Monday, February 20, 2012

ചരിത്രം തിരുത്തിയ കൈപ്പുണ്യം





















പാചകമേമഖല സ്ത്രീകള്‍ക്ക് അപ്രാപ്യമല്ലെന്ന് തെളിയിക്കുന്നു
കേരളത്തിലെ ആദ്യവനിതാഷെഫ് ലത. ഈ രംഗത്ത് കാല്‍നൂറ്റാണ്ടിന്റെ
അനുഭവപരിചയമുള്ള ലതയുടെ വിശേഷങ്ങളിലേക്ക്...












വീടുകളിലെല്ലാം വച്ചുവിളമ്പുന്നത് സ്ത്രീകളാണെങ്കിലും ഹോട്ടലിലെത്തിയാല്‍ കഥ മാറും. തട്ടുകടകളില്‍ തൊട്ട് നക്ഷത്രഹോട്ടലുകളില്‍ വരെ പാചകമെന്നത് പുരുഷന്റെ കുത്തക തന്നെ. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാന്‍ ഇഷ്ടംപോലെ പെണ്‍കുട്ടികളെത്താറുണ്ടെങ്കിലും ചൂടും പുകയും ടെന്‍ഷനും നിറഞ്ഞ അടുക്കളജോലി തിരഞ്ഞെടുക്കാന്‍ മിക്കവരും മടിക്കുന്നു. കൃത്രിമപ്പുഞ്ചിരിയുമായി അതിഥികളെ സ്വാഗതം ചെയ്യുന്ന ഫ്രണ്ട് ഓഫീസ് ജോലിയാണ് അവര്‍ക്കിഷ്ടം. കോഴിക്കോട്ടുകാരിയായ ലത മാത്രമേയുള്ളൂ പാചകരംഗത്തെ ആണ്‍കോയ്മയ്ക്ക് മറുപടി നല്‍കാന്‍. കേരളത്തിലെ ആദ്യവനിതാഷെഫ് എന്ന അപൂര്‍വ്വനേട്ടത്തിനുടമയായ ലത വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നഗരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. കണ്ണൂര്‍ റോഡിലെ ഹോട്ടല്‍ സബ്കയില്‍ എക്‌സിക്യുട്ടീവ് ഷെഫായി പ്രവര്‍ത്തിക്കുകയാണ് ലതയിപ്പോള്‍.

നല്ല ഭര്‍ത്താക്കന്‍മാരെ കിട്ടണമെങ്കില്‍ നന്നായി വെച്ചുണ്ടാക്കണമെന്ന മുത്തശ്ശിപ്പഴമൊഴി കേട്ടുവളര്‍ന്ന നാടന്‍ പെണ്‍കുട്ടിയായിരുന്നു താനെന്ന് ലത പറയും. ചെറുപ്പം തൊട്ടേ പാചകം വലിയ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ കല്യാണവും കഴിഞ്ഞു. വിവാഹശേഷം ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരമാണ് ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയുട്ടില്‍ ആറുമാസത്തെ കുക്കിങ് ക്ലാസിനുപോകുന്നത്. കോഴ്‌സ് കഴിഞ്ഞതിനുശേഷം കുറച്ചുകാലം കോഴിക്കോട്ട് തന്നെ കാറ്ററിങ് ബിസിനസ് നടത്തി. ഒരു ഹോട്ടലും തുടങ്ങി. അതുകൊണ്ടൊന്നും ഉള്ളിലെ പാചകക്കാരി തൃപ്തയായില്ലെന്ന് ലത. ഒരു ദിവസം ഹോട്ടലിന് ഷട്ടറിട്ട്, മക്കളെ അമ്മൂമ്മയുടെ അടുത്തേല്‍പ്പിച്ച് ലത നേരെ ചെന്നൈയ്ക്ക് വണ്ടി കയറി. റോയല്‍ പാരി ഹോട്ടലില്‍ അസിസ്റ്റന്റ് കുക്കായി ജോലിക്ക് ചേര്‍ന്നു. അവിടെ വച്ചാണ് പാചകജോലിയുടെ വിവിധ വശങ്ങള്‍ പഠിക്കുന്നത്. ചൈനീസ്,കോണ്ടിനെന്റല്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കാനും പരിശീലനം നേടി. ഏതാനും വര്‍ഷങ്ങളുടെ ചെന്നൈ ജീവിതത്തിനുശേഷം കൊച്ചിയിലേക്ക്. സാജ് റിസോര്‍ട്‌സില്‍ സീഫുഡ് സ്‌പ്യെഷാലിറ്റി ഷെഫായി ജോലിക്ക് കയറി. പിന്നീട് ആയില്യം ഗ്രൂപ്പ്, മഞ്ജുഷ ഹോളിഡേയ്‌സ്... ഇവിടെയൊക്കെ എക്‌സിക്യുട്ടീവ് ഷെഫായും കോര്‍പറേറ്റ് ഷെഫായും പ്രവര്‍ത്തിച്ചു. പതിനായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം വിളമ്പിയ വന്‍കിട പാര്‍ട്ടികളുടെ മുഖ്യപാചകക്കാരിയായി.

