Friday, June 27, 2008


കൊടുങ്ങല്ലൂര്‍ രുചിക്കായി മാവൂര്‍ റോഡിലെത്താം
മഞ്ഞളും കുങ്കുമവും വാരിപ്പൂശി കാവുതീണ്ടിയെത്തുന്ന കോമരങ്ങളുടെ ഇഷ്ടരുചി മെനുകാര്‍ഡിലേക്ക്‌ പകര്‍ത്തുകയാണ്‌ മാവൂര്‍ റോഡിലെ ഹോട്ടല്‍ അസ്‌മ ടവര്‍. അസ്‌മ ടവറിലെ `കൊടുങ്ങല്ലൂര്‍ ചിക്കന്‍' കോഴിേക്കാടന്‍ മനസുകളില്‍ ഇടം നേടിയിട്ട്‌ ഏറെനാളായി. തനത്‌ കൊടുങ്ങല്ലൂര്‍ പാചകത്തിന്റെ ഈ അപൂര്‍വരുചിയറിയാന്‍ ഏറെപ്പേര്‍ അസ്‌മ ടവറിലെ മെസ്‌ബാന്‍ റസ്‌റ്റോറന്‍ിലെത്തുന്നുണ്ട്‌. മല്ലിയും മുളകും തേങ്ങാക്കൊത്തും മാത്രമുപയോഗിച്ചു പാകം ചെയ്‌തെടുക്കുന്നു എന്നതാണ്‌ കൊടുങ്ങല്ലൂര്‍ ചിക്കന്റെ പ്രത്യേകത. ഈ പാചകക്കുറിപ്പിനു നന്ദി പറയേണ്ടത്‌ സാക്ഷാല്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ കാവുതീണ്ടാനെത്തുന്ന കോമരങ്ങേളാടും. ഭരണിക്ക്‌ ക്ഷേത്രത്തിലെത്തുന്ന കോമരങ്ങള്‍ക്കായി കൊടുങ്ങല്ലൂരെ ബന്ധുവീട്ടുകാര്‍ തയ്യാറാക്കുന്ന കോഴിക്കറിയാണ്‌ അതേ ചേരുവകള്‍ ഉപയോഗിച്ച്‌ മെസ്‌ബാന്‍ റസ്‌റ്റോറന്റ്‌ പുന:സൃഷ്ടിച്ചത്‌. കണ്ണൂര്‍ സ്വദേശിയായ ഷിനോയ്‌ എന്ന ഷെഫ്‌ അവതരിപ്പിച്ച `കൊടുങ്ങല്ലൂര്‍ ചിക്കന്‍' വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ആരാധകരെ നേടി. അജിനോമോട്ടോ തുടങ്ങിയ കൃത്രിമ ചേരുവകളോ നിറങ്ങളോ ചേര്‍ക്കാത്ത കൊടുങ്ങല്ലൂര്‍ ചിക്കന്‌ തൊണ്ണൂറു രൂപയേ വിലയുള്ളൂ.`നാടന്‍ അടുക്കള' ഭക്ഷ്യമേളയുടെ ഭാഗമായാണ്‌ കൊടുങ്ങല്ലൂര്‍ ചിക്കന്‍ കൊണ്ടുവന്നതെന്ന്‌ അസ്‌മടവര്‍ ജനറല്‍ മാനേജര്‍ വി. വേണുഗോപാല്‍ പറഞ്ഞു. പതിവുവിഭവങ്ങള്‍ക്കു പകരം അപൂര്‍വ്വമായ നാട്ടുരുചികള്‍ നഗരത്തിനു പരിചയപ്പെടുത്തുന്ന പരിപാടിയാണ്‌ നാടന്‍ അടുക്കള. പുഴമീനുകളായ മാലാന്‍, ഏരി, എന്നിവയ്‌ക്കൊപ്പം കരിമീന്‍ പൊള്ളിച്ചത്‌, മാന്ത വറുത്തത്‌, ബീഫ്‌ ഉലര്‍ത്തിയത്‌ എന്നിവയും നാടന്‍ അടുക്കളയില്‍ ലഭിക്കും. തെക്കന്‍ തിരുവിതാംകൂറിലെ സിറിയന്‍ പാചകശൈലിയനുസരിച്ചുള്ള ഇത്തരം വിഭവങ്ങള്‍ അന്വേഷിച്ച്‌ ധാരാളം പേരെത്തുന്നു. ഉച്ചയ്‌ക്ക്‌ മീന്‍വിഭവങ്ങള്‍ വേണമെന്ന്‌ നിര്‍ബന്ധമുള്ള കോഴിക്കോട്ടുകാര്‍ക്ക്‌ നേരമിരുട്ടിയാല്‍ കോഴിയില്ലാതെ പറ്റില്ലെന്നു വേണുേഗാപാല്‍ പറയുന്നു. അത്താഴത്തിനു റസ്‌റ്റോറന്റിലെത്തുന്ന കുടുംബങ്ങള്‍ ഏറെയും ആവശ്യപ്പെടുക ചിക്കന്‍ വിഭവങ്ങളാകും. കഡായ്‌ ബിരിയാണി ്രേപമികളാണ്‌ രാത്രിസന്ദര്‍ശകരില്‍ മറ്റൊരുകൂട്ടര്‍. മഡ്‌ക്ക എന്നു പേരുള്ള പ്രത്യേക കുടുക്കയില്‍ പാചകം ചെയ്യുന്ന കഡായ്‌ ബിരിയാണി ഓര്‍ഡര്‍ ചെയ്‌ത്‌ 20 മിനിട്ടിനുശേഷമേ തീന്‍മമശയിലെത്തൂ. ഇത്രയും നേരം ക്ഷമയോടെ കാത്തിരിക്കാന്‍ ഭക്ഷണപ്രേമികള്‍ക്കും ഒട്ടും വിഷമമില്ല. ചിക്കന്‍ കഡായിക്കു തൊണ്ണൂറും ഫിഷിന്‌ നൂറും രൂപയുമാണ്‌ മെസ്‌ബാനിലെ നിരക്ക്‌.തീറ്റപ്രിയരെ തൃപ്‌തിപ്പെടുത്താന്‍ മറ്റൊരു റസ്‌റ്റോറന്റ്‌ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇേപ്പാള്‍ അസ്‌മ ടവര്‍. മെസ്‌ബാന്‍ എന്നുതന്നെ പേരിട്ടിരിക്കുന്ന പുതിയ റെസ്‌റ്റോറന്റ്‌ മിംസ്‌ ആശുപത്രിക്കു സമീപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും.

