Tuesday, June 17, 2008

മിനുക്ക്‌
അണിഞ്ഞൊരുങ്ങലും മുഖംമിനുക്കലും സ്‌ത്രീകളുടെ മാത്രം കാര്യമല്ലെന്ന്‌ തെളിയിക്കുകയാണ്‌ നഗരത്തിലെ ജെന്റ്‌സ്‌ ബ്യൂട്ടിപാര്‍ലറുകള്‍. ടൗണിനുള്ളില്‍ മാത്രം അറുപതോളം പുരുഷ ബ്യൂട്ടിപാര്‍ലറുകളുെണ്ടന്നറിയുമ്പോഴേ ഈ രംഗത്തുനടക്കുന്ന നിശബ്ദവിപ്ലവം മനസിലാകൂ. വനിതാബ്യൂട്ടിപാര്‍ലറുകളുടെ എണ്ണം ഇതിന്റെ നേര്‍പകുതിയാണെന്നുമറിയുക.കള്ളുഷാപ്പില്‍ കയറുന്നതുപോലെ പുരുഷകേസരികള്‍ തലവഴിമുണ്ടിട്ട്‌ ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയ കാലമെക്കെ എന്നേ കഴിഞ്ഞു. മുടിവെട്ടുന്നതിനൊപ്പം എല്ലാമാസവും ബ്യൂട്ടിപാര്‍ലറിലെത്തി ഫേഷ്യലും ഹെയര്‍കളറിങ്ങും നടത്തുന്നവരാേണറെ. വിവാഹം, പെരുന്നാള്‍ തുടങ്ങിയ ആഘോഷ അവസരങ്ങളില്‍ മാത്രം പാര്‍ലറുകളിലെത്തുന്നവരുമും ധാരാളം. കഴിഞ്ഞ ചെറിയപെരുന്നാള്‍ രാവില്‍ തിരക്കു കാരണം ടൗണിലെ ചില ജെന്റ്‌സ്‌ ബ്യൂട്ടിപാര്‍ലറുകള്‍ പുലര്‍ച്ചെയാണ്‌ അടച്ചത്‌. ഫേഷ്യലില്‍ തന്നെ ഹെര്‍ബല്‍,ഫ്രൂട്ട്‌സ്‌,ഗോള്‍ഡന്‍,ഷെഹ്നാസ്‌ എന്നീ വകഭേദങ്ങളുണ്ട്‌. ലോറിയല്‍, ഷെഹ്നാസ്‌ തുടങ്ങി നിരവധി കമ്പനികളുടെ ഫേഷ്യല്‍കിറ്റുകള്‍ വിപണിയില്‍ ലഭിക്കും. ഇവ വാങ്ങിയാണ്‌ പാര്‍ലറുകള്‍ ഉപയോഗിക്കുന്നത്‌. പ്രമുഖകമ്പനികളെല്ലാംകൂടി ഒരുമാസം പത്തുലക്ഷം രൂപയുടെ േഫഷ്യല്‍കിറ്റുകള്‍ േകാഴിക്കോട്ട്‌ വിറ്റഴിക്കുന്നുവെന്നു കണക്കുകള്‍. ഫ്രൂട്ട്‌സ്‌ ഫേഷ്യലിന്‌ 600 മുതല്‍ 1500 രൂപവരെയാണ്‌ വിവിധ ബ്യൂട്ടിപാര്‍ലറുകളിലെ നിരക്ക്‌. ഗോള്‍ഡന്‍ ഫേഷ്യലാണെങ്കില്‍ നിരക്ക്‌ 1500 രൂപ മുതല്‍ 3000 വരെയാകും. മുഖത്ത്‌ ഫേസ്‌പാക്കുമിട്ട്‌ രണ്ടുമണിക്കൂര്‍ നേരം അനുസരണയുള്ള കുട്ടികളായി അടങ്ങിയിരിക്കുന്ന നിരവധി കൊമ്പന്‍മീശക്കാരെ ബ്യൂട്ടിപാര്‍ലറുകളില്‍ ചെന്നാല്‍ കാണാം. അടുത്ത കസേരയിലിരിക്കുന്നയാള്‍ക്കു പോലും തിരിച്ചറിയാനാവില്ലെന്നതാണ്‌ ഫേസ്‌പാക്കിന്റെ ഗുണം. എല്ലാതരക്കാരും മുഖം മോടികൂട്ടാന്‍ എത്താറുണ്ടെന്ന്‌ ബാലൂസ്‌ ജെന്റ്‌സ്‌ ബ്യൂട്ടിപാര്‍ലര്‍ ഉടമ ജയകുമാര്‍ പറഞ്ഞു. നഗരത്തിലെ ആദ്യ പുരുഷസൗന്ദര്യകേന്ദ്രമായ ബാലൂസിന്‌ മാവൂര്‍ റോഡ്‌, വ്യാപാരഭവന്‍, ഇംഗ്‌ളീഷ്‌പള്ളി, ലിങ്ക്‌ റോഡ്‌ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്‌. `മറ്റുനഗരങ്ങളില്‍ കോളേജ്‌വിദ്യാര്‍ത്ഥികളും കമ്പനി എക്‌സിക്യുട്ടീവ്‌സുമാണ്‌ ബ്യുട്ടിപാര്‍ലറുകളില്‍ കാര്യമായി എത്തുന്നത്‌. ഇവിടെ അങ്ങനെയൊന്നുമില്ല. വിവിധ പ്രായത്തിലുള്ള എല്ലാവിഭാഗക്കാരും വരുന്നുണ്ട്‌. അവരില്‍ മീന്‍കച്ചവടക്കാരും കോളേജ്‌ അധ്യാപകരും അമ്പതു വയസു പിന്നിട്ട ബിസിനസുകാരുമെല്ലാം പെടും.'- ജയകുമാര്‍ പറഞ്ഞു. ഫേഷ്യല്‍ കഴിഞ്ഞാല്‍ പിന്നെ തിരക്ക്‌ മുടിക്ക്‌ വിവിധ വര്‍ണ്ണംനല്‍കുന്ന `ഹെയര്‍ കളറിങ്‌' എന്ന കലാപരിപാടിക്കാണ്‌. വെറുതെ കറുപ്പുനിറം വാരിപൂശാതെ വിവിധ നിറങ്ങളുടെ ലൈറ്റ്‌ ഷേഡുകള്‍ തേച്ചുപിടിപ്പിക്കുന്നതിനെയാണ്‌ ഹെയര്‍ കളറിങ്ങ്‌ എന്നു പറയുന്നത്‌. ഏഴുരൂപയുടെ ഗോദ്‌റെജ്‌ ഡൈ സാഷേ വാങ്ങി ഭാര്യമാരെക്കൊണ്ട്‌ മുടിയില്‍ തേച്ചുപിടിപ്പിച്ചിരുന്ന അപ്പൂപ്പന്‍മാര്‍ പോലും ഇപ്പോള്‍ ഹെയര്‍ കളറിങ്ങിനു ബ്യൂട്ടിപാര്‍ലറുകളിലെത്തുന്നു. ബര്‍ഗണ്ടി, മഹാഗണി എന്നീ ഷേഡുകള്‍ക്കാണ്‌ ഏറെ പ്രിയം. വെളിച്ചം പ്രതിഫലിക്കുമ്പോള്‍ നേരിയ ചുവപ്പുരാശി പടര്‍ത്തുന്ന ബര്‍ഗണ്ടി അധികമായാല്‍ തലയാകെ ചുവന്നുപോകും. ചില കൂട്ടര്‍ അങ്ങനെയാക്കാനും ആവശ്യപ്പെടാറുണ്ടെന്ന്‌ പാര്‍ലര്‍ ജീവനക്കാര്‍ പറയുന്നു. കൃത്യം ഒരുമാസം കഴിഞ്ഞു വീണ്ടും ചെയ്‌തില്ലെങ്കില്‍ നരച്ചമുടി കളറിനുള്ളിലൂടെ എത്തിനോക്കും. ആ അപകടമൊഴിവാക്കാന്‍ ഇരുപത്തഞ്ചാം ദിവസം തന്നെ പാര്‍ലറുകളിലെത്തുന്നവരാണ്‌ തലനരച്ചവരിലേറെയും.

No comments: