Thursday, September 10, 2009

criminal lawyer


ക്രിമിനല്‍ ലോയര്‍
------------------

ഒരു സുപ്രധാന വാര്‍ത്ത സംബന്ധിച്ച് പ്രതികരണം തേടാന്‍ നഗരത്തിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനെ കാണാന്‍ പോയതായിരുന്നു ഞാന്‍. ആള്‍ ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ച് ഭക്തിയും പുസ്തകവായനയുമൊക്കെയായി വിശ്രമത്തിലാണിപ്പോള്‍. സംസ്ഥാനത്തെ ഉന്നതപദവികളിലിരുന്ന വ്യക്തിയാണ്. കാര്യം പറഞ്ഞപ്പോള്‍ വിശദമായിതന്നെ അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്ന് സംസാരം രാഷ്ട്രീയത്തിലേക്കും വീട്ടുകാര്യങ്ങളിലേക്കും കടന്നു. പേരുകേട്ട ക്രിമിനല്‍ വക്കീലായതിനാല്‍ അഭിഭാഷകജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചു ഞാന്‍ ചോദിച്ചൂ. സംസ്ഥാനത്തെ പ്രമാദമായ പലക്രിമിനല്‍ കേസുകളിലെയും പ്രതികളെ പുഷ്പം പോലെ ഇറക്കയ ആളാണ്. അതില്‍ രാഷ്ട്രീയകൊലപാതകങ്ങളും ബലാത്സംഗക്കേസുകളുമെല്ലാം പെടും. ''അതിലൊന്നും വലിയ കാര്യമില്ലനിയാ. നിങ്ങള്‍ക്കറിയുമോ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ഒട്ടുമിക്ക കോടതികളിലൂം ഞാന്‍ വാദിച്ചിട്ടുണ്ട്. കള്ളക്കടത്തുപ്രതികളെ രക്ഷിക്കാന്‍. കൊഫേപോസ കേസില്‍ ജയിലിലായ മംഗലാപുരത്തെ എത്രയോ അധോലോകനായകരെ ഞാന്‍ പുഷ്പം പോലെ പുറത്തിറക്കിയിരിക്കുന്നു. അതിനു നാട്ടില്‍ വലിയ പബഌസിറ്റി കൊടുത്തില്ലെന്ന് മാത്രം''- അദ്ദേഹം ചിരിച്ചൂകൊണ്ടു പറഞ്ഞു. ബലാത്സംഗക്കേസുകളായിരുന്നു പുള്ളിയുടെ മറ്റൊരു സ്‌പ്യെഷലൈസേഷന്‍. '' പെണ്ണിന്റെ മൊഴിയാണ് അത്തരം കേസുകളിലെ നിര്‍ണായകഘടകം. അതു തെറ്റാണെന്ന് സ്ഥാപിക്കാന്‍ വളരെ എളുപ്പമാണ്. സംഭവം നടന്നതിനെക്കുറിച്ച് വിശദമായി ഞാന്‍ ചോദിച്ചുമനസിലാക്കും. അപ്പോള്‍ തന്നെ മൊഴി പൊട്ടിക്കാനുള്ള പോയിന്റുകള്‍ മനസില്‍ വരും. ഞാന്‍ മിണ്ടില്ല. ക്രോസ് വിസ്താരത്തിന്റെ അവസാനദിവസം ഞാന്‍ തിരിച്ചുമറിച്ചും രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നതോടെ പെണ്ണിന്റെ കഥ കഴിയും. കൃത്യമായ ഉത്തരം നല്‍കാനാകാതെ എത്രയോ പെണ്‍കുട്ടികള്‍ പ്രതിക്കൂട്ടില്‍ നിന്ന് ആര്‍ത്തുകഞ്ഞിട്ടുണ്ട്. വക്കീല്‍ എന്ന നിലയ്ക്ക് ചെയ്ത ജോലിയുടെ സംതൃപ്തി ലഭിച്ചത് അപ്പോളൊക്കെയാണ്''- ആ ചിരിക്കാന്‍ തുടങ്ങി. ബാലന്‍ കെ. നായരെയോ ടി.ജി. രവിയെയോ ഓര്‍മിപ്പിക്കുന്ന ചിരി. കൂടുതല്‍ ചോദിക്കാന്‍ മനസനുവദിച്ചില്ല. എത്രയും പെട്ടെന്ന് അവിടെനിന്നിറങ്ങി രക്ഷപ്പെടാനായിരുന്നു തിടുക്കം. വീടിനു പുറത്തിറങ്ങി ബൈക്ക് സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഗേറ്റിലെ ബോര്‍ഡില്‍ സൂക്ഷിച്ചു വായിച്ചു- 'ക്രിമിനല്‍ ലോയര്‍'.

