കരിമീന്‍ പൊള്ളിച്ചതുമായി
`കറിവീട്' കാത്തിരിക്കുന്നു
മസാലക്കൂട്ടുകളില്‍ കുതിര്‍ന്ന് വാഴയില പുതച്ചുകിടക്കുന്ന മുഴുത്ത കരിമീന്‍... ഇലച്ചീന്ത് അല്‍പം മുറിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ പടരുന്ന നറുമണം.... കരിമീന്‍ പൊള്ളിച്ചത് എന്ന വിശിഷ്ട വിഭവം വിളമ്പി നഗരത്തിന്റെ മനം കവരുകയാണ് കറി ഹൗസ്. കാരപ്പറമ്പ് റോഡില്‍ ആശിര്‍വാദ് ലോണ്‍സിനു തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കേരള കറി ഹൗസ് റെസ്‌റ്റോറന്റിലെ കരിമീന്‍ പൊള്ളിച്ചതിന്റെ സ്വാദാണ് ഭക്ഷപ്രേമികളുടെ ഇപ്പോഴത്തെ ചിന്താവിഷയം. കോഴിക്കോട്ടെ പല ഹോട്ടലുകളിലും കരിമീന്‍ പൊള്ളിച്ചത് കിട്ടുമെങ്കിലും തനി കുട്ടനാടന്‍ ശൈലിയിലുള്ള പാചകമാണ് കേരള കറിഹൗസിനെ ജനപ്രിയമാക്കിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള ഷിബി ജോസഫ്, ബിനു ജോര്‍ജ് എന്നീ രണ്ടുചെറുപ്പക്കാര്‍ ചേര്‍ന്ന് 2007ലാണ് ഈ റസ്‌റ്റോറന്റ് ആരംഭിച്ചത്. ഒരു പുതുമയെന്ന നിലയില്‍ തനതു കുട്ടനാടന്‍ രീതിയിലുള്ള കരിമീന്‍ പൊള്ളിച്ചത് പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഷിബി പറയുന്നു. മറ്റിടങ്ങളില്‍ തേങ്ങയരച്ചുചേര്‍ത്ത മിശ്രിതത്തില്‍ കരിമീന്‍ പൊള്ളിച്ചെടുക്കുമ്പോള്‍ മസാലയും ഉള്ളിയും കുടമ്പുളിയും മാത്രം ചേര്‍ത്ത കൂട്ടിലാണ് കറിഹൗസില്‍ ഇതു പാകം ചെയ്‌തത്. ഇത് വളരെ പെട്ടെന്ന് ആളുകള്‍ക്കിഷ്ടപ്പെട്ടു. മീന്‍ വിലയനുസരിച്ച് 70 രൂപ മുതല്‍ 110 രൂപവരെയാണ് കരിമീന്‍ പൊള്ളിച്ചതിന്റെ നിരക്ക്. കഴിക്കാനെത്തുന്നവരുടെ താത്‌പര്യപ്രകാരം ഇപ്പോള്‍ ആകോലി, മാന്ത തുടങ്ങിയവയും ഇതേ രീതിയില്‍ പാകം ചെയ്യാറുണ്ട്.ഉച്ചയൂണിനൊപ്പം കരിമീന്‍ പൊള്ളിച്ചത് കൂടി ഓര്‍ഡര്‍ ചെയ്യുന്നവരാണ് കറി ഹീസിലെത്തുന്നവരില്‍ നല്ലൊരുപങ്കും. അപ്പം, ഗോതമ്പ് പൊറോട്ട എന്നിവയും പൊള്ളിച്ചതിനു പറ്റിയ കോമ്പിനേഷനാണ്.
കരിമീന്‍ പൊള്ളിച്ചത്
1. കരിമീന്‍-1 (250 ഗ്രാം)
2. ഉള്ളി-2 (വലുത്)
3. തക്കാളി-2
4. ഇഞ്ചി,വെളുത്തുള്ളി പേസ്‌റ്റ്- 1 ടേബിള്‍ സ്‌പൂണ്‍
5. മുളകുപൊടി-ഒന്നര ടേബിള്‍ സ്‌പൂണ്‍
6. മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്‌പൂണ്‍
7. കുടമ്പുളി- രണ്ടു കഷ്‌ണം
8. വെളിച്ചെണ്ണ-മൂന്ന് ടേബിള്‍സ്‌പൂണ്‍
9. ഒരു നാരങ്ങയുടെ മുഴുവന്‍ നീര്
10. ഉപ്പ്-ആവശ്യത്തിന്
11. വാഴയില
പാകം ചെയ്യുന്ന വിധം
1. കരിമീന്‍ കഴുകി വൃത്തിയാക്കിയശേഷം നന്നായി വരിയുക. അതില്‍ നാരങ്ങനീരും കുറച്ച് ഉപ്പും പുരട്ടി കുറച്ചുസമയം വയ്‌ക്കുക. തുടര്‍ന്ന് ഇതില്‍ മഞ്ഞള്‍പ്പൊടി,മുളകുപൊടി എന്നിവ പുരട്ടുക.
2. കുറച്ച് എണ്ണ ചൂടാക്കി,അരിഞ്ഞുവച്ച ഉള്ളി,തക്കാളി,ഇഞ്ചി,വെളുത്തുള്ളി പേസ്‌റ്റ് എന്നിവ യഥാക്രമം വഴറ്റുക. ഇത് ബ്രൗണ്‍നിറമാകുമ്പോള്‍ കുറച്ച് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, പുളി എന്നിവ ചേര്‍ത്ത് പേസ്‌റ്റ് രൂപത്തിലാക്കുക.
3. മസാല പുരട്ടിവച്ച മീന്‍ ഒരു ദോശക്കല്ലില്‍ വേവുന്നതുവരെ വയ്‌ക്കുക. തുടര്‍ന്ന് തയ്യാറാക്കിവച്ച മസാല കരിമീനിന്റെ എല്ലാഭാഗത്തും പുരട്ടിയശേഷം ഒരു വാഴയിലയില്‍ പൊതിഞ്ഞ് വീണ്ടും ദോശക്കല്ലില്‍ വച്ച് രണ്ടുഭാഗവും വെന്തശേഷം ചൂടോടെ ഉപയോഗിക്കുക.സവാളയ്‌ക്കൊപ്പം കുറച്ച ചെറിയ ഉള്ളി കൂടി ഉപയോഗിച്ചാല്‍ സ്വാദേറും.