Tuesday, January 31, 2012

ലാലാമുര്‍ഗ് കബാബ്‌






മസാലക്കൂട്ടുകളുമായി ചേര്‍ത്തരച്ച മാംസം ഇരുമ്പുകമ്പികളില്‍ പിടിപ്പിച്ച് തീയില്‍ വേവിച്ചെടുക്കുന്ന വിഭവമാണ് കബാബ്. കബാബുകളുടെ ഉത്ഭവത്തെക്കുറിച്ചറിയണമെങ്കില്‍ പുരാതനകാലത്തെ പേര്‍ഷ്യ വരെ പോകണം. അറേബ്യയിലും തുര്‍ക്കിയിലും മലേഷ്യയിലും അഫ്ഗാനിസ്താനിലുമൊക്കെ പുരാതനകാലം തൊട്ടേ കബാബുകള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ഡല്‍ഹി ഭരിച്ച സുല്‍ത്താന്‍ കുത്തബുദ്ദീന്‍ ഐബക്കിന്റെ കാലത്താണ് ഈ വിശിഷ്ട വിഭവം ഇന്ത്യയിലെത്തിയത്. വിവിധ രാജവംശങ്ങളുടെയും നാട്ടുരാജാക്കന്‍മാരുടെയും തണലില്‍ കബാബ് സംസ്‌കാരം രാജ്യമെങ്ങും വ്യാപിപ്പിച്ചു. ഡല്‍ഹി, ലഖ്‌നൗ, ഹൈദരാബാദ് നഗരങ്ങളാണ് കബാബ് പെരുമയിലെ മുമ്പന്‍മാര്‍. ഇന്നിപ്പോള്‍ വ്യത്യസ്ത രുചിയിലും ചേരുവകളിലുമായുള്ള നൂറിലേറെ കബാബുകള്‍ ഇന്ത്യയിലുണ്ട്. കബാബുകളുടെ വേറിട്ട രുചി ആസ്വദിച്ചറിയാന്‍ അവസരമൊരുക്കുകയാണ് മിനിബൈപ്പാസ് റോഡില്‍ മിംസ് ആസ്പത്രിക്ക് അരികിലുള്ള നാടന്‍ കിച്ചന്‍ റസ്‌റ്റോറന്റ്. നാടന്‍ കിച്ചനില്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച കബാബ്‌സ് ആന്‍ഡ് കറി ഫെസ്റ്റിവലില്‍ ലാലാമുര്‍ഗ് കബാബ്, ബീഫ് ബോട്ടി കബാബ്, മച്ചി ജല്‍പാരി കബാബ്, മലബാര്‍ ടിക്ക കബാബ് തുടങ്ങി നിരവധി ഐറ്റങ്ങള്‍ ലഭ്യമാണ്.
കബാബിനൊപ്പം കറി കൂടി വേണമെങ്കില്‍ മട്ടന്‍ റോഗന്‍ജോഷ്, നവാബി മുര്‍ഗ്, സസ്യാഹാരികള്‍ക്കായി രത്തന്‍ മഞ്ജുഷ എന്നിവയും കിട്ടും. ചപ്പാത്തിക്കും നാനിനുമൊപ്പം ബെസ്റ്റ് കോംബിനേഷനാണ് കബാബുകളെന്ന് നാടന്‍ കിച്ചന്‍ ഓപ്പറേഷന്‍സ് മാനേജര്‍ കുഞ്ഞുമോന്‍ പറയുന്നു. കബാബ് സ്‌പെഷ്യാലിറ്റി ഷെഫ് അബ്ദുല്‍റസാഖാണ് മേളയിലെ മുഖ്യപാചകക്കാരന്‍.






ചേരുവകള്‍
1.ചിക്കന്‍ 200 ഗ്രാം



2.ബീറ്റ്‌റൂട്ട് 200 ഗ്രാം (അരച്ചത്)



3.അണ്ടിപ്പരിപ്പ് 50 ഗ്രാം



4.തൈര് ഒരു ടേബിള്‍ സ്പൂണ്‍



5.മുളകുപൊടി 10 ഗ്രാം



6.എണ്ണ 10 മില്ലി



7.ഇഞ്ചി, വെളുത്തുള്ളി അരച്ചത് 20 ഗ്രാം



8.നാരങ്ങാ നീര് ഒരു ടേബിള്‍ സ്പൂണ്‍



9.ഗരം മസാല ഒരു നുള്ള്



10. ഉപ്പ് ആവശ്യത്തിന്




പാകം ചെയ്യുന്ന വിധം



ചിക്കനില്‍ നാരങ്ങനീര്, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഒരു മണിക്കൂര്‍ വെക്കുക. മസാല തയ്യാറാക്കുന്നതിനായി പാത്രത്തില്‍ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് നേരത്തേ തയ്യാറാക്കിയ ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തണ്ടൂരി അടുപ്പില്‍ ഗ്രില്‍ ചെയ്ത് ചൂടോടെ ഉപയോഗിക്കുക.