Saturday, August 1, 2009

ambili


മധുരഗാനങ്ങളുമായി

അമ്പിളി വീണ്ടും


എന്നുമോര്‍മിക്കുന്ന ഒരുപിടി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക്‌ സമ്മാനിച്ച ഭാവഗായിക അമ്പിളി സംഗീതരംഗത്തേക്ക്‌ മടങ്ങിയെത്തുന്നു. പിന്നണിഗാനങ്ങളിലൂടെയല്ല സ്‌റ്റേജ്‌ ഷോകളിലുടെയാണ്‌ അമ്പിളിയുടെ രണ്ടാംവരവ്‌. `മായമ്പ്‌ ഗോള്‍ഡന്‍മെലഡീസ്‌' എന്ന ട്രൂപ്പ്‌ രൂപത്‌കരിച്ചുകൊണ്ട്‌ കോഴിക്കോട്‌ ഉള്‍പ്പെടെയുള്ള പ്രധാനനഗരങ്ങളില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്‌ അമ്പിളി ഇപ്പോള്‍. പരിപാടിയുടെ റിഹേഴ്‌സലിനായി അവര്‍ കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയിരുന്നു. സ്വാമി അയ്യപ്പനിലെ `തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി' എന്ന ഒറ്റ ഗാനം മതി മലയാളിയുടെ മനസില്‍ അമ്പിളിയുടെ സ്വരം നിറയ്‌ക്കാന്‍. വീണ്ടും പ്രഭാതത്തിലെ `ഊഞ്ഞാല, ഊഞ്ഞാല', അപരാധിയിലെ `തുമ്പീ തുമ്പീ തുള്ളാന്‍ വായോ' മണിയറയില്‍ യേശുദാസിനൊപ്പം പാടിയ `മിഴിയിണ ഞാന്‍ അടയ്‌ക്കുേമ്പാള്‍' തുടങ്ങി ഒട്ടേറെ ഹിറ്റ്‌ ഗാനങ്ങള്‍ ഈ ഗായികയുടെ പേരിലുണ്ട്‌. കുട്ടികളുടെ ശബ്ദത്തിലും പിന്നെ മയംമനക്കുന്ന മാദകഭാവത്തിലും അമ്പിളി പാടിയ പാട്ടുകള്‍ എഴുപതുകളില്‍ തരംഗം തന്നെ സൃഷ്ടിച്ചു. വിവിധ ഭാഷകളിലെ എഴുനൂറു ചിത്രങ്ങളിലായി മൂവായിരത്തോളം പാട്ടുകള്‍ പാടിയിട്ടുള്ള അമ്പിളി കഴിഞ്ഞ കുറേക്കാലമായി ചലചിത്രരംഗത്തുനിന്ന്‌ വിട്ടുനില്‍ക്കുകയായിരുന്നു. വിവാഹശേഷം കുടുംബവും കുട്ടികളുമായുള്ള തിരക്കിനിടെ സിനിമയ്‌ക്ക്‌ താത്‌ക്കാലിക അവധി കൊടുത്തതാണെന്ന്‌ അമ്പിളി പറയുന്നു. ഇതിനിടയില്‍ ചില ഭക്തി ഗാനകാസറ്റുകളും `നാരായണീയം' ആല്‍ബവും പുറത്തിറക്കി. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ അമ്പിളി ചെന്നൈമലയാളിയും അടുത്ത സുഹൃത്തുമായ മായ മോഹന്റെ കൂടെച്ചേര്‍ന്നാണ്‌ പുതിയ സംഗീതട്രൂപ്പ്‌ രൂപവത്‌ക്കരിച്ചത്‌. ഇരുവരുടെയും പേരുകളുടെ സങ്കലനമാണ്‌ `മായമ്പ്‌'. പഴയകാലഗാനങ്ങള്‍ക്കൊപ്പം പുതിയപാട്ടുകളും ചേര്‍ന്നതാണ്‌ മായമ്പ്‌ ഗോള്‍ഡന്‍ മെലഡീസെന്ന്‌ അമ്പിളി പറഞ്ഞു. ആഗസ്‌റ്റ്‌ 19ന്‌ തിരുവനന്തപുരത്താണ്‌ `മായമ്പി'ന്റെ ആദ്യപരിപാടി. വിവിധ ജില്ലകളില്‍ നിന്നായി 23 ഗായകര്‍ മായമ്പിനായി വേദിയിലെത്തുന്നുണ്ട്‌. കോഴിക്കോട്ടെ ഗായകരായ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സുനില്‍ ഭാസ്‌കര്‍, മേഘ്‌ന, രാഖി എന്നിവരും പാടുന്നു. ഇവര്‍ക്കൊപ്പം ഓരോ വേദിയിലും ഒരു സെലിബ്രിറ്റി ഗസ്‌റ്റ്‌ കൂടെ പാടാനെത്തും. തിരുവവന്തപുരത്തെ പരിപാടിയില്‍ ഗായകന്‍ ഹരിഹരനും ഡ്രമ്മര്‍ ശിവമണിയുമാകും വിശിഷ്ടാതിഥികളെന്ന്‌ അമ്പിളി പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ `മായമ്പ്‌ ഗോള്‍ഡന്‍മെലഡീസ്‌' സംഗീതപരിപാടി അവതരിപ്പിക്കുമെന്നും അമ്പിളി സൂചിപ്പിച്ചു.

Friday, July 3, 2009

mammootiyum lohithadasum


തീറ്റയും കുടിയുമല്ല മനസിനെ വല്ലാതെ വിഷമിപ്പിച്ച ഒരു ഓര്‍മയെക്കുറിച്ചാണ്‌ റപ്പായി ഇത്തവണ പറയുന്നത്‌.
ഇതു പറയാന്‍ ഇവിടെയല്ലാതെ മറ്റൊരു സ്‌പേസ്‌ ഇല്ലല്ലോ....


വേഷങ്ങള്‍ ജന്മങ്ങള്‍


2004. കോഴിക്കോട്‌ `വേഷം' സിനിമയുടെ ഷൂട്ടിങ്‌ നടക്കുന്നു. സെറ്റില്‍ മമ്മൂട്ടിയെ കാണാനെത്തിയ എന്റെ അന്നത്തെ എഡിറ്ററുടെ ഡ്രൈവറായി പോയതാണ്‌ ഞാന്‍. എഡിറ്ററും മമ്മൂട്ടിയും തമ്മില്‍ അടുത്ത ബന്ധമാണ്‌. ഞങ്ങളെ കണ്ടയുടന്‍ മമ്മൂട്ടി അടുത്തേക്ക്‌ വന്ന്‌ കുശലം പറഞ്ഞു. എന്നെ പരിചയപ്പെട്ടു. ഇയാള്‍ നന്നായി എഴുതുമെന്ന എഡിറ്ററുടെ പുകഴ്‌ത്തലിന്‌ `അത്രയ്‌ക്ക്‌ നല്ല കൈയക്ഷരമാണോ' എന്ന മറുചോദ്യമുന്നയിച്ച്‌ തമാശ പൊട്ടിക്കാനും മമ്മൂട്ടി മറന്നില്ല. സംസാരം കുറച്ചുകഴിഞ്ഞപ്പോള്‍ ലോഹിതദാസിലേക്കെത്തി. എഡിറ്റര്‍ക്ക്‌ ലോഹിതദാസുമായും അടുത്ത സൗഹൃദമുണ്ട്‌. ``ലോഹിയേട്ടന്‍ വലിയ വിഷമത്തിലാണ്‌. മമ്മൂക്കയ്‌ക്ക്‌ എന്തോ തെറ്റിദ്ധാരണകളുണ്ടെന്ന്‌ പറയുന്നത്‌ കേട്ടു''- എഡിറ്റര്‍ പറഞ്ഞുതുടങ്ങുമ്പോഴേക്കും മമ്മൂട്ടിയുടെ സ്വരം ഉയര്‍ന്നു. ``അയാളെപറ്റി എന്നോടൊന്നും പറയേണ്ട. എനിക്ക്‌ താത്‌പര്യമില്ല''-ഇതായിരുന്നു എടുത്തടിച്ചതുപോലെയുള്ള മറുപടി. അതല്ല മമ്മൂക്ക, നിങ്ങള്‍ പരസ്‌പരം സംസാരിക്കണം. പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത തെറ്റിദ്ധാരണയില്ലല്ലോ എന്നു പറഞ്ഞ്‌ എഡിറ്റര്‍ ലോഹിതദാസിനെ മൊബൈലില്‍ വിളിച്ചു. ``ലോഹിയേട്ടാ ഞാന്‍ മമ്മൂക്കയുടെ കൂടെ കോഴിക്കോടുണ്ട്‌. ഞാന്‍ കൊടുക്കാം'' എന്നു പറഞ്ഞ്‌ ഫോണ്‍ നീട്ടിയെങ്കിലും ആ കൈ തട്ടി മാറ്റുകയാണ്‌ മമ്മൂട്ടി ചെയതത്‌. ``ഒരാള്‍ നശിക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും തടയാന്‍ പറ്റില്ല. എല്ലാമറിയാമെന്ന ഭാവമാണ്‌ അയാള്‍ക്ക്‌. തന്നത്താന്‍ അനുഭവിക്കട്ടെ'' എന്നു തുടങ്ങി മിനുട്ടകളോളം മമ്മൂട്ടി ഷൗട്ട്‌ ചെയ്‌തു. ഞാനും എഡിറ്ററും സ്‌തബ്ധരായിപോയി. ഫോണിന്റെ മറുതലയക്കലുള്ള ലോഹിതദാസ്‌ ഇതെല്ലാം കേള്‍ക്കുന്നുണ്ടാകുമല്ലോ എന്നായിരുന്നു എന്റെ വിഷമം. മമ്മൂട്ടിയെന്ന മഹാനടനെക്കുറിച്ച്‌ മനസില്‍ സൂക്ഷിച്ചിരുന്ന എല്ലാ ആദരവും നഷ്ടമായ ദിവസമായിരുന്നു അത്‌. എന്തിനായിരുന്നു മമ്മൂട്ടി ലോഹിതദാസിനോട്‌ അത്ര മോശമായി പെരുമാറിയതെന്ന്‌ കുറേക്കാലം എന്നെ അലട്ടി. അഞ്ചുവര്‍ഷം കഴിഞ്ഞ്‌ ലോഹിതദാസ്‌ മരിച്ചപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും അദ്ദേഹത്തെക്കുറിച്ച്‌ വാചാലരാകുന്നത്‌ കണ്ടു. ലോഹിയുടെ രണ്ടുമക്കളെ സ്‌പോണ്‍സര്‍ ചെയ്‌ത കാര്യം മമ്മൂട്ടി പത്രങ്ങളിലൂടെ ലോകത്തെ മുഴുവന്‍ അറിയിച്ചപ്പോള്‍ ഞാന്‍ പഴയ ആ സംഭവം ഓര്‍ത്തു.

പാവം ലോഹിതദാസ്‌.

ഇതുപോലെ എത്രയെത്ര പേര്‍ ആ വലിയ മനുഷ്യനെ അപമാനിച്ചിട്ടുണ്ടാകും. താന്‍ എഴുതിയ തിരക്കഥകളിലൂടെ വന്‍ താരങ്ങളായി മാറിയ നടീനടന്‍മാര്‍ ഒടുവില്‍ തള്ളിപ്പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നു എന്നത്‌ ലോഹിതദാസിനു മാത്രം കഴിയുന്ന കാര്യം.

Friday, June 26, 2009

oonu kazhikkam

കോഴിക്കോട്ടുകാര്‍ ഊണ്‌ കഴിക്കുന്നതെവിടെനിന്ന്‌?
അതറിയാന്‍ ഭക്ഷണശാലകളിലൂടെ ഉച്ചനേരത്ത്‌ ഒരു ഓട്ടപ്രദക്ഷിണം...