തായ് ഭക്ഷണവും കടല്‍വിഭവങ്ങളുമാണ് ലതയുടെ മാസ്റ്റര്‍പീസ് ഐറ്റങ്ങള്‍. വിവിധ റിസോര്‍ട്ടുകളില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ അതിഥികളായി എത്തുന്ന വിദേശികളില്‍ നിന്നാണ് തായ് ഭക്ഷണശൈലിയിലെ പലവിഭവങ്ങളെപ്പറ്റി കേള്‍ക്കുന്നത് തന്നെ. ഓരോന്നായി ഉണ്ടാക്കി എല്ലാം പഠിച്ചു. ഇതിനിടയിലാണ് ട്രൈബല്‍ ഭക്ഷണശൈലിയെക്കുറിച്ചറിയുന്നത്. നമ്മുടെ നാട്ടിലെ വിവിധ ആദിവാസിവിഭാഗങ്ങളുടെ തനതുഭക്ഷ്യവിഭവങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരുവര്‍ഷത്തോളം വയനാട്ടില്‍ ചെലവഴിച്ചു. ഹോട്ടല്‍ സബ്കയില്‍ ഇപ്പോള്‍ എല്ലാ ബുധനാഴ്ചകളിലും ലത നടത്തുന്ന 'ട്രൈബല്‍ ഫുഡ്‌ഫെസ്റ്റിവലി'ലെ വ്യത്യസ്തരുചികള്‍ ആസ്വദിക്കുമ്പോള്‍ നിരവധി പേരെത്തുന്നു.

പാചകരംഗത്തെത്തി 25 വര്‍ഷമായിട്ടും തന്റെ പാത പിന്തുടര്‍ന്ന് ഏറെ സ്ത്രീകളൊന്നും ഈ രംഗത്തേക്ക് വരാത്തതില്‍ ലതയ്ക്ക് ദു:ഖമുണ്ട്. നീളുന്ന ജോലിസമയവും സമ്മര്‍ദ്ദവും കാരണമാണ് സ്ത്രീകള്‍ പാചകജോലിയോടു വിമുഖത കാട്ടുന്നതെന്ന് ലത പറയുന്നു. ''സ്റ്റാര്‍ ഹോട്ടലുകളിലെ പാചകമൊരു മാജിക്കാണ്. ഒരേസമയം അഞ്ചും പത്തും ഓര്‍ഡറുകള്‍ കിച്ചണിലെത്തും. തീന്‍മേശയില്‍ അക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്ക് മിനുട്ടുകള്‍ക്കുള്ളില്‍ അതൊക്കെ ചൂടോടെ പാകം ചെയ്തുകൊടുക്കണം. അല്പം ഉപ്പോ എരിവോ കൂടിപ്പോയാല്‍ എല്ലാം തീര്‍ന്നു. തുടക്കത്തില്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യണ്ടിവരും. വന്‍കിട ഹോട്ടലുകളിലെ കിച്ചനുകളിലൊന്നും ഇരിക്കാനൊരു സ്റ്റൂള്‍ പോലുമുണ്ടാകില്ല. മുഴുവന്‍ സമയവും നിന്നുകൊണ്ടായിരിക്കും ജോലി. ഇതു കാരണമാകും പെണ്‍കുട്ടികള്‍ ഷെഫ് ജോലിയോട് താത്പര്യം കാട്ടാത്തത്''-ലതയുടെ നിരീക്ഷണം. ഇതൊക്കെയാണെങ്കിലും ഹോട്ടല്‍ ജോലി സ്ത്രീകള്‍ക്കു പറ്റിയതല്ല എന്ന അഭിപ്രായമൊന്നും ലതയ്ക്കില്ല. ''25 വര്‍ഷമായി ഈ മേഖലയില്‍ ജോലി തുടങ്ങിയിട്ട്. എല്ലാവരും ഷെഫ് ലത എന്ന ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളൂ. വിളിക്കാറുള്ളൂ. ഡ്യൂട്ടി കഴിഞ്ഞ് രാത്രി 11 മണിക്ക് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്താണ് വീട്ടിലേക്കു പോകാറ്. ഇതുവരെ ആരുടെയെങ്കിലും ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. പുരുഷന്‍മാരെ അപേക്ഷിച്ച് ശമ്പളം കുറവാണെങ്കിലും ജോലിസ്ഥലത്ത് സ്ത്രീയെന്ന നിലയ്ക്ക് ഒരു വിവേചനവും അനുഭവപ്പെട്ടില്ല''- ലത പറയുന്നു.

കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയായ ലത ഇപ്പോള്‍ കുണ്ടൂപ്പറമ്പ് 'സാഗര'യിലാണ് താമസം. ഭര്‍ത്താവ് ഭുവനേന്ദ്രന്‍ ബേബി മറൈന്‍ ഗ്രൂപ്പില്‍ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിക്കുന്നു. മൂന്ന് പെണ്‍കുട്ടികളാണിവര്‍ക്ക്. കൂടുതല്‍ സ്ത്രീകളെ പാചകരംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതിയും ലത ആരംഭിച്ചുകഴിഞ്ഞു. ഒമ്പത് സ്ത്രീകള്‍ ഇപ്പോള്‍ തന്നെ ഇവരുടെ കീഴില്‍ പാചകപരിശീലനം ആരംഭിച്ചിട്ടുണ്ട്. അല്പം ഭാവനയും കഠിനാധ്വാനം ചെയ്യാനുള്ള സന്‍മനസുമുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഷെഫ് ജോലിയില്‍ തിളങ്ങാന്‍ പറ്റുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു ലത.


1 comment:

Foodie@calicut said...

pls read my post and comment