Monday, June 23, 2008

ole.....

കാലഴകിന്‌ പെഡിക്യൂര്‍
----------------------
മുഖവും മുടിയും മാത്രമല്ല കാല്‍വിരല്‍ത്തുമ്പ്‌ വരെ പെര്‍ഫെക്ടാകണമെന്ന്‌ നിര്‍ബന്ധബുദ്ധിയുള്ള ആണുങ്ങള്‍ക്ക്‌ അത്താണിയാകുകയാണ്‌ ഒലെ ബ്യൂട്ടി ക്ലിനിക്ക്‌. കാലുകള്‍ കുട്ടപ്പനാക്കുന്ന പെഡിക്യൂര്‍ ട്രീറ്റ്‌മെന്റിനായി മുതലക്കുളത്തെ മലബാര്‍പാലസ്‌ ബില്‍ഡിംഗിലുള്ള ഒലെയില്‍ നിരവധിപേരെത്തുന്നു. കാലഴകു വര്‍ധിപ്പിക്കുന്ന പെഡിക്യൂറും കൈകള്‍ മൊഞ്ചാക്കുന്ന മാനിക്യൂറും ഇതുവരെ സ്‌ത്രീകള്‍ മാത്രമായിരുന്നു ചെയ്‌തുേപാന്നിരുന്നത്‌. ഒരു പരീക്ഷണമെന്ന നിലയ്‌ക്കാണ്‌ ഒലെയിലെ ബ്യുട്ടീഷ്യന്‍മാര്‍ പുരുഷന്‍മാര്‍ക്ക്‌ ഇവ ചെയ്‌തുകൊടുത്തത്‌. ഇപ്പോള്‍ മുടിവെട്ടലിനും ഫേഷ്യലിനുമൊപ്പം പെഡിക്യൂര്‍ കൂടിചെയ്യുന്നവരാണ്‌ ഒലെയിലെ ഭൂരിഭാഗം കസ്‌റ്റമമേര്‍സും.പേരു കേള്‍ക്കുന്നതുപോലെ അത്ര കൂള്‍ ഇടപാടല്ല പെഡിക്യൂര്‍. ആദ്യം ചൂടുള്ള സോപ്പുവെള്ളത്തില്‍ കാലുകള്‍ നന്നായി കഴുകും. പിന്നീട്‌ സ്‌ക്രബര്‍ ഉപയോഗിച്ച്‌ കാലിലെ ചത്തതൊലി (ഡെഡ്‌ സ്‌കിന്‍ എന്നു ബ്യൂട്ടീഷ്യന്‍ ഭാഷ) ഉരച്ചുകളയും. എന്നിട്ടും പോകാത്തവ അതിസൂക്ഷ്‌മമായി ചീകിയെടുക്കും. നഖം കൂടി വെട്ടിയെടുത്ത്‌ മസാജ്‌ചെയ്‌തുകഴിയുമ്പോള്‍ വിറകുകൊള്ളി പോലെ ഉണങ്ങിച്ചുരുണ്ട കാലുകള്‍ പോലും ഇപ്പോള്‍ പിറന്നുവീണ കുഞ്ഞിന്റേതുപോലെ മിനുസമാകുമെന്നുറപ്പ്‌. ഇതേ രീതി കൈകളില്‍ പരീക്ഷിക്കുമ്പോള്‍ അത്‌ മാനിക്യൂറാകും. പതിവായുള്ള പുകവലി മൂലം കൈവിരലുകള്‍ക്കും നഖങ്ങള്‍ക്കുമുണ്ടാകുന്ന മഞ്ഞനിറം കളയാന്‍ മാനിക്യൂര്‍ നല്ലവഴിയാണ്‌. നഖത്തിന്റെ സ്വാഭാവികനിറത്തിലുള്ള നെയില്‍േപാളീഷ്‌ കൂടി ഉപയോഗിച്ചാല്‍ വിരലുകള്‍ കൂടുതല്‍ ആകര്‍ഷകമാകും. വിവാഹത്തിനു മുമ്പ്‌ മാനിക്യൂറും പെഡിക്യൂറും ചെയ്യണമെന്ന്‌ വരന്‍മാര്‍ക്ക്‌ നിര്‍ബന്ധമാണെന്ന്‌ ഒലെ ബ്യൂട്ടി ക്ലിനിക്ക്‌ ഉടമ കെ. ജയന്‍ പറഞ്ഞു. കമ്പനി എക്‌സിക്യുട്ടീവുകളും ബിസിനസുകാരുമൊക്കെ പതിവായി ഇതു ചെയ്യുന്നു. 350 രൂപയാണ്‌ പെഡിക്യൂറിന്റെ നിരക്ക്‌. കഴിഞ്ഞ ഇരുപതുവര്‍ഷമായി കോഴിക്കോട്ട്‌ പ്രവര്‍ത്തിക്കുന്ന ഒലെ ബ്യൂട്ടി ക്ലിനിക്കിന്‌ ടാജ്‌ റെസിഡന്‍സി ഹോട്ടലിലും ശാഖയുണ്ട്‌. ഷെഹ്നാസ്‌ കമ്പനിയുടെ പ്രീമിയം പ്രൊഡക്ടായ ഡയമണ്ട്‌ ഫേഷ്യലാണ്‌ ഒലെയുടെ സ്‌പ്യെഷല്‍ ഐറ്റം. ക്രീമും മൊയിസ്‌ച്ചറൈസറുമുപയോഗിച്ചുള്ള മൂന്നുതരം മസാജും സ്‌ക്രബറുപയോഗിച്ചുള്ള വൃത്തിയാക്കലും ചേരുന്ന ഡയമണ്ട്‌ ഫേഷ്യല്‍ മലബാറില്‍ അവതരിപ്പിച്ചതും ഒലെ തന്നെ. 