മീന്കാക്കാന് അഷറഫിന് കൂട്ട് പൂച്ചപ്പോലീസ്
കോഴിക്കോട്: കള്ളന്റെ കൈയ്യില്‍ താക്കോലേല്പ്പിക്കരുെതന്ന് ആരെങ്കിലുമുപദേശിച്ചാല് അഷറഫ് ഒന്നു ചിരിക്കും, പിന്നെ മറുപടി പറയും- ``കഴിഞ്ഞ എട്ടുവര്‍ഷമായി ഈ കള്ളന് കൂടെയുണ്ട് ഭായി, ഇതുവരെ കട്ടിട്ടില്ല. ഇനിയൊട്ടു കക്കുകയുമില്ല.'' കള്ളനെന്ന ദുഷ്പ്പേരുള്ള അഷറഫിന്റെ `സുഹൃത്ത് ' മീശ വിറപ്പിച്ചുകൊണ്ട് `മ്യാവൂ' ശബ്ദത്തില്‍ ആ നിലപാടിനു പിന്തുണ നല്‍കും.പിടയ്ക്കുന്ന പച്ചമീന്‍ കണ്ടാല്‍ കണ്‍േട്രാള്‍ പോകാത്ത പൂച്ചകളില്ലെന്ന് കേരളത്തിലെ മീന്കച്ചവടക്കാര് മുഴുവന്‍ വാദിച്ചാലും അഷറഫ് അതു സമ്മതിച്ചു തരില്ല. കണ്ണഞ്ചേരി ഗണപതിക്ഷേത്ര ജംഗ്ഷനില്‍ മത്സ്യം വില്‍ക്കുന്ന അഷറഫിന്റെ സന്തതസഹചാരിയും സഹായിയും ഒരു പൂച്ചയാണ്. രാവിലെ കച്ചവടം തുടങ്ങുന്ന സമയത്തു തന്നെ ആള് ഹാജരാകും. മുമ്പിലെ തട്ടില്‍ വിശ്രമിക്കുന്ന നാനാതരം മത്സ്യങ്ങളുടെ പ്രലോഭനം അവഗണിച്ച് അഷറഫിനൊപ്പം ചേര്‍ന്നിരിക്കാനാണ് പൂച്ചക്കിഷ്ടം. ഇടയ്ക്ക് അഷ്റഫ് ചായ കുടിക്കാന്‍ പോകുമ്പോള്‍ മത്സ്യത്തട്ടിനു കാവലിരിക്കുന്നതും പൂച്ച തന്നെ. മറ്റു പൂച്ചകളെ ഒരു മൈല്‍ പ്രദേശത്തേക്കടുപ്പിക്കില്ല. നിരന്തരഏറ്റുമുട്ടലുകളുടെ തെളിവായി ദേഹം മുഴുവന്‍ പരുക്കിന്റെ പാടുകള്‍ കാണാം. ഇതത്രയും കേട്ട് പൂച്ചയ്ക്ക് മത്സ്യം അലര്‍ജിയാണെന്നു കരുതാന്‍ വരട്ടെ. കച്ചവടത്തിനിടയ്ക്ക് അഷറഫ് സ്നേഹപൂര്‍വം നല്കുന്ന മീന്‍ തിന്നാന്‍ പൂച്ചയ്ക്ക് സന്തോഷം മാത്രം. അതിനും ചില ചിട്ടവട്ടങ്ങളുണ്ട്. വെറുതെ എറിഞ്ഞുകൊടുത്താല്‍ എന്റെ പട്ടി കഴിക്കും എന്ന ഭാവത്തില്‍ പൂച്ച തിരിഞ്ഞുനടക്കും. നിലത്ത് ഒരു കടലാസു വിരിച്ച് ഉപചാരപൂര്‍വ്വം വിളമ്പിയാല്‍ മാത്രമേ മീന്‍ കൈ കൊണ്ടു തൊടുകയുള്ളൂ.നടുവട്ടം സ്വദേശിയായ അഷറഫ് ഏറെക്കാലമായി കണ്ണഞ്ചേരി ജംഗ്ഷനില്‍ മത്സ്യവില്‍പ്പന തുടങ്ങിയിട്ട്. എട്ടു വര്‍ഷം മുമ്പാണ് ഈ പൂച്ചയുമായി ചങ്ങാത്തം കൂടുന്നത്. അന്നുതൊട്ടിന്നുവരെ കക്ഷി കൂടെയുണ്ട്. മണ്ഡലമാസകാലത്ത് ക്ഷേത്രപരിസരത്തുള്ള മത്സ്യവില്‍പ്പന നിര്‍ത്തിവെക്കുമ്പോള്‍ പോലും ഈ സൗഹൃദം മുറിയാറില്ല. മറ്റിടങ്ങളിലെ കച്ചവടത്തിനുശേഷം പൂച്ചയ്ക്ക് മീന്‍ നല്കാന് വേണ്ടിമാത്രം അഷ്റഫ് അപ്പോള്‍ കണ്ണഞ്ചേരിയിലെത്തും.കാലമേറെയായെങ്കിലും പൂച്ചയ്ക്കൊരു പേരു നല്കാന് കച്ചവടത്തിരക്കിനിടയില്‍ അഷറഫിനു സമയം കിട്ടിയിട്ടില്ല. വ്യത്യസ്തനാമൊരു പൂച്ചയായ ഇവന് എന്തിനാണൊരു പേര് എന്നാണ് അഷറഫിന്റെ ചോദ്യം.
2 comments:
പൂച്ചവിശേഷം കൊള്ളാം :-)
പൂച്ച കൊള്ളാമല്ലോ
Post a Comment