ഇലയിടാം, ഊണ്‍ തയാര്‍
`ഊണ്‍ തയ്യാര്‍'...കണ്ണാടിച്ചുമരിനപ്പുറം ഈ ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടാലുടന്‍ തുടങ്ങും നഗരത്തിലെ ഹോട്ടലുകളിലെ തിരക്ക്‌. പതിനഞ്ചുരൂപയുടെ നാടന്‍ ഊണുമുതല്‍ അഞ്ഞൂറു രൂപയുടെ എക്‌സിക്യുട്ടീവ്‌ ലഞ്ച്‌ വരെ വിളമ്പുന്ന നൂറിലേറെ ഭക്ഷണശാലകള്‍ നഗരത്തിലുണ്ട്‌. എല്ലാം ഒന്നിനൊന്നു വ്യത്യസ്‌തരുചികളും പാചകശെലിയിലുമുള്ളത്‌. രണ്ടാം ഗേറ്റ്‌ കടന്ന്‌ അല്‌പം മുന്നോട്ടുനടന്ന്‌ ഇടതുവശത്തെ കുടുസുവഴിയിലേക്ക്‌ കയറിയാല്‍ ഹോട്ടല്‍ കൃഷ്‌ണദാസിലെത്താം. പതിവുകാരല്ലാത്തവര്‍ സ്ഥലം തേടിപ്പിടിക്കാന്‍ തന്നെ കുഴങ്ങും. പന്ത്രണ്ടടിച്ച്‌ അല്‌പം കഴിഞ്ഞാല്‍ കൃഷ്‌ണദാസില്‍ ഇലയിടും. പിന്നെ വൈകീട്ട്‌ നാലുവരെ ഊണിന്റെ ബഹളം. കഴിച്ചുതീരുംമുമ്പേ ആളുകള്‍ സീറ്റുപിടിക്കാന്‍ പുറകില്‍ വന്നുനില്‍ക്കും. ഊണ്‍ മാത്രമേ ഇവിടെയുള്ളൂ. ചായയോ പലഹാരേോ വേണമെന്നുള്ളവര്‍ക്ക്‌ ഹോട്ടലിനുള്ളിലെ `തുരങ്ക'ത്തിലൂടെ തൊട്ടടുത്തുള്ള അശോക ടീഷോപ്പിലെത്താം. രണ്ടും സഹോദരസ്ഥാപനങ്ങള്‍. കൃഷ്‌ണദാസിലെ ഊണു തേടി വര്‍ഷങ്ങളായി മുടങ്ങാതെയെത്തുന്ന പതിവുകാരുണ്ട്‌. തനി നാടന്‍ രീതിയിലുള്ള ചോറും കറികളും, അതു തന്നെ കൃഷ്‌ണദാസിന്റെ പ്രത്യേകത.ഊണു കഴിക്കാന്‍ `അമ്മയുടെ അടുത്തേക്ക്‌' പോകാം എന്നാരെങ്കിലും പറയുന്നതുകേട്ടാല്‍ വീട്ടിലേക്കാണെന്ന്‌ കരുതേണ്ട. പുതിയറയിലെ കാര്‍ത്ത്യായനിഅമ്മ നടത്തുന്ന അമ്മ മെസ്‌ ഹൗസിലേക്കാണെന്നു വേണം മനസിലാക്കാന്‍. 1976 മുതല്‍ ്രപവര്‍ത്തിക്കുന്ന ഭക്ഷണശാലയാണിത്‌. വെന്തവെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുന്ന മത്സ്യമാണ്‌ `അമ്മ'യിലെ ഹൈലെറ്റ്‌. നാക്കിന്റെ സര്‍ക്യൂട്ട്‌ അടിച്ചുപോകുന്നത്ര എരിവുണ്ടാകും. പൊരിച്ച മീനും അതിന്റെ ബൈ പ്രൊഡക്ടായ മസാലയും ചേര്‍ത്തുള്ള ഊണിനായി ദിവസവും നൂറുകണക്കിനു പേര്‍ അമ്മയിലെത്തും. മൂന്നുമണി കഴിയുന്നതോടെ കറികെളല്ലാം തീര്‍ന്നാലും പൊരിച്ച മീനും ചോറും മാത്രം കഴിക്കുന്നവരെ ഇവിടെ കാണാം. മീന്‍ കൊണ്ടുവരുന്ന പ്‌ളേറ്റ്‌ കാലിയായാല്‍ അല്‌പം ചോറ്‌ അതിലിട്ട്‌ കുഴച്ചുണ്ണുന്നു. തൊട്ടടുത്ത റോഡില്‍ ഇതേ പേരില്‍ മറ്റൊരു മെസ്‌ ഹൗസും പ്രവര്‍ത്തിക്കുന്നു. കറികളെല്ലാം അതീവരുചികരം. പൊരിച്ച മത്സ്യത്തിന്‌ എരിവും അധികമില്ല. അതോടെ `എരിവുള്ള' അമ്മ, `എരിവില്ലാത്ത' എന്നീ പേരിട്ട്‌ പതിവുകാര്‍ രണ്ടിനെയും വേര്‍തിരിച്ചു. എരിവുള്ള അമ്മയിലും എരിവില്ലാത്ത അമ്മയിലും മാറിമാറി ഊണു കഴിക്കാനെത്തുന്നവരുമുണ്ട്‌. `അമ്മ' തെളിച്ച വഴിയിലൂടെ നിരവധി മെസ്‌ഹൗസുകള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടിപ്പോള്‍. ഉച്ചയൂണുമാത്രം ലഭിക്കുന്ന ഇത്തരം മെസ്‌ഹൗസുകളില്‍ മിക്കതും സ്‌ത്രീകള്‍ തന്നെ നടത്തുന്നു. നഗരത്തിനുള്ളിലെ പല വീടുകളുടെയും പുമുഖം `മെസ്‌' ആയി മാറി. മുതലക്കുളം മൈതാനത്തിനു പുറകില്‍ ജാനേഷ്‌കുമാര്‍ നടത്തുന്ന `സ്‌നേഹം മെസ്‌ഹൗസ്‌' തന്നെ നല്ല ഉദാഹരണം. മുന്‍കാല ഫുട്‌ബോള്‍ താരമായ ജാനേഷ്‌ ഓട്ടോ്രൈഡവറായിരുന്നു. വലിയ മെച്ചമില്ലെന്ന്‌ കണ്ട്‌ വീട്ടുമുറ്റത്ത്‌ മെസ്‌ തുടങ്ങി. തരക്കേടില്ലാത്ത കച്ചവടമുണ്ടെന്ന്‌ ജാനേഷ്‌. നത്തല്‍ എന്ന പൊടിമീന്‍ വറുത്തതാണ്‌ സ്‌േനഹത്തിലെ സ്‌പ്യെഷല്‍ ഐറ്റം.ഊണ്‌ വിളമ്പാറില്ലെങ്കിലും ഉച്ചയ്‌ക്ക്‌ നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത ചില ഹോട്ടലുകളുണ്ട്‌. ബിരിയാണി തേടിയാണ്‌ ആളുകള്‍ അവിടെ ഇടിച്ചുകയറുന്നത്‌. രണ്ടാം ഗേറ്റിനടുത്തെ ഹോട്ടല്‍ റഹ്‌മത്ത്‌, ബീച്ചിനടുത്തെ ബോംബെ ഹോട്ടല്‍, സെയിന്‍സ്‌ എന്നിവ ബിരിയാണിക്കും നെയ്‌ച്ചോറിനും പേരുകേട്ട കേന്ദ്രങ്ങള്‍. റഹ്‌മത്തിലെ ബീഫ്‌ ബിരിയാണിക്കാണ്‌ ഏറെ പ്രിയം. മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലിലും മിഠായിത്തെരുവിലെ ടോപ്‌ഫോമിലുമൊക്കെ ഊണിനേക്കാള്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നവരാകും അധികം. ചെമ്പിനു മുകളില്‍ കനലും മൈദപ്പശ കൊണ്ടുള്ള ദമ്മുമിട്ട്‌ തയാറാക്കുന്ന തനിനാടന്‍ കോഴിക്കോടന്‍ ബിരിയാണി ഇപ്പോള്‍ കിട്ടാനില്ലെന്ന്‌ ഭക്ഷണപ്രേമികള്‍ക്ക്‌ പരാതിയുണ്ട്‌. തിരക്കു കൂടിയതോടെ പല ഹോട്ടലുകളിലെയും ബിരിയാണിയുടെ തനതുരുചി നഷ്ടപ്പെട്ടെന്നും ഇവര്‍ പരിഭവിക്കുന്നു.പാരമ്പര്യത്തിന്റെ പെരുമ അവകാശപ്പെടാനുള്ള ഹോട്ടല്‍ അളകാപുരി, ശാസ്‌താപുരി, കോമളഭവന്‍, പാരഗണ്‍ എന്നിവിടങ്ങളില്ലൊം ധാരാളം പേര്‍ കുടുംബസമേതം ഊണു കഴിക്കാനെത്തുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്‌ പാരഗണ്‍. പോഷ്‌ സൗകര്യങ്ങളും അല്‌പം ഉയര്‍ന്ന നിരക്കുമുള്ള ന്യൂ ജനറേഷന്‍ റസ്‌റ്റോറന്റുകളിലും ഉച്ചയ്‌ക്ക്‌ വന്‍ തിരക്കുതന്നെ. കണ്ടംകുളത്തെ ഹോട്ടല്‍ മെയ്‌ഫ്‌ളവര്‍, മിനിബൈപ്പാസ്‌ റോഡിലെ നാടന്‍ കിച്ചണ്‍, എരഞ്ഞിപ്പാലം ജങ്‌ഷനിലെ കേരള കറിഹൗസ്‌, നടക്കാവിലെ സല്‍ക്കാര എന്നിവയൊക്കെ ഇതില്‍പെടും. ഊണും ഒരു ഫിഷ്‌ഫ്രൈയും കഴിച്ചാല്‍ നൂറുരൂപയാകുമെങ്കിലും കമ്പനി എക്‌സിക്യൂട്ടീവുകളും കോളേജ്‌ വിദ്യാര്‍ഥികളുമടങ്ങുന്ന ചെറുപ്പക്കാര്‍ ഇഷ്ടംപോലെ ഈ ഹോട്ടലുകളിലെത്തുന്നു. ഒരു നേരത്തെ ഊണിന്‌ നൂറു രൂപയോ എന്നാശ്ചര്യപ്പെടുന്നവര്‍ ഹോട്ടല്‍ ഗേറ്റ്‌വേയില്‍ ഉച്ചയ്‌ക്ക്‌ പോയിനോക്കണം. നാലാം ഗേറ്റിനടുത്തെ ഹോട്ടല്‍ താജ്‌ ആണ്‌ മാന്ദ്യകാലത്ത്‌ ഗേറ്റ്‌വേ ആയിമാറിയത്‌. രണ്ടു നോണ്‍വെജ്‌ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന കേരള മീല്‍സിന്‌ നാനൂറ്റമ്പതു രൂപയും നികുതിയുമാണ്‌ ഗേറ്റ്‌വേയിലെ നിരക്ക്‌. ഈ തുക നല്‍കി താജില്‍ ഉച്ചയൂണു കഴിക്കാന്‍ നിരധി പേരെത്താറുണ്ടെന്ന്‌ എക്‌സിക്യുട്ടീവ്‌ ഷെഫ്‌ പി.കെ. തോമസ്‌ പറയുന്നു. ഇവരില്‍ പത്തുപേരെങ്കിലും ഹോട്ടലിലെ പതിവുകാരാണെന്നുമറിയുക. ഇഷ്ടമുള്ള ഭക്ഷണം വയറുനിറച്ചു കഴിക്കാന്‍ അവസരമൊരുക്കുന്ന ബുഫെ ലഞ്ചിനും ആരാധകരേറെ. മാവൂര്‍റോഡിലെ ഹോട്ടല്‍ കാലിക്കറ്റ്‌ ടവറാണ്‌ ഈ രംഗത്തെ ജനപ്രിയതാരം. തൊണ്ണൂറ്റഞ്ച്‌ രൂപ ചെലവാക്കി ബുഫെ കഴിക്കാന്‍ എന്നൂമൊരു ചെറുപൂരത്തിന്റെ തിരക്കുണ്ടാകും ഹോട്ടലിലെ മാസ്‌ റസ്‌റ്റോറന്റില്‍. ത്രീകോഴ്‌സ്‌ മീല്‍സിന്റെ ചിട്ടവട്ടങ്ങളൊന്നും നോക്കാതെ എല്ലാം വാരിവലിച്ചു കഴിക്കുന്നവരാണ്‌ വരുന്നവരിലേറെയും. വിശദമായി ഊണുകഴിച്ച ശേഷം സൂപ്പുകുടിക്കുന്നവരെയും ആദ്യംതന്നെ ഐസ്‌ക്രീമും പായസവും കഴിക്കുന്നവരെയും ഇവിടെ കാണാം. നഗരത്തിലെ മിക്ക സര്‍ക്കാര്‍ ഓഫീസുകളിലെയും യാത്രയയപ്പ്‌, പ്രമോഷന്‍ പാര്‍ട്ടികള്‍ നടക്കുന്നത്‌ കാലിക്കറ്റ്‌ ടവറിലാണ്‌. പെട്ടെന്ന്‌ ഭക്ഷണം കഴിച്ച്‌ ഓഫീസില്‍ പോയി വിശ്രമിക്കാം എന്നതാകും സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്‌. ഓര്‍ഡര്‍ ചെയ്‌തു കാത്തിരുന്ന്‌ മുഷിയേണ്ടല്ലോ. 