3200 രൂപയാണ്‌ ചാര്‍ജ്‌. മുഖത്തെ ചുളിവുകളെല്ലാം മാറ്റി പ്രായം കുറച്ചുതോന്നിക്കാന്‍ ഡയമണ്ട്‌ ഫേഷ്യല്‍ ബെസ്‌റ്റാണെന്ന്‌ ബ്യൂട്ടീഷ്യന്‍മാര്‍ പറയുന്നു. 350 രൂപ മുതല്‍ 1500 രൂപ വരെയുള്ള മറ്റു ഫേഷ്യലുകളും ഇവിടെ ചെയ്യുന്നു. ഹെയര്‍ കളറിങ്ങില്‍ പതിവുനിറങ്ങള്‍ക്കുപകരം ഹണി, ബ്‌ളോണ്ട്‌ എന്നീ കളറുകളന്വേഷിച്ച്‌ നിരവധി ചെത്തുപയ്യന്‍മാര്‍ ഒലെയിലെത്തുന്നുണ്ട്‌. അന്ന്യനില്‍ വിക്രമിന്റെ റെമോ കഥാപാത്രം തലയില്‍ പുരട്ടിയതോടെയാണ്‌ ഹണി പെട്ടെന്ന്‌ ഹിറ്റായത്‌. പടമിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഹണിക്ക്‌ ഇേപ്പാഴും ആവശ്യക്കാരേറെ.

Sunday, June 22, 2008

amma

`അമ്മ' തെളിച്ച വഴിയിലൂടെ
-----------------------
`അമ്മ' തെളിച്ച വഴിയിലൂടെ ചോറുവിളമ്പി നാട്ടുകാരുടെ വയറുനിറയ്‌ക്കുകയാണ്‌ മെസ്‌ഹൗസുകള്‍. 32 വര്‍ഷം മുമ്പ്‌ സരോജിനിയെന്ന വീട്ടമ്മയാണ്‌ നാടന്‍ ഊണ്‌ മാത്രം ലഭിക്കുന്ന ഭക്ഷണശാല കോഴിക്കോട്ട്‌ തുടങ്ങിയത്‌. ഇന്നിപ്പോള്‍ നഗരത്തിലും പരിസരങ്ങളിലുമായി നൂറിലധികം മെസ്‌ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മറ്റൊരു നഗരത്തിലും ഇത്രയധികം മെസ്‌ഹൗസുകള്‍ കാണാനാവില്ലെന്നു ഭക്ഷണപ്രിയര്‍ സാക്ഷ്യപ്പെടുത്തുന്നു. വറുത്തകായ പോലെ, കോഴിക്കോടന്‍ ഹല്‍വ പോലെ ഈ നഗരത്തിന്റെ രുചിയടയാളമായി മെസ്‌ഹൗസുകള്‍ മാറിക്കഴിഞ്ഞു. ഉച്ചഭക്ഷണം മാത്രം ലഭിക്കുന്ന കേന്ദ്രങ്ങളാണ്‌ മെസ്‌ഹൗസ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പുതിയറയിലെ ഓട്ടുകമ്പനിത്തൊഴിലാളികള്‍ക്കും ബസ്‌ ജീവനക്കാര്‍ക്കും വീട്ടില്‍ ഉൗണൊരുക്കിക്കൊണ്ട്‌ സരോജിനി ഈ രംഗത്തെത്തുന്നത്‌ 1976ലാണ്‌. ഹോട്ടലുകളിലെ ചെടിപ്പിക്കുന്ന പതിവുരുചിഭേദങ്ങള്‍ കൈയ്യൊഴിഞ്ഞ്‌ ആളുകള്‍ ധാരാളമായി ഇവിടെയെത്താന്‍ തുടങ്ങി. തിരക്കു കൂടിയപ്പോള്‍ അമ്മയെ സഹായിക്കാന്‍ സരോജിനിയുടെ നാലുമക്കളും ഒപ്പം കൂടി. അവര്‍ വിളിക്കുന്നതുകേട്ട്‌ ഭക്ഷണം കഴിക്കാനെത്തുന്നവരും സരോജിനിയെ അമ്മയെന്നു വിളിക്കാന്‍ തുടങ്ങി. ഇന്നിപ്പോള്‍ ദിവസവും അഞ്ഞൂറിലേറെ പേര്‍ക്ക്‌ ഭക്ഷണം വിളമ്പുന്ന വന്‍സംരംഭമാണ്‌ പുതിയറയിലെ `അമ്മ' മെസ്‌ഹൗസ്‌. `അമ്മ'യുടെ വിജയത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ നഗരത്തിന്റെ പലഭാഗങ്ങളിലും പിന്നീടു മെസ്‌ഹൗസുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പുതിയറയില്‍ തന്നെ അതേപേരില്‍ മറ്റൊരു മെസ്‌ഹൗസ്‌ തുടങ്ങി പി. ദിവാകരന്‍ എന്നയാളാണു മത്സരത്തിനു തുടക്കമിട്ടത്‌. പുതിയറ ടൈല്‍സ്‌ തൊഴിലാളിയായിരുന്ന ദിവാകരന്‍ കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന്‌ വീട്ടുമുറ്റത്ത്‌ ഉച്ചഭക്ഷണശാല തുടങ്ങുകയായിരുന്നു. ഭാര്യ ശ്യാമളയും ബന്ധുക്കളായ ചില സ്‌ത്രീകളുമാണ്‌ ഇവിടുത്തെ പ്രധാന പാചകക്കാര്‍.