
മീന്‍ വരട്ടിയത്
------------
മീന്‍ പൊരിച്ചതില്ലാതെ ചോറിറങ്ങാത്ത കോഴിക്കോട്ടുകാരെ `കൊതിപ്പിച്ചുകൊല്ലാന്‍' തന്നെയാണ് ഷിനോയുടെ തീരുമാനം. അസ്‌മ ടവറിലെ മെസ്‌ബാന്‍ റസ്‌റ്റോറന്റ് ഷെഫായ എം.ആര്‍. ഷിനോയ് ഇഷ്ടവിഭവമായി തിരഞ്ഞെടുക്കുന്നത് മീന്‍ വരട്ടിയതാണ്. കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ ഷിനോയ് ഒരുവര്‍ഷമായി അസ്‌മ ടവറിലെത്തിയിട്ട്. കോഴിക്കോടിന്റെ തനതുരുചികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയ്‌ക്കാണ് മീന്‍വരട്ടിയതിന്റെ രസക്കൂട്ട് ലഭിച്ചതെന്ന് ഷിേനായ് പറയുന്നു. നഗരത്തിലെ പാരമ്പര്യ മുസ്ലിം തറവാടുകളിലെ പ്രധാന നോമ്പുതുറ വിഭവമാണിത്. വീടുകളിലുണ്ടാക്കുന്ന അതേ സ്വാദോടെ മെസ്‌ബാനിലും മീന്‍ വരട്ടിയത് വിളമ്പാന്‍ തുടങ്ങിയതോടെ അതിഥികള്‍ക്കും ഏറെ പ്രിയമായി. മെസ്‌ബാനില്‍ നടന്നുവരുന്ന ഇഫ്‌താര്‍ ബുഫെയിലെ പ്രധാന വിഭവവും ഇതു തന്നെ. ഇഫ്‌താറിനെത്തുന്നവരെല്ലാം മീന്‍ വരട്ടിയത് പരീക്ഷിച്ചുനോക്കാന്‍ താത്‌പര്യം കാട്ടാറുണ്ടെന്ന് അസ്‌മ ടവര്‍ ജനറല്‍ മാനേജര്‍ വേണുഗോപാല്‍ പറയുന്നു.
ചേരുവകള്‍
1. അയക്കൂറ- ചെറുതായി മുറിച്ചത് (300 ഗ്രാം)
2. സവാള- രണ്ടെണ്ണം
3. ഇഞ്ചി- 20 ഗ്രാം
4. പച്ചമുളക്- 20 ഗ്രാം
5. വെളുത്തുള്ളി- 20 ഗ്രാം
6. തക്കാളി- ഒന്ന്
7. മുളകുപൊടി- 25 ഗ്രാം
8. മഞ്ഞള്‍പൊടി- 5 ഗ്രാം
9. കുരുമുളക് പൊടി- 5 ഗ്രാം
10. മല്ലിപ്പൊടി- 15 ഗ്രാം
11. പെരുംജീരകപൊടി- 5 ഗ്രാം
12. കറിവേപ്പില- രണ്ടു തണ്ട്
13. വെളിച്ചെണ്ണ- ആവശ്യത്തിന്
14. ഉപ്പ്-പാകത്തിന്
പാകം ചെയ്യുന്ന വിധം
ചെറുതായി മുറിച്ച മീന്‍ കുറച്ച് മസാല പുരട്ടി (മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മുളകുപൊടി) വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. അതിലേക്ക് ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്തിളക്കി ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് വഴറ്റുക. അതിനുശേഷം വറുത്ത മീനും പെരുംജീരകപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് ചൂടോടെ ഉപയോഗിക്കാം.