1994ല്‍ മുപ്പതുരൂപ നിരക്കില്‍ പരീക്ഷണാടിസ്ഥാനത്തിലാണ്‌ ബുഫെ ആരംഭിച്ചതെന്ന്‌ ഹോട്ടല്‍ ജനറല്‍ മാനേജര്‍ ടി. ശിവകുമാര്‍. ഇത്രവര്‍ഷം സ്ഥിരമായി ബുഫെ നടത്തുന്ന മറ്റൊരു ഹോട്ടലും നഗരത്തിലില്ല. ``മറ്റിടങ്ങളിലെ പോലെ എല്ലാം രുചിച്ചുനോക്കി പോകുന്നവരല്ല കോഴിക്കോട്ടുകാര്‍. ഇഷ്ടപ്പെട്ട ഭക്ഷണം വയറുനിറച്ചു കഴിക്കുന്നവരാണ്‌. അതുകൊണ്ടു തന്നെ വലിയ ലാഭമൊന്നും ഇതിലില്ല. കൂടുതല്‍ പേരെ ഹോട്ടലിലെത്തിക്കാനുള്ള പബ്‌ളിക്‌ റിേലഷന്‍സ്‌ പ്രവര്‍ത്തനമായാണ്‌ ബുഫെ നടത്തുന്നത്‌''- ശിവകുമാര്‍ പറയുന്നു. മാവൂര്‍ റോഡിലെ അസ്‌മ ടവര്‍, മുതലക്കുളത്തെ മലബാര്‍ പാലസ്‌, എം.എം. അലി റോഡിലെ മലബാര്‍ ഗേറ്റ്‌ എന്നിവിടങ്ങളിലും ചില സീസണുകളില്‍ ബുഫെ സംഘടിപ്പിക്കാറുണ്ട്‌.ശുദ്ധസസ്യാഹാരികള്‍ മാവൂര്‍ റോഡിലെ സോപാനം, ദക്ഷിണ്‍ ദി വെജ്‌, രുചിഭവന്‍, കണ്ടംകുളത്തെ വിനായക, ജയ, മിഠായിത്തെരുവിലെ ആര്യഭവന്‍, ഷണ്‍മുഖ എന്നിവിടങ്ങളിലാകും ഉച്ചയ്‌ക്ക്‌ ചേക്കേറുക. തമിഴ്‌ഭക്ഷണപ്രേമികള്‍ക്ക്‌ കോര്‍ട്ട്‌ റോഡിലെ വസന്തഭവനിലോ പാളയം ജങ്‌ഷനിലെ വസന്തവിഹാറിലോ പഴയ കോര്‍പറേഷന്‍ ഓഫീസിനു മുന്നിലെ വെങ്കിടേശ്വരയിലോ ടോക്കണെടുക്കാം. ഉത്തരേന്ത്യന്‍മട്ടിലുള്ള ഉച്ചയൂണ്‌ വേണ്ടവര്‍ക്ക്‌ പാളയം ബസ്‌ സ്‌റ്‌ാന്‍ഡിനടുത്തെ രാജസ്ഥാന്‍ ഭോജനാലയയില്‍ കയറാം. ചെറൂട്ടിറോഡില്‍ ഗാന്ധിഗൃഹത്തിനുള്ളിലെ ഹോട്ടല്‍ അര്‍ച്ചന, മാവൂര്‍റോഡിലെയും ആരാധന ബില്‍ഡിങ്ങിലെയും കോഫിഹൗസുകള്‍ എന്നിവിടങ്ങളിലും സസ്യാഹാരം തേടി നിരവധി പേരെത്തുന്നു. `ഉൗണ്‍ തീര്‍ന്നു' എന്ന ബോര്‍ഡില്ലാത്ത ഒരു ഹോട്ടലുണ്ട്‌ നഗരാതിര്‍ത്തിയില്‍. ചെലവൂര്‍ ബസാറിനടുത്തെ ഹോട്ടല്‍ ഗോപിക. ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയ്‌ക്ക്‌ തുടങ്ങുന്ന ഊണ്‍ വിളമ്പല്‍ രാത്രി ഒമ്പതിന്‌ കട അടയ്‌ക്കുന്നതുവരെ തുടരും. അതുകൊണ്ടുതന്നെ പനയോല കൊണ്ട്‌ തീര്‍ത്ത കൊച്ചുഹോട്ടലില്‍ എപ്പോഴും തിരക്കാണ്‌. വയനാട്‌ േറാഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുടുംബങ്ങളും വലിയങ്ങാടിയില്‍ നിന്ന്‌ സാധനങ്ങളുമായി വരുന്ന ലോറിക്കാരുമാണ്‌ ഹോട്ടലിലെ പതിവു കസ്‌റ്റമേഴ്‌സ്‌. `അങ്ങാടിയില്‍ തിരക്കാണെങ്കില്‍ ലോറിക്കാരും വൈകും. ഇവിടെ ഊണുകിട്ടുമെന്ന്‌ പ്രതീക്ഷിച്ചുവരുന്നവരെ മടക്കിഅയക്കാന്‍ പാടില്ലല്ലോ. ഉച്ചകഴിഞ്ഞാലൂം ചോറുണ്ടാക്കിക്കൊണ്ടേയിരിക്കും'- ഹോട്ടലുടമ ഷാജി പറയുന്നു. വൈകുന്നേരം അഞ്ചുമണിക്കും ആറുമണിക്കുമൊക്കെ ആവി പറക്കുന്ന ചോറും കറികളും കഴിക്കുന്നവരെ ഗോപികയില്‍ കാണാം. തിരഞ്ഞെടുപ്പിന്റെ വൈിധ്യമാണ്‌ കോഴിക്കോട്ടെ ഉച്ചയൂണിന്റെ പ്രത്യേകതയെന്നു നിരീക്ഷിക്കുന്നു ഹോട്ടല്‍ അസ്‌മ ടവര്‍ ജനറല്‍ മാനേജര്‍ വി.വേണുഗോപാല്‍. ``മറ്റു നഗരങ്ങളില്‍ വന്‍ ഹോട്ടലുകളും തട്ടുകടകളും മാത്രമാണ്‌ കാര്യമായുണ്ടാവുക. ഇടത്തരക്കാര്‍ക്ക്‌ ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ എറെയുണ്ടാകില്ല. ഇവിടെ നേരെ തിരിച്ചാണ്‌. കുറഞ്ഞ ചെലവില്‍ നല്ല ഊണ്‌ വൃത്തിയോടെ വിളമ്പുന്ന നൂറുകണക്കിന്‌ േഹാട്ടലുകളുണ്ട്‌. അല്‌പം വില കൂടിയ ഉച്ചഭക്ഷണം കഴിക്കാനും എല്ലാതരം ആളുകളുമെത്തുന്നു. ഭക്ഷണപ്രേമികള്‍ക്ക്‌ ഇത്രയധികം സാധ്യതകള്‍ വാഗ്‌ദാനം ചെയ്യുന്ന മറ്റൊരു സ്ഥലമുണ്ടാകില്ല''- വേണുഗോപാല്‍ പറയുന്നു. വേണുവിന്റെ അഭിപ്രായം ശരിയോ എന്ന്‌ പരീക്ഷിക്കാന്‍ ഉച്ചയ്‌ക്ക്‌ നഗരത്തിലേക്കിറങ്ങുക മാത്രമാണ്‌ പോംവഴി.