മുതലക്കുളം, എം.എം.അലി റോഡ്‌, പാളയം, മിനിബൈപ്പാസ്‌, മാവൂര്‍ റോഡ്‌, ജയില്‍റോഡ്‌ എന്നിവിടങ്ങളിലൊക്കെ മെസ്‌ഹൗസുകളുണ്ട്‌. വീടിനോടു ചേര്‍ത്തുകെട്ടിയ താത്‌ക്കാലികപന്തലിലാണ്‌ ഇവയൊക്കെ പ്രവര്‍ത്തിക്കുന്നത്‌. മിക്കയിടത്തും സ്‌ത്രീകള്‍ തന്നെയാണു പാചകക്കാരും വിളമ്പുകാരുമെല്ലാം. വീട്ടിലുണ്ടാക്കുന്ന അതേ സ്വാദിലും വൃത്തിയിലും ഊണു ലഭിക്കുന്നു എന്ന പ്രത്യേകത കൊണ്ടാകാം പലയിടങ്ങളിലും ഉച്ചസമയത്തു ക്യൂ നിന്നാലേ ഇരിപ്പിടം കിട്ടു. വര്‍ഷങ്ങളായി ഊണുകഴിക്കാനെത്തുന്ന നിരവധി പതിവുകാര്‍ ഓരോ മെസ്‌ഹൗസിനുമുണ്ട്‌. എത്ര തിരക്കായാലും സ്ഥിരം മെസ്‌ഹൗസിലെത്തി ഒരു പിടി ഊണു കഴിക്കണമെന്നു നിര്‍ബന്ധമുള്ളവരുമുണ്ട്‌. ഉച്ച പന്ത്രണ്ടുമണിയോടെ പ്രവര്‍ത്തനമാരംഭിക്കുന്ന മെസ്‌ഹൗസുകള്‍ വൈകിട്ടു നാലുമണിയോടെ അടച്ചുപൂട്ടും.ഊണിനൊപ്പം വിളമ്പുന്ന മത്സ്യം പൊരിച്ചതിന്റെ സ്വാദാണ്‌ മെസ്‌ഹൗസുകളുടെ പ്രധാന ആകര്‍ഷണം. ഹോട്ടലുകളില്‍ മത്സ്യം ആദ്യമേ വറുത്തുവയ്‌ക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക്‌ ചൂടോടെ തയ്യാറാക്കിനല്‍കുകയാണ്‌ മെസ്‌ഹൗസുകള്‍ ചെയ്യുന്നത്‌. പുതിയറയിലെ അമ്മ മെസ്‌ഹൗസില്‍ മത്സ്യം പൊരിച്ചതുമാത്രം പാര്‍സലായി വാങ്ങാന്‍ വരുന്ന നിരവധിപേരുണ്ട്‌. നഗരത്തിലെത്തുന്ന വി.ഐ.പികളില്‍ പലരും ഒരിക്കലെങ്കിലും ഇതിന്റെ രുചിയറിഞ്ഞവരാകും. കണ്ണില്‍ വെള്ളംനിറയുന്ന എരിവു വകവയ്‌ക്കാതെ രണ്ടും മൂന്നും മീന്‍കഷ്‌ണങ്ങള്‍ തട്ടുന്ന തീറ്റക്കൊതിയന്‍മാരെയും അമ്മ മെസ്‌ഹൗസിലെത്തിയാല്‍ കാണാനാകും. ഒരു കഷ്‌ണം അയക്കൂറ പൊരിച്ചതിനു 17 രൂപ ഈടാക്കുന്നു. കിലോയ്‌ക്ക്‌ 300 രൂപയുള്ള അയക്കൂറ ഈ വിലയ്‌ക്ക്‌ വിറ്റില്ലെങ്കില്‍ മുതലാകില്ലെന്നാണ്‌ സരോജിനിയുടെ നിലപാട്‌. രണ്ടു കറികളും ഉേപ്പരിയും അച്ചാറും പപ്പടവുമുള്‍പ്പെടെയുള്ള ഊണിനു 14 രൂപയാണ്‌ വില.നിത്യോപയോഗസാധനങ്ങളുടെ വന്‍വിലവര്‍ധന പല മെസ്‌ഹൗസുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്‌്‌. ``അരിക്കും മീനിനും പച്ചക്കറിക്കുമൊക്കെ വില ഇരട്ടിയായി. ഇവിടെ വരുന്നവരെ ഓര്‍ത്ത്‌ ഊണിനു വില കൂട്ടിയിട്ടില്ല. പോകുന്നിടത്തോളം ഇങ്ങനെ പോകട്ടെ എന്നാണു തീരുമാനം''- മുതലക്കുളത്തെ `സ്‌നേഹം മെസ്‌ഹൗസ്‌' ഉടമ ജാനേഷ്‌ കുമാര്‍ പറയുന്നു. ഈ സ്‌നേഹം തന്നെയാണ്‌ ആളുകളെ മെസ്‌ഹൗസുകളിലെത്തിക്കുന്നതും.

Tuesday, June 17, 2008

മിനുക്ക്‌
അണിഞ്ഞൊരുങ്ങലും മുഖംമിനുക്കലും സ്‌ത്രീകളുടെ മാത്രം കാര്യമല്ലെന്ന്‌ തെളിയിക്കുകയാണ്‌ നഗരത്തിലെ ജെന്റ്‌സ്‌ ബ്യൂട്ടിപാര്‍ലറുകള്‍. ടൗണിനുള്ളില്‍ മാത്രം അറുപതോളം പുരുഷ ബ്യൂട്ടിപാര്‍ലറുകളുെണ്ടന്നറിയുമ്പോഴേ ഈ രംഗത്തുനടക്കുന്ന നിശബ്ദവിപ്ലവം മനസിലാകൂ. വനിതാബ്യൂട്ടിപാര്‍ലറുകളുടെ എണ്ണം ഇതിന്റെ നേര്‍പകുതിയാണെന്നുമറിയുക.കള്ളുഷാപ്പില്‍ കയറുന്നതുപോലെ പുരുഷകേസരികള്‍ തലവഴിമുണ്ടിട്ട്‌ ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയ കാലമെക്കെ എന്നേ കഴിഞ്ഞു. മുടിവെട്ടുന്നതിനൊപ്പം എല്ലാമാസവും ബ്യൂട്ടിപാര്‍ലറിലെത്തി ഫേഷ്യലും ഹെയര്‍കളറിങ്ങും നടത്തുന്നവരാേണറെ. വിവാഹം, പെരുന്നാള്‍ തുടങ്ങിയ ആഘോഷ അവസരങ്ങളില്‍ മാത്രം പാര്‍ലറുകളിലെത്തുന്നവരുമും ധാരാളം. കഴിഞ്ഞ ചെറിയപെരുന്നാള്‍ രാവില്‍ തിരക്കു കാരണം ടൗണിലെ ചില ജെന്റ്‌സ്‌ ബ്യൂട്ടിപാര്‍ലറുകള്‍ പുലര്‍ച്ചെയാണ്‌ അടച്ചത്‌. ഫേഷ്യലില്‍ തന്നെ ഹെര്‍ബല്‍,ഫ്രൂട്ട്‌സ്‌,ഗോള്‍ഡന്‍,ഷെഹ്നാസ്‌ എന്നീ വകഭേദങ്ങളുണ്ട്‌. ലോറിയല്‍, ഷെഹ്നാസ്‌ തുടങ്ങി നിരവധി കമ്പനികളുടെ ഫേഷ്യല്‍കിറ്റുകള്‍ വിപണിയില്‍ ലഭിക്കും. ഇവ വാങ്ങിയാണ്‌ പാര്‍ലറുകള്‍ ഉപയോഗിക്കുന്നത്‌. പ്രമുഖകമ്പനികളെല്ലാംകൂടി ഒരുമാസം പത്തുലക്ഷം രൂപയുടെ േഫഷ്യല്‍കിറ്റുകള്‍ േകാഴിക്കോട്ട്‌ വിറ്റഴിക്കുന്നുവെന്നു കണക്കുകള്‍. ഫ്രൂട്ട്‌സ്‌ ഫേഷ്യലിന്‌ 600 മുതല്‍ 1500 രൂപവരെയാണ്‌ വിവിധ ബ്യൂട്ടിപാര്‍ലറുകളിലെ നിരക്ക്‌. ഗോള്‍ഡന്‍ ഫേഷ്യലാണെങ്കില്‍ നിരക്ക്‌ 1500 രൂപ മുതല്‍ 3000 വരെയാകും. മുഖത്ത്‌ ഫേസ്‌പാക്കുമിട്ട്‌ രണ്ടുമണിക്കൂര്‍ നേരം അനുസരണയുള്ള കുട്ടികളായി അടങ്ങിയിരിക്കുന്ന നിരവധി കൊമ്പന്‍മീശക്കാരെ ബ്യൂട്ടിപാര്‍ലറുകളില്‍ ചെന്നാല്‍ കാണാം. അടുത്ത കസേരയിലിരിക്കുന്നയാള്‍ക്കു പോലും തിരിച്ചറിയാനാവില്ലെന്നതാണ്‌ ഫേസ്‌പാക്കിന്റെ ഗുണം. എല്ലാതരക്കാരും മുഖം മോടികൂട്ടാന്‍ എത്താറുണ്ടെന്ന്‌ ബാലൂസ്‌ ജെന്റ്‌സ്‌ ബ്യൂട്ടിപാര്‍ലര്‍ ഉടമ ജയകുമാര്‍ പറഞ്ഞു. നഗരത്തിലെ ആദ്യ പുരുഷസൗന്ദര്യകേന്ദ്രമായ ബാലൂസിന്‌ മാവൂര്‍ റോഡ്‌, വ്യാപാരഭവന്‍, ഇംഗ്‌ളീഷ്‌പള്ളി, ലിങ്ക്‌ റോഡ്‌ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്‌. `മറ്റുനഗരങ്ങളില്‍ കോളേജ്‌വിദ്യാര്‍ത്ഥികളും കമ്പനി എക്‌സിക്യുട്ടീവ്‌സുമാണ്‌ ബ്യുട്ടിപാര്‍ലറുകളില്‍ കാര്യമായി എത്തുന്നത്‌. ഇവിടെ അങ്ങനെയൊന്നുമില്ല. വിവിധ പ്രായത്തിലുള്ള എല്ലാവിഭാഗക്കാരും വരുന്നുണ്ട്‌. അവരില്‍ മീന്‍കച്ചവടക്കാരും കോളേജ്‌ അധ്യാപകരും അമ്പതു വയസു പിന്നിട്ട ബിസിനസുകാരുമെല്ലാം പെടും.'- ജയകുമാര്‍ പറഞ്ഞു. ഫേഷ്യല്‍ കഴിഞ്ഞാല്‍ പിന്നെ തിരക്ക്‌ മുടിക്ക്‌ വിവിധ വര്‍ണ്ണംനല്‍കുന്ന `ഹെയര്‍ കളറിങ്‌' എന്ന കലാപരിപാടിക്കാണ്‌. വെറുതെ കറുപ്പുനിറം വാരിപൂശാതെ വിവിധ നിറങ്ങളുടെ ലൈറ്റ്‌ ഷേഡുകള്‍ തേച്ചുപിടിപ്പിക്കുന്നതിനെയാണ്‌ ഹെയര്‍ കളറിങ്ങ്‌ എന്നു പറയുന്നത്‌. ഏഴുരൂപയുടെ ഗോദ്‌റെജ്‌ ഡൈ സാഷേ വാങ്ങി ഭാര്യമാരെക്കൊണ്ട്‌ മുടിയില്‍ തേച്ചുപിടിപ്പിച്ചിരുന്ന അപ്പൂപ്പന്‍മാര്‍ പോലും ഇപ്പോള്‍ ഹെയര്‍ കളറിങ്ങിനു ബ്യൂട്ടിപാര്‍ലറുകളിലെത്തുന്നു. ബര്‍ഗണ്ടി, മഹാഗണി എന്നീ ഷേഡുകള്‍ക്കാണ്‌ ഏറെ പ്രിയം. വെളിച്ചം പ്രതിഫലിക്കുമ്പോള്‍ നേരിയ ചുവപ്പുരാശി പടര്‍ത്തുന്ന ബര്‍ഗണ്ടി അധികമായാല്‍ തലയാകെ ചുവന്നുപോകും. ചില കൂട്ടര്‍ അങ്ങനെയാക്കാനും ആവശ്യപ്പെടാറുണ്ടെന്ന്‌ പാര്‍ലര്‍ ജീവനക്കാര്‍ പറയുന്നു. കൃത്യം ഒരുമാസം കഴിഞ്ഞു വീണ്ടും ചെയ്‌തില്ലെങ്കില്‍ നരച്ചമുടി കളറിനുള്ളിലൂടെ എത്തിനോക്കും. ആ അപകടമൊഴിവാക്കാന്‍ ഇരുപത്തഞ്ചാം ദിവസം തന്നെ പാര്‍ലറുകളിലെത്തുന്നവരാണ്‌ തലനരച്ചവരിലേറെയും.

Monday, June 16, 2008

മീന്‍കാക്കാന്‍ അഷറഫിന്‌ കൂട്ട്‌ പൂച്ചപ്പോലീസ്‌
കോഴിക്കോട്‌: കള്ളന്റെ കൈയ്യില്‍ താക്കോലേല്‍പ്പിക്കരുെതന്ന്‌ ആരെങ്കിലുമുപദേശിച്ചാല്‍ അഷറഫ്‌ ഒന്നു ചിരിക്കും, പിന്നെ മറുപടി പറയും- ``കഴിഞ്ഞ എട്ടുവര്‍ഷമായി ഈ കള്ളന്‍ കൂടെയുണ്ട്‌ ഭായി, ഇതുവരെ കട്ടിട്ടില്ല. ഇനിയൊട്ടു കക്കുകയുമില്ല.'' കള്ളനെന്ന ദുഷ്‌പ്പേരുള്ള അഷറഫിന്റെ `സുഹൃത്ത്‌ ' മീശ വിറപ്പിച്ചുകൊണ്ട്‌ `മ്യാവൂ' ശബ്ദത്തില്‍ ആ നിലപാടിനു പിന്തുണ നല്‍കും.പിടയ്‌ക്കുന്ന പച്ചമീന്‍ കണ്ടാല്‍ കണ്‍േട്രാള്‍ പോകാത്ത പൂച്ചകളില്ലെന്ന്‌ കേരളത്തിലെ മീന്‍കച്ചവടക്കാര്‍ മുഴുവന്‍ വാദിച്ചാലും അഷറഫ്‌ അതു സമ്മതിച്ചു തരില്ല. കണ്ണഞ്ചേരി ഗണപതിക്ഷേത്ര ജംഗ്‌ഷനില്‍ മത്സ്യം വില്‍ക്കുന്ന അഷറഫിന്റെ സന്തതസഹചാരിയും സഹായിയും ഒരു പൂച്ചയാണ്‌. രാവിലെ കച്ചവടം തുടങ്ങുന്ന സമയത്തു തന്നെ ആള്‍ ഹാജരാകും. മുമ്പിലെ തട്ടില്‍ വിശ്രമിക്കുന്ന നാനാതരം മത്സ്യങ്ങളുടെ പ്രലോഭനം അവഗണിച്ച്‌ അഷറഫിനൊപ്പം ചേര്‍ന്നിരിക്കാനാണ്‌ പൂച്ചക്കിഷ്ടം. ഇടയ്‌ക്ക്‌ അഷ്‌റഫ്‌ ചായ കുടിക്കാന്‍ പോകുമ്പോള്‍ മത്സ്യത്തട്ടിനു കാവലിരിക്കുന്നതും പൂച്ച തന്നെ. മറ്റു പൂച്ചകളെ ഒരു മൈല്‍ പ്രദേശത്തേക്കടുപ്പിക്കില്ല. നിരന്തരഏറ്റുമുട്ടലുകളുടെ തെളിവായി ദേഹം മുഴുവന്‍ പരുക്കിന്റെ പാടുകള്‍ കാണാം. ഇതത്രയും കേട്ട്‌ പൂച്ചയ്‌ക്ക്‌ മത്സ്യം അലര്‍ജിയാണെന്നു കരുതാന്‍ വരട്ടെ. കച്ചവടത്തിനിടയ്‌ക്ക്‌ അഷറഫ്‌ സ്‌നേഹപൂര്‍വം നല്‍കുന്ന മീന്‍ തിന്നാന്‍ പൂച്ചയ്‌ക്ക്‌ സന്തോഷം മാത്രം. അതിനും ചില ചിട്ടവട്ടങ്ങളുണ്ട്‌. വെറുതെ എറിഞ്ഞുകൊടുത്താല്‍ എന്റെ പട്ടി കഴിക്കും എന്ന ഭാവത്തില്‍ പൂച്ച തിരിഞ്ഞുനടക്കും. നിലത്ത്‌ ഒരു കടലാസു വിരിച്ച്‌ ഉപചാരപൂര്‍വ്വം വിളമ്പിയാല്‍ മാത്രമേ മീന്‍ കൈ കൊണ്ടു തൊടുകയുള്ളൂ.നടുവട്ടം സ്വദേശിയായ അഷറഫ്‌ ഏറെക്കാലമായി കണ്ണഞ്ചേരി ജംഗ്‌ഷനില്‍ മത്സ്യവില്‍പ്പന തുടങ്ങിയിട്ട്‌. എട്ടു വര്‍ഷം മുമ്പാണ്‌ ഈ പൂച്ചയുമായി ചങ്ങാത്തം കൂടുന്നത്‌. അന്നുതൊട്ടിന്നുവരെ കക്ഷി കൂടെയുണ്ട്‌. മണ്ഡലമാസകാലത്ത്‌ ക്ഷേത്രപരിസരത്തുള്ള മത്സ്യവില്‍പ്പന നിര്‍ത്തിവെക്കുമ്പോള്‍ പോലും ഈ സൗഹൃദം മുറിയാറില്ല. മറ്റിടങ്ങളിലെ കച്ചവടത്തിനുശേഷം പൂച്ചയ്‌ക്ക്‌ മീന്‍ നല്‍കാന്‍ വേണ്ടിമാത്രം അഷ്‌റഫ്‌ അപ്പോള്‍ കണ്ണഞ്ചേരിയിലെത്തും.കാലമേറെയായെങ്കിലും പൂച്ചയ്‌ക്കൊരു പേരു നല്‍കാന്‍ കച്ചവടത്തിരക്കിനിടയില്‍ അഷറഫിനു സമയം കിട്ടിയിട്ടില്ല. വ്യത്യസ്‌തനാമൊരു പൂച്ചയായ ഇവന്‌ എന്തിനാണൊരു പേര്‌ എന്നാണ്‌ അഷറഫിന്റെ ചോദ്യം.

Wednesday, June 11, 2008

Enjoy Food at calicut

പുതുരുചിയുടെ താലിതീര്‍ത്ത്‌ സംസം
------------------------------------
കഴിച്ചുമടുത്ത കോഴിക്കോടന്‍ വിഭവങ്ങളില്‍ നിന്നൊരു വിടുതല്‍ തേടുന്നവര്‍ക്കായി താലിയുമൊരുക്കി കാത്തിരിക്കുകയാണ്‌ സംസം റസ്‌റ്റോറന്റ്‌. റെഡ്‌ ക്രോസ്‌ റോഡില്‍ ടാഗോര്‍ സെന്റ്‌ിനറി ഹാളിന്‌ എതിര്‍വശത്തുള്ള സംസമിലെ `താലി മീല്‍സ്‌' കഴിക്കാന്‍ ഉച്ചയ്‌ക്ക്‌ എന്നുമൊരു കല്യാണത്തിനുള്ള ആളുണ്ടാകും. ഉത്തരേന്ത്യന്‍ ഭക്ഷണസമ്പ്രദായമായ താലിയിലെ വിഭവങ്ങള്‍ പരിഷ്‌ക്കരിച്ച്‌ സംസം അവതരിപ്പിച്ച `താലി മീല്‍സ്‌' നഗരത്തിന്റെ തീന്‍മേശയില്‍ പുതുട്രെന്‍ഡായിക്കഴിഞ്ഞു.വലിയ താലത്തില്‍ ചപ്പാത്തിയും ചോറും അതിനൊപ്പം ചെറിയ അളുക്കുകളില്‍ വ്യത്യസ്‌തമായ കറികളും വിളമ്പുന്ന രീതിക്കാണ്‌ താലി എന്നു പറയുക. സസ്യാഹാരവിഭവങ്ങള്‍ മാത്രമുപയോഗിക്കുന്ന തനതുരീതിയില്‍ നിന്നുമാറി ചിക്കനും ഫ്രൈഡ്‌റൈസുമൊക്കെ ഉള്‍പ്പെടുത്തിയ സംസം സ്‌റ്റൈല്‍ പെട്ടെന്നു ശ്രദ്ധ നേടി. സൂപ്പ്‌, നൂഡില്‍സ്‌, ഫ്രൈഡ്‌റൈസ്‌, ചപ്പാത്തി, ചിക്കന്‍, ദാല്‍ഫ്രൈ, ഫ്രൂട്ട്‌സലാഡ്‌, കര്‍ഡ്‌ സലാഡ്‌ എന്നിവയുള്‍പ്പെടുന്ന നോണ്‍-വെജ്‌ താലിക്ക്‌ 50 രൂപയേയുള്ളൂ. ഒരു ബിരിയാണിയുടെ കാശു പോലുമാകുന്നില്ലെന്നര്‍ത്ഥം. ചില്ലി ചിക്കന്‍, ചിക്കന്‍ മഞ്ചൂരി എന്നിങ്ങനെയായി വിഭവങ്ങള്‍ ഓേരാദിവസവും മാറുകയും ചെയ്യും. പച്ചക്കറിവാദികള്‍ക്ക്‌ ചിക്കനുപകരം ഗോപിമഞ്ചൂരിയനും പനീര്‍ബട്ടര്‍മസാലയുമുള്ള വെജ്‌ താലിക്ക്‌ 40 കൊടുത്താല്‍ മതി.