Wednesday, February 22, 2012

ഇറച്ചികായ ഉലര്‍ത്ത്


















കോഴിക്കോട് നഗരത്തിലെ ഭക്ഷണപ്രിയരുടെ പുതുഡെസ്റ്റിനേഷനാണ് കറിഹൗസ് റസ്‌റ്റോറന്റ്. എരഞ്ഞിപ്പാലം കാരപ്പറമ്പ് റോഡില്‍ ആശീര്‍വാസ് ലോണ്‍സിന് തൊട്ടടുത്താണ് ഈ ഹോട്ടല്‍. മിതമായ വില, വൃത്തിയുള്ള അന്തരീക്ഷം എന്നിവയാണ് കറിഹൗസിനെ ശ്രദ്ധേയമാക്കുന്നത്. കോഴിക്കോട് നഗരത്തിലെ റെസ്‌റ്റോറന്റുകളില്‍ വച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ബിരിയാണി വിളമ്പുന്നത് തങ്ങളാണെന്ന് കറിഹൗസ് മാനേജിങ് പാര്‍ട്ണര്‍ ബിനുജോര്‍ജ് അവകാശപ്പെടുന്നു. മറ്റിടങ്ങളില്‍ 110 രൂപ വരെ ഈടാക്കുന്ന കോഴിബിരിയാണിക്ക് കറിഹൗസില്‍ 90 രൂപയേ വിലയുള്ളൂ. കൃത്രിമ സുഗന്ധവസ്തുക്കളോ നിറങ്ങളോ ഒന്നും ചേര്‍ക്കാതെയുണ്ടാക്കുന്ന നാടന്‍ വിഭവങ്ങളും കറിഹൗസിലുണ്ട്. ചിക്കന്‍ തട്ടുകട, നാടന്‍ മട്ടന്‍കറി, ചമ്പക്കുളം മീന്‍കറി, താറാവുമുട്ട പൊടിമസാല, ബീഫ് കായ ഉലര്‍ത്ത് എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇവയ്‌ക്കൊപ്പം തലശ്ശേരി മീന്‍ബിരിയാണി, തലശ്ശേരി ദം ബിരിയാണി എന്നിവയും വിളമ്പുന്നുണ്ട്. ബീഫ് കായ ഉലര്‍ത്ത് തയ്യാറാക്കുന്ന വിധം:

ചേരുവകള്‍

1. ബീഫ് ഒരു കിലോ (ചെറിയ കഷ്ണങ്ങളാക്കിയത്

2. പച്ചക്കായ 200 ഗ്രാം

3. സവാള 250 ഗ്രാം

4. പച്ചമുളക് അഞ്ചെണ്ണം

5. ഇഞ്ചി 25 ഗ്രാം

6. വെളുത്തുള്ളി 25 ഗ്രാം

7. കറിവേപ്പില നാലു തണ്ട്

8. വെളിച്ചെണ്ണ 150 മില്ലി

9. മുളകുപൊടി രണ്ട് ടേബിള്‍ സ്പൂണ്‍

10. മല്ലിപ്പൊടി ഒരു ടീസ്പൂണ്‍

11. മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍

12. ഇറച്ചിമസാല ഒരു ടേബിള്‍ സ്പൂണ്‍

13. പെരുംജീരകപ്പൊടി ഒരു ടീസ്പൂണ്‍

14. കുരുമുളകുപൊടി അര ടീസ്പൂണ്‍

15. ഉപ്പ് പാകത്തിന്


പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ യഥാക്രമം വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചിമസാല, പെരുംജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റിയശേഷം ഇറച്ചിയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. ഇറച്ചി വെന്തുവരുമ്പോള്‍ അരിഞ്ഞുവെച്ച പച്ചക്കായ, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഉലര്‍ത്തിയശേഷം ഉപയോഗിക്കാം.

1 comment:

Foodie@calicut said...

please read this blog and comment....