Sunday, February 15, 2009

Chemmeen Pal Curry


ചെമ്മീന്‍ പാല്‍ കറി


ഓജിന്‍ എന്ന പേര്‍ഷ്യന്‍ പദത്തിന്‌ ഭക്ഷണം എന്നത്രേ അര്‍ത്ഥം. അതിഥികള്‍ക്ക്‌ നല്ല ഭക്ഷണം കൊടുക്കണമെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാകാം ചെലവൂര്‍ സ്വദേശികളായ സുബൈര്‍,ഫൗസിര്‍, ജുനൈസ്‌ എന്നീ സഹോദരങ്ങള്‍ അവരുടെ റസ്‌റ്റോറന്റിന്‌ ഈ പേരുവെച്ചത്‌. രണ്ടുവര്‍ഷം മുമ്പ്‌ നടക്കാവ്‌ വണ്ടിപ്പേട്ടയില്‍ ആരംഭിച്ച ഓജിന്‍ റസ്‌റ്റോറന്റിലെ ഏറ്റവും പ്രിയമേറിയ വിഭവമാണ്‌ ചെമ്മീന്‍ പാല്‍ കറി. മസാലക്കൂട്ടുകളൊന്നുമില്ലാതെ ശുദ്ധമായ തേങ്ങാപ്പാലില്‍ പാകം ചെയ്‌തെടുക്കുന്ന ഈ സ്‌പ്യെഷല്‍ കറി പത്തിരിക്കും പെറോട്ടയ്‌ക്കുമെല്ലാം നല്ല കോംബിനേഷനാകുന്നു.

ചേരുവകള്‍

1. ഇടത്തരം വലിപ്പമുള്ള ചെമ്മീന്‍- 12 എണ്ണം

2. പച്ചമുളക്‌- അഞ്ചെണ്ണം

3. വെളുത്തുള്ളി- നാല്‌ അല്ലി

4. സവോള അരിഞ്ഞത്‌- ഒരെണ്ണം

5. തേങ്ങാപ്പാല്‍- ഒരു കപ്പ്‌

6. ഇഞ്ചി- ഒരു കഷ്‌ണം

7. വെളിച്ചെണ്ണ- രണ്ട്‌ ടീസ്‌പൂണ്‍

8. ഉപ്പ്‌- ആവശ്യത്തിന്‌

പാകം ചെയ്യുന്ന വിധം

ഒരു ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച്‌ പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞിടുക. ചൂടാകുമ്പോള്‍ അതിലേക്ക്‌ അരിഞ്ഞുവെച്ച സവോളയിടുക. അതിലേക്ക്‌ തേങ്ങാപ്പാലിനുപയോഗിച്ച തേങ്ങാപ്പീരയില്‍ അല്‌പം വെള്ളംചേര്‍ത്തുണ്ടാക്കുന്ന രണ്ടാംപാലും ചെമ്മീനും ചേര്‍ക്കണം. ശരിക്കും വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ രണ്ടുമിനുട്ടിനുള്ളില്‍ അടുപ്പില്‍ നിന്ന്‌ വാങ്ങിവെക്കണം. കൂടുതല്‍ തിളപ്പിച്ചാല്‍ പാല്‍ പിരിയാനിടയുണ്ട്‌.

Sunday, February 8, 2009


ബീഫ്‌ ഉലര്‍ത്തിയത്‌

കേരളത്തിന്റെ രുചിവൈവിധ്യങ്ങളിലേക്കുള്ള തെക്കന്‍തിരുവിതാംകൂറിന്റെ സംഭാവനയത്രേ ബീഫ്‌ ഉലര്‍ത്തിയത്‌. ബീഫ്‌ ഫ്രൈയും ചില്ലിയും ബീഫ്‌ ബിരിയാണിയും മാത്രം പരിചയമുളള കോഴിക്കോട്ടുകാര്‍ക്ക്‌ ‌ ഇതൊരു സ്‌പ്യെഷല്‍ ഐറ്റം. അതിനാലാകും വൈ.എം.സി.എ. ക്രോസ്‌റോഡിലെ ചോയ്‌സ്‌ ഹോട്ടലിലെ ബീഫ്‌ ഉലര്‍ത്തിയിയതിന്‌ ആരാധകരേറുന്നത്‌. ന്യൂ ജനറേഷന്‍ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും കേന്ദ്രമായ ഈ റോഡിലെ ഏകഹോട്ടലാണിത്‌. ഇവിടെയൊക്കെയുള്ള എക്‌സിക്യുട്ടീവുകളുടെ പ്രിയവിഭവമാണ്‌ ബീഫ്‌ ഉലര്‍ത്തിയതെന്ന്‌ ഹോട്ടല്‍ ഷെഫും മാനേജിങ്‌പാര്‍ട്‌ണറുമായ സി.എസ്‌. ബെന്നി പറയുന്നു. കോഴിക്കോട്ടെ പല പ്രമുഖ റെസ്‌േറ്റാറന്റുകളിലും ജോലി ചെയ്‌തിട്ടുള്ള ബെന്നി സുഹൃത്ത്‌ ഹബീബ്‌ അഹ്‌മദിനൊപ്പം ചേര്‍ന്ന്‌ ഒരുവര്‍ഷം മുമ്പാണ്‌ സ്വന്തമായി ഹോട്ടല്‍ തുടങ്ങിയത്‌. ബെന്നിയുടെ ഫേവറിറ്റ്‌ ചോയ്‌സും `ബീഫ്‌ ഉലര്‍ത്തിയത്‌' തന്നെ.

ചേരുവകള്‍

1. നുറുക്കിയ ബീഫ്‌- ഒരു കിലോ

2. വെളുത്തുള്ളി ചതച്ചത്‌- 50 ഗ്രാം

3. മുളകുപൊടി- 100 ഗ്രാം

4. മഞ്ഞള്‍പ്പൊടി- ഒരു ടീസ്‌പൂണ്‍

5. പെരുഞ്ചീരകം- രണ്ടു ടീസ്‌പൂണ്‍

6. കറിവേപ്പില- രണ്ടു തണ്ട്‌

7. ഉപ്പ്‌- പാകത്തിന്‌

8. ഇഞ്ചി ചതച്ചത്‌- 50 ഗ്രാം

9. സവോള കനംകുറച്ച്‌ അരിഞ്ഞത്‌- ഒരു കിലോ

10. വെളിച്ചെണ്ണ- 300 മില്ലി

11. തേങ്ങ ചെറുതായി അരിഞ്ഞത്‌- ഒരെണ്ണം

12. ചെറിയഉള്ളി കനംകുറച്ച്‌ അരിഞ്ഞത്‌- 50 ഗ്രാം

13. ഇറച്ചിമസാല- 25 ഗ്രാം

14. ചെറുനാരങ്ങാനീര്‌- രണ്ട്‌ ടീസ്‌പൂണ്‍

15. കുരുമുളകുപൊടി- 25 ഗ്രാം

16. സോയാബീന്‍ സോസ്‌ - അര ഔണ്‍സ്‌

17. പശുവിന്‍ നെയ്യ്‌- രണ്ട്‌ ഔണ്‍സ്‌

പാകം ചെയ്യുന്ന വിധം

ബീഫ്‌ രണ്ടു മുതല്‍ എട്ട്‌ വരെ ചേരുവകള്‍ ചേര്‍ത്ത്‌ വേവിക്കുക. കനംകുറച്ച്‌ അരിഞ്ഞ സവോള എണ്ണയില്‍ പൊരിച്ചെടുക്കുക. പിന്നീട്‌ നല്ലവണ്ണം ചുടായ വെളിച്ചെണ്ണയില്‍ തേങ്ങ അരിഞ്ഞതിട്ട്‌ മൂപ്പിക്കുക. ഏകദേശം മൂപ്പ്‌ പാകമാകുമ്പോള്‍ ചെറിയ ഉള്ളിയിടുക. നന്നായി മൂത്തുകഴിഞ്ഞാല്‍ പൊരിച്ചുവെച്ച സവോളയിടുക. ഇറച്ചിമസാല, ചെറുനാരങ്ങാനീര്‌, ഉപ്പ്‌, കുരുമുളകുപൊടി, സോയാബീന്‍ സോസ്‌ എന്നിവ േചര്‍ത്തിളക്കിയ ശേഷം വേവിച്ചുവെച്ച ബീഫ്‌ ഒട്ടും വെള്ളമില്ലാതെ ചേര്‍ക്കുക. അല്‌പം കഴിഞ്ഞ്‌ തീ ഓഫ്‌ ചെയ്‌ത്‌ പശുവിന്‍ നെയ്യ്‌ ചേര്‍ക്കുക.

Tuesday, February 3, 2009

Gobi Birani



ഗോബി ബിരിയാണി
-----------------
ബിരിയാണി ``േദശീയഭക്ഷണമായി' കരുതിപ്പോരുന്ന കോഴിക്കോട്ടുകാര്‍ക്കിടയില്‍ പാവം സസ്യാഹാരികള്‍ എങ്ങനെ പിടിച്ചുനില്‍ക്കും? ഈ ആധിയെത്തുടര്‍ന്നാണ്‌ തഞ്ചാവൂര്‍ സ്വദേശി ഷണ്‍മുഖം `ഗോബി ബിരിയാണി'യുടെ ഫോര്‍മുല സൃഷ്