ഉച്ചയ്‌ക്ക്‌ താലിമീല്‍സ്‌ കഴിക്കാനെത്തുന്നവരുടെ നല്ല തിരക്കാണെന്ന്‌ റസ്‌റ്റോറന്റ്‌ ജനറല്‍മാനേജര്‍ ആമിര്‍ പറഞ്ഞു. കോളേജ്‌ വിദ്യാര്‍ത്ഥികളും കമ്പനി എക്‌സിക്യുട്ടീവ്‌സുമടങ്ങുന്ന യുവതലമുറയാണ്‌ താലിയുടെ ആരാധകര്‍. ``മെട്രോനഗരങ്ങളുമായി ബന്ധമുള്ളതുകൊണ്ട്‌ പല ചെറുപ്പക്കാരും താലി സ്‌റ്റൈല്‍ കഴിച്ചിട്ടുണ്ടാകും. കോഴിക്കോട്ടുകാര്‍ക്ക്‌ ഏറെ പ്രിയമായ നോണ്‍വെജ്‌ വിഭവങ്ങളും കൂടി ഉള്‍പ്പെടുത്തിയതോടെ ഇതു പെട്ടെന്ന്‌ ഹിറ്റായി''- ആമിര്‍ പറയുന്നു.രാവിലെ 12 മുതല്‍ രാത്രി 11 വരെയാണ്‌ റസ്‌റ്റോറന്റ്‌ പ്രവര്‍ത്തിക്കുക. വൈകീട്ട്‌ ഷവായ, ്രേബാസ്‌റ്റഡ്‌ ചിക്കന്‍, ഷവര്‍മ തുടങ്ങിയ അറബിക്‌ വിഭവങ്ങളും സംസം വിളമ്പുന്നു. മട്ടണും അറബിക്‌ റൈസും ചേര്‍ത്ത്‌ പാകംചെയ്യുന്ന മട്ടണ്‍മന്തി എന്ന തനതുപേര്‍ഷ്യന്‍ വിഭവവും ഇവിടെ ലഭിക്കും. ഒപ്പം നാടന്‍കോഴിബിരിയാണിയും തണ്ടൂരി, ചൈനീസ്‌ ഡിഷുകളും. കുട്ടികളെ സംസമിലേക്കാകര്‍ഷിക്കുന്നത്‌ ഇവിടുത്തെ ഐസ്‌മില്‍ക്ക്‌ സ്‌പെഷ്യാലിറ്റികളാണ്‌. ബ്രാന്‍ഡഡ്‌ ഐസ്‌ക്രീമുകള്‍ക്കു പകരം സ്വന്തമായി നിര്‍മ്മിക്കുന്ന ഐസ്‌ക്രീമുപയോഗിച്ചുണ്ടാക്കുന്ന ഐസ്‌മില്‍ക്ക്‌ സ്‌പെഷ്യാലിറ്റികള്‍ക്കും ആരാധകരേറെ.വൈകുന്നേരങ്ങളില്‍ കുടുംബവുമായി ഭക്ഷണംകഴിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന്‌ റസ്‌റ്റോറന്റ്‌ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ മാനേജര്‍ സുരേഷ്‌ പറഞ്ഞു. മഹാനഗരങ്ങളിലേതുപോലെ കോഴിേക്കാട്ടും `ഡൈനിങ്‌ ഔട്ട്‌' എന്ന സമ്പ്രദായം വേരുറപ്പിക്കുകയാണ്‌. മറ്റിടങ്ങളിലേക്കാള്‍ വിഭവങ്ങള്‍ പെട്ടെന്നുകിട്ടണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ കോഴിക്കോട്ടുകാര്‍. ഓര്‍ഡര്‍ ചെയ്‌ത്‌ അടുത്തമിനുട്ടില്‍ വിഭവങ്ങള്‍ മേശയില്‍ നിരക്കണമെന്നാണ്‌ അവരുടെ ആഗ്രഹം. ഇതുകണ്ടറിഞ്ഞ്‌ സര്‍വീസ്‌ വേഗത്തിലാക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്‌്‌.കാസര്‍കോട്‌ സ്വദേശി അബ്ദുള്ള മന്നംകുഴിയിലാണ്‌ സംസം ഉടമ. തിരുവനന്തപുരം എം.എല്‍.എ. ക്വാര്‍ട്ടേര്‍സിനുമുന്നില്‍ മുപ്പതുവര്‍ഷമായി സംസം റസ്‌റ്റാറന്റ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടുതല്‍ ശാഖകള്‍ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ സംസം കോഴിക്കോട്ടെത്തിയത്‌. റസ്‌റ്റോറന്റിലെ ഫോണ്‍: 6573550