌ കുമാര്‍ പറയുന്നു. ഈ സ്‌നേഹം തന്നെയാണ്‌ ആളുകളെ മെസ്‌ഹൗസുകളിലെത്തിക്കുന്നതും.

Tuesday, June 17, 2008

മിനുക്ക്‌
അണിഞ്ഞൊരുങ്ങലും മുഖംമിനുക്കലും സ്‌ത്രീകളുടെ മാത്രം കാര്യമല്ലെന്ന്‌ തെളിയിക്കുകയാണ്‌ നഗരത്തിലെ ജെന്റ്‌സ്‌ ബ്യൂട്ടിപാര്‍ലറുകള്‍. ടൗണിനുള്ളില്‍ മാത്രം അറുപതോളം പുരുഷ ബ്യൂട്ടിപാര്‍ലറുകളുെണ്ടന്നറിയുമ്പോഴേ ഈ രംഗത്തുനടക്കുന്ന നിശബ്ദവിപ്ലവം മനസിലാകൂ. വനിതാബ്യൂട്ടിപാര്‍ലറുകളുടെ എണ്ണം ഇതിന്റെ നേര്‍പകുതിയാണെന്നുമറിയുക.കള്ളുഷാപ്പില്‍ കയറുന്നതുപോലെ പുരുഷകേസരികള്‍ തലവഴിമുണ്ടിട്ട്‌ ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയ കാലമെക്കെ എന്നേ കഴിഞ്ഞു. മുടിവെട്ടുന്നതിനൊപ്പം എല്ലാമാസവും ബ്യൂട്ടിപാര്‍ലറിലെത്തി ഫേഷ്യലും ഹെയര്‍കളറിങ്ങും നടത്തുന്നവരാേണറെ. വിവാഹം, പെരുന്നാള്‍ തുടങ്ങിയ ആഘോഷ അവസരങ്ങളില്‍ മാത്രം പാര്‍ലറുകളിലെത്തുന്നവരുമും ധാരാളം. കഴിഞ്ഞ ചെറിയപെരുന്നാള്‍ രാവില്‍ തിരക്കു കാരണം ടൗണിലെ ചില ജെന്റ്‌സ്‌ ബ്യൂട്ടിപാര്‍ലറുകള്‍ പുലര്‍ച്ചെയാണ്‌ അടച്ചത്‌. ഫേഷ്യലില്‍ തന്നെ ഹെര്‍ബല്‍,ഫ്രൂട്ട്‌സ്‌,ഗോള്‍ഡന്‍,ഷെഹ്നാസ്‌ എന്നീ വകഭേദങ്ങളുണ്ട്‌. ലോറിയല്‍, ഷെഹ്നാസ്‌ തുടങ്ങി നിരവധി കമ്പനികളുടെ ഫേഷ്യല്‍കിറ്റുകള്‍ വിപണിയില്‍ ലഭിക്കും. ഇവ വാങ്ങിയാണ്‌ പാര്‍ലറുകള്‍ ഉപയോഗിക്കുന്നത്‌. പ്രമുഖകമ്പനികളെല്ലാംകൂടി ഒരുമാസം പത്തുലക്ഷം രൂപയുടെ േഫഷ്യല്‍കിറ്റുകള്‍ േകാഴിക്കോട്ട്‌ വിറ്റഴിക്കുന്നുവെന്നു കണക്കുകള്‍. ഫ്രൂട്ട്‌സ്‌ ഫേഷ്യലിന്‌ 600 മുതല്‍ 1500 രൂപവരെയാണ്‌ വിവിധ ബ്യൂട്ടിപാര്‍ലറുകളിലെ നിരക്ക്‌. ഗോള്‍ഡന്‍ ഫേഷ്യലാണെങ്കില്‍ നിരക്ക്‌ 1500 രൂപ മുതല്‍ 3000 വരെയാകും. മുഖത്ത്‌ ഫേസ്‌പാക്കുമിട്ട്‌ രണ്ടുമണിക്കൂര്‍ നേരം അനുസരണയുള്ള കുട്ടികളായി അടങ്ങിയിരിക്കുന്ന നിരവധി കൊമ്പന്‍മീശക്കാരെ ബ്യൂട്ടിപാര്‍ലറുകളില്‍ ചെന്നാല്‍ കാണാം. അടുത്ത കസേരയിലിരിക്കുന്നയാള്‍ക്കു പോലും തിരിച്ചറിയാനാവില്ലെന്നതാണ്‌ ഫേസ്‌പാക്കിന്റെ ഗുണം. എല്ലാതരക്കാരും മുഖം മോടികൂട്ടാന്‍ എത്താറുണ്ടെന്ന്‌ ബാലൂസ്‌ ജെന്റ്‌സ്‌ ബ്യൂട്ടിപാര്‍ലര്‍ ഉടമ ജയകുമാര്‍ പറഞ്ഞു. നഗരത്തിലെ ആദ്യ പുരുഷസൗന്ദര്യകേന്ദ്രമായ ബാലൂസിന്‌ മാവൂര്‍ റോഡ്‌, വ്യാപാരഭവന്‍, ഇംഗ്‌ളീഷ്‌പള്ളി, ലിങ്ക്‌ റോഡ്‌ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്‌. `മറ്റുനഗരങ്ങളില്‍ കോളേജ്‌വിദ്യാര്‍ത്ഥികളും കമ്പനി എക്‌സിക്യുട്ടീവ്‌സുമാണ്‌ ബ്യുട്ടിപാര്‍ലറുകളില്‍ കാര്യമായി എത്തുന്നത്‌. ഇവിടെ അങ്ങനെയൊന്നുമില്ല. വിവിധ പ്രായത്തിലുള്ള എല്ലാവിഭാഗക്കാരും വരുന്നുണ്ട്‌. അവരില്‍ മീന്‍കച്ചവടക്കാരും കോളേജ്‌ അധ്യാപകരും അമ്പതു വയസു പിന്നിട്ട ബിസിനസുകാരുമെല്ലാം പെടും.'- ജയകുമാര്‍ പറഞ്ഞു. ഫേഷ്യല്‍ കഴിഞ്ഞാല്‍ പിന്നെ തിരക്ക്‌ മുടിക്ക്‌ വിവിധ വര്‍ണ്ണംനല്‍കുന്ന `ഹെയര്‍ കളറിങ്‌' എന്ന കലാപരിപാടിക്കാണ്‌. വെറുതെ കറുപ്പുനിറം വാരിപൂശാതെ വിവിധ നിറങ്ങളുടെ ലൈറ്റ്‌ ഷേഡുകള്‍ തേച്ചുപിടിപ്പിക്കുന്നതിനെയാണ്‌ ഹെയര്‍ കളറിങ്ങ്‌ എന്നു പറയുന്നത്‌. ഏഴുരൂപയുടെ ഗോദ്‌റെജ്‌ ഡൈ സാഷേ വാങ്ങി ഭാര്യമാരെക്കൊണ്ട്‌ മുടിയില്‍ തേച്ചുപിടിപ്പിച്ചിരുന്ന അപ്പൂപ്പന്‍മാര്‍ പോലും ഇപ്പോള്‍ ഹെയര്‍ കളറിങ്ങിനു ബ്യൂട്ടിപാര്‍ലറുകളിലെത്തുന്നു. ബര്‍ഗണ്ടി, മഹാഗണി എന്നീ ഷേഡുകള്‍ക്കാണ്‌ ഏറെ പ്രിയം. വെളിച്ചം പ്രതിഫലിക്കുമ്പോള്‍ നേരിയ ചുവപ്പുരാശി പടര്‍ത്തുന്ന ബര്‍ഗണ്ടി അധികമായാല്‍ തലയാകെ ചുവന്നുപോകും. ചില കൂട്ടര്‍ അങ്ങനെയാക്കാനും ആവശ്യപ്പെടാറുണ്ടെന്ന്‌ പാര്‍ലര്‍ ജീവനക്കാര്‍ പറയുന്നു. കൃത്യം ഒരുമാസം കഴിഞ്ഞു വീണ്ടും ചെയ്‌തില്ലെങ്കില്‍ നരച്ചമുടി കളറിനുള്ളിലൂടെ എത്തിനോക്കും. ആ അപകടമൊഴിവാക്കാന്‍ ഇരുപത്തഞ്ചാം ദിവസം തന്നെ പാര്‍ലറുകളിലെത്തുന്നവരാണ്‌ തലനരച്ചവരിലേറെയും.

Monday, June 16, 2008

മീന്‍കാക്കാന്‍ അഷറഫിന്‌ കൂട്ട്‌ പൂച്ചപ്പോലീസ്‌
കോഴിക്കോട്‌: കള്ളന്റെ കൈയ്യില്‍ താക്കോലേല്‍പ്പിക്കരുെതന്ന്‌ ആരെങ്കിലുമുപദേശിച്ചാല്‍ അഷറഫ്‌ ഒന്നു ചിരിക്കും, പിന്നെ മറുപടി പറയും- ``കഴിഞ്ഞ എട്ടുവര്‍ഷമായി ഈ കള്ളന്‍ കൂടെയുണ്ട്‌ ഭായി, ഇതുവരെ കട്ടിട്ടില്ല. ഇനിയൊട്ടു കക്കുകയുമില്ല.'' കള്ളനെന്ന ദുഷ്‌പ്പേരുള്ള അഷറഫിന്റെ `സുഹൃത്ത്‌ ' മീശ വിറപ്പിച്ചുകൊണ്ട്‌ `മ്യാവൂ' ശബ്ദത്തില്‍ ആ നിലപാടിനു പിന്തുണ നല്‍കും.പിടയ്‌ക്കുന്ന പച്ചമീന്‍ കണ്ടാല്‍ കണ്‍േട്രാള്‍ പോകാത്ത പൂച്ചകളില്ലെന്ന്‌ കേരളത്തിലെ മീന്‍കച്ചവടക്കാര്‍ മുഴുവന്‍ വാദിച്ചാലും അഷറഫ്‌ അതു സമ്മതിച്ചു തരില്ല. കണ്ണഞ്ചേരി ഗണപതിക്ഷേത്ര ജംഗ്‌ഷനില്‍ മത്സ്യം വില്‍ക്കുന്ന അഷറഫിന്റെ സന്തതസഹചാരിയും സഹായിയും ഒരു പൂച്ചയാണ്‌. രാവിലെ കച്ചവടം തുടങ്ങുന്ന സമയത്തു തന്നെ ആള്‍ ഹാജരാകും. മുമ്പിലെ തട്ടില്‍ വിശ്രമിക്കുന്ന നാനാതരം മത്സ്യങ്ങളുടെ പ്രലോഭനം അവഗണിച്ച്‌ അഷറഫിനൊപ്പം ചേര്‍ന്നിരിക്കാനാണ്‌ പൂച്ചക്കിഷ്ടം. ഇടയ്‌ക്ക്‌ അഷ്‌റഫ്‌ ചായ കുടിക്കാന്‍ പോകുമ്പോള്‍ മത്സ്യത്തട്ടിനു കാവലിരിക്കുന്നതും പൂച്ച തന്നെ. മറ്റു പൂച്ചകളെ ഒരു മൈല്‍ പ്രദേശത്തേക്കടുപ്പിക്കില്ല. നിരന്തരഏറ്റുമുട്ടലുകളുടെ തെളിവായി ദേഹം മുഴുവന്‍ പരുക്കിന്റെ പാടുകള്‍ കാണാം. ഇതത്രയും കേട്ട്‌ പൂച്ചയ്‌ക്ക്‌ മത്സ്യം അലര്‍ജിയാണെന്നു കരുതാന്‍ വരട്ടെ. കച്ചവടത്തിനിടയ്‌ക്ക്‌ അഷറഫ്‌ സ്‌നേഹപൂര്‍വം നല്‍കുന്ന മീന്‍ തിന്നാന്‍ പൂച്ചയ്‌ക്ക്‌ സന്തോഷം മാത്രം. അതിനും ചില ചിട്ടവട്ടങ്ങളുണ്ട്‌. വെറുതെ എറിഞ്ഞുകൊടുത്താല്‍ എന്റെ പട്ടി കഴിക്കും എന്ന ഭാവത്തില്‍ പൂച്ച തിരിഞ്ഞുനടക്കും. നിലത്ത്‌ ഒരു കടലാസു വിരിച്ച്‌ ഉപചാരപൂര്‍വ്വം വിളമ്പിയാല്‍ മാത്രമേ മീന്‍ കൈ കൊണ്ടു തൊടുകയുള്ളൂ.നടുവട്ടം സ്വദേശിയായ അഷറഫ്‌ ഏറെക്കാലമായി കണ്ണഞ്ചേരി ജംഗ്‌ഷനില്‍ മത്സ്യവില്‍പ്പന തുടങ്ങിയിട്ട്‌. എട്ടു വര്‍ഷം മുമ്പാണ്‌ ഈ പൂച്ചയുമായി ചങ്ങാത്തം കൂടുന്നത്‌. അന്നുതൊട്ടിന്നുവരെ കക്ഷി കൂടെയുണ്ട്‌. മണ്ഡലമാസകാലത്ത്‌ ക്ഷേത്രപരിസരത്തുള്ള മത്സ്യവില്‍പ്പന നിര്‍ത്തിവെക്കുമ്പോള്‍ പോലും ഈ സൗഹൃദം മുറിയാറില്ല. മറ്റിടങ്ങളിലെ കച്ചവടത്തിനുശേഷം പൂച്ചയ്‌ക്ക്‌ മീന്‍ നല്‍കാന്‍ വേണ്ടിമാത്രം അഷ്‌റഫ്‌ അപ്പോള്‍ കണ്ണഞ്ചേരിയിലെത്തും.കാലമേറെയായെങ്കിലും പൂച്ചയ്‌ക്കൊരു പേരു നല്‍കാന്‍ കച്ചവടത്തിരക്കിനിടയില്‍ അഷറഫിനു സമയം കിട്ടിയിട്ടില്ല. വ്യത്യസ്‌തനാമൊരു പൂച്ചയായ ഇവന്‌ എന്തിനാണൊരു പേര്‌ എന്നാണ്‌ അഷറഫിന്റെ ചോദ്യം.

Wednesday, June 11, 2008

Enjoy Food at calicut

പുതുരുചിയുടെ താലിതീര്‍ത്ത്‌ സംസം
------------------------------------
കഴിച്ചുമടുത്ത കോഴിക്കോടന്‍ വിഭവങ്ങളില്‍ നിന്നൊരു വിടുതല്‍ തേടുന്നവര്‍ക്കായി താലിയുമൊരുക്കി കാത്തിരിക്കുകയാണ്‌ സംസം റസ്‌റ്റോറന്റ്‌. റെഡ്‌ ക്രോസ്‌ റോഡില്‍ ടാഗോര്‍ സെന്റ്‌ിനറി ഹാളിന്‌ എതിര്‍വശത്തുള്ള സംസമിലെ `താലി മീല്‍സ്‌' കഴിക്കാന്‍ ഉച്ചയ്‌ക്ക്‌ എന്നുമൊരു കല്യാണത്തിനുള്ള ആളുണ്ടാകും. ഉത്തരേന്ത്യന്‍ ഭക്ഷണസമ്പ്രദായമായ താലിയിലെ വിഭവങ്ങള്‍ പരിഷ്‌ക്കരിച്ച്‌ സംസം അവതരിപ്പിച്ച `താലി മീല്‍സ്‌' നഗരത്തിന്റെ തീന്‍മേശയില്‍ പുതുട്രെന്‍ഡായിക്കഴിഞ്ഞു.വലിയ താലത്തില്‍ ചപ്പാത്തിയും ചോറും അതിനൊപ്പം ചെറിയ അളുക്കുകളില്‍ വ്യത്യസ്‌തമായ കറികളും വിളമ്പുന്ന രീതിക്കാണ്‌ താലി എന്നു പറയുക. സസ്യാഹാരവിഭവങ്ങള്‍ മാത്രമുപയോഗിക്കുന്ന തനതുരീതിയില്‍ നിന്നുമാറി ചിക്കനും ഫ്രൈഡ്‌റൈസുമൊക്കെ ഉള്‍പ്പെടുത്തിയ സംസം സ്‌റ്റൈല്‍ പെട്ടെന്നു ശ്രദ്ധ നേടി. സൂപ്പ്‌, നൂഡില്‍സ്‌, ഫ്രൈഡ്‌റൈസ്‌, ചപ്പാത്തി, ചിക്കന്‍, ദാല്‍ഫ്രൈ, ഫ്രൂട്ട്‌സലാഡ്‌, കര്‍ഡ്‌ സലാഡ്‌ എന്നിവയുള്‍പ്പെടുന്ന നോണ്‍-വെജ്‌ താലിക്ക്‌ 50 രൂപയേയുള്ളൂ. ഒരു ബിരിയാണിയുടെ കാശു പോലുമാകുന്നില്ലെന്നര്‍ത്ഥം. ചില്ലി ചിക്കന്‍, ചിക്കന്‍ മഞ്ചൂരി എന്നിങ്ങനെയായി വിഭവങ്ങള്‍ ഓേരാദിവസവും മാറുകയും ചെയ്യും. പച്ചക്കറിവാദികള്‍ക്ക്‌ ചിക്കനുപകരം ഗോപിമഞ്ചൂരിയനും പനീര്‍ബട്ടര്‍മസാലയുമുള്ള വെജ്‌ താലിക്ക്‌ 40 കൊടുത്താല്‍ മതി.ഉച്ചയ്‌ക്ക്‌ താലിമീല്‍സ്‌ കഴിക്കാനെത്തുന്നവരുടെ നല്ല തിരക്കാണെന്ന്‌ റസ്‌റ്റോറന്റ്‌ ജനറല്‍മാനേജര്‍ ആമിര്‍ പറഞ്ഞു. കോളേജ്‌ വിദ്യാര്‍ത്ഥികളും കമ്പനി എക്‌സിക്യുട്ടീവ്‌സുമടങ്ങുന്ന യുവതലമുറയാണ്‌ താലിയുടെ ആരാധകര്‍. ``മെട്രോനഗരങ്ങളുമായി ബന്ധമുള്ളതുകൊണ്ട്‌ പല ചെറുപ്പക്കാരും താലി സ്‌റ്റൈല്‍ കഴിച്ചിട്ടുണ്ടാകും. കോഴിക്കോട്ടുകാര്‍ക്ക്‌ ഏറെ പ്രിയമായ നോണ്‍വെജ്‌ വിഭവങ്ങളും കൂടി ഉള്‍പ്പെടുത്തിയതോടെ ഇതു പെട്ടെന്ന്‌ ഹിറ്റായി''- ആമിര്‍ പറയുന്നു.രാവിലെ 12 മുതല്‍ രാത്രി 11 വരെയാണ്‌ റസ്‌റ്റോറന്റ്‌ പ്രവര്‍ത്തിക്കുക. വൈകീട്ട്‌ ഷവായ, ്രേബാസ്‌റ്റഡ്‌ ചിക്കന്‍, ഷവര്‍മ തുടങ്ങിയ അറബിക്‌ വിഭവങ്ങളും സംസം വിളമ്പുന്നു. മട്ടണും അറബിക്‌ റൈസും ചേര്‍ത്ത്‌ പാകംചെയ്യുന്ന മട്ടണ്‍മന്തി എന്ന തനതുപേര്‍ഷ്യന്‍ വിഭവവും ഇവിടെ ലഭിക്കും. ഒപ്പം നാടന്‍കോഴിബിരിയാണിയും തണ്ടൂരി, ചൈനീസ്‌ ഡിഷുകളും. കുട്ടികളെ സംസമിലേക്കാകര്‍ഷിക്കുന്നത്‌ ഇവിടുത്തെ ഐസ്‌മില്‍ക്ക്‌ സ്‌പെഷ്യാലിറ്റികളാണ്‌. ബ്രാന്‍ഡഡ്‌ ഐസ്‌ക്രീമുകള്‍ക്കു പകരം സ്വന്തമായി നിര്‍മ്മിക്കുന്ന ഐസ്‌ക്രീമുപയോഗിച്ചുണ്ടാക്കുന്ന ഐസ്‌മില്‍ക്ക്‌ സ്‌പെഷ്യാലിറ്റികള്‍ക്കും ആരാധകരേറെ.വൈകുന്നേരങ്ങളില്‍ കുടുംബവുമായി ഭക്ഷണംകഴിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന്‌ റസ്‌റ്റോറന്റ്‌ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ മാനേജര്‍ സുരേഷ്‌ പറഞ്ഞു. മഹാനഗരങ്ങളിലേതുപോലെ കോഴിേക്കാട്ടും `ഡൈനിങ്‌ ഔട്ട്‌' എന്ന സമ്പ്രദായം വേരുറപ്പിക്കുകയാണ്‌. മറ്റിടങ്ങളിലേക്കാള്‍ വിഭവങ്ങള്‍ പെട്ടെന്നുകിട്ടണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ കോഴിക്കോട്ടുകാര്‍. ഓര്‍ഡര്‍ ചെയ്‌ത്‌ അടുത്തമിനുട്ടില്‍ വിഭവങ്ങള്‍ മേശയില്‍ നിരക്കണമെന്നാണ്‌ അവരുടെ ആഗ്രഹം. ഇതുകണ്ടറിഞ്ഞ്‌ സര്‍വീസ്‌ വേഗത്തിലാക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്‌്‌.കാസര്‍കോട്‌ സ്വദേശി അബ്ദുള്ള മന്നംകുഴിയിലാണ്‌ സംസം ഉടമ. തിരുവനന്തപുരം എം.എല്‍.എ. ക്വാര്‍ട്ടേര്‍സിനുമുന്നില്‍ മുപ്പതുവര്‍ഷമായി സംസം റസ്‌റ്റാറന്റ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടുതല്‍ ശാഖകള്‍ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ സംസം കോഴിക്കോട്ടെത്തിയത്‌. റസ്‌റ്റോറന്റിലെ ഫോണ്‍: 6573550