പുയ്യാപ്ല മട്ടന്‍ ബിരിയാണി
-----------------------
കോഴി ബിരിയാണിയും കോഴിക്കോട്ടുകാരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. കഴിച്ചുമടുത്ത സാദാ ബിരിയാണിയല്ല വ്യത്യസ്തമായ പലതരം ബിരിയാണികളാണ് എരഞ്ഞിപ്പാലം ജങ്ഷനിലെ കറിഹൗസ് റസ്‌റ്റോറന്റില്‍ നടക്കുന്ന ബിരിയാണി ഭക്ഷ്യമേളയില്‍ വിളമ്പുന്നത്. പുയ്യാപ്ല മട്ടന്‍ ബിരിയാണി, കോഴിക്കോടന്‍ കോഴി ബിരിയാണി, തലശ്ശേരി ആവോലി ബിരിയാണി, ചെട്ടിനാട് ചിക്കന്‍ ബിരിയാണി, നവാബി ചിക്കന്‍ ബിരിയാണി... മേളയില്‍ വൈവിധ്യങ്ങളേറെ. ബിരിയാണി മാസ്റ്റര്‍മാരായ നവാസിനും ശ്രീകുമാറിനുമാണ് പാാചകത്തിന്റെ ചുമതല. എന്നും ഉച്ചയ്ക്ക് 12 മണിമുതല്‍ ആരംഭിക്കുന്ന മേള ഞായറാഴ്ച സമാപിക്കും.
ചേരുവകള്‍
1. ബിരിയാണി അരി- ഒരു കിലോ
2. കറുവപട്ട- നാല് കഷ്ണം
3. കിസ്മിസ്- രണ്ട് വലിയ സ്പൂണ്‍
4. അണ്ടിപ്പരിപ്പ്- രണ്ട് രണ്ട് വലിയ സ്പൂണ്‍
5. നെയ്യ്- 250 ഗ്രാം
6. സവാള അരിഞ്ഞത്- 250 ഗ്രാം
7. മട്ടന്‍- ഒരു കിലോ
8. പച്ചമുളക്- 15
9. ഇഞ്ചി ചതച്ചത്- രണ്ട് വലിയ സ്പൂണ്‍
10. വെളുത്തുള്ളി ചതച്ചത്- രണ്ട് വലിയ സ്പൂണ്‍
11. ചെറുനാരങ്ങാനീര്- രണ്ട് വലിയ സ്പൂണ്‍
12. മല്ലിയില, പുതിനയില- രണ്ട് വലിയ സ്പൂണ്‍ വീതം
13. മല്ലി അരച്ചത്- രണ്ട് വലിയ സ്പൂണ്‍
14. കസ്‌കസ്- രണ്ട് രണ്ട് വലിയ സ്പൂണ്‍
15. തൈര്- ഒരു കപ്പ്
16. ഏലയ്ക്ക, ജാതിപത്രി, സാജീരകം, ഗ്രാമ്പൂ എന്നിവ പൊടിച്ചത്- രണ്ട് ടീസ്പൂണ്‍
17. ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ ബിരിയാണി അരിയും ആവശ്യത്തിന് വെള്ളവും ഉപ്പും കറുവപ്പട്ടയുമിട്ട് തിളയ്ക്കുമ്പോള്‍ പകുതി വേവില്‍ വാര്‍ത്തെടുക്കുക. കിസ്മിസ്, അണ്ടിപ്പരിപ്പ്, സവാള അരിഞ്ഞതില്‍ പകുതി എന്നിവ നെയ്യില്‍ വറുത്തുകോരുക. അതേ നെയ്യില്‍ ബാക്കിയുള്ള സവാള വഴറ്റിയെടുക്കുക.
ഒരു പാത്രത്തില്‍ സവാള വഴറ്റിയെടുത്തത്, മട്ടന്‍, ഇഞ്ചി, വെളുത്തുളളി, നാരങ്ങനീര്, മല്ലിയില, പുതിനയില, തൈര്, പതിനാറാമത്തെ ചേരുവ പൊടിച്ചതില്‍ പകുതി, പാകത്തിന് ഉപ്പ് എന്നിവ നല്ലവണ്ണം യോജിപ്പിച്ച്‌വെക്കുക. ഇതിന് മീതെ മാറ്റിവച്ച ചോറ് നിരത്തുക. ഇതിന് മീതെ വറുത്തുകോരിയ സവാള, കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവയും ബാക്കി ബിരിയാണി മസാലപ്പൊടിയും നിരത്തുക. സവാള ഊറ്റിക്കോരിയ നെയ്യ് ഇതിന് മേലെ ഒഴിക്കുക. ചെമ്പ് പാകത്തിലുള്ള അടപ്പു കൊണ്ട് മൂടി ആവി പുറത്തുപോകാതിരിക്കാന്‍ മാവ് കൊണ്ട് ഒട്ടിക്കുക. അടുപ്പില്‍ പതിനഞ്ചോളം ചിരട്ടയിട്ട് ബിരിയാണിച്ചെമ്പ് വച്ച് 20 മിനുട്ട് ദം ചെയ്യുക. പിന്നീട് ഈ കനലില്‍ ഒരു മണിക്കൂര്‍ നേരം വെക്കുക. ഇതിനുശേഷം ബിരിയാണി തുറന്ന് ഉപയോഗിക്കാം.
tastembi@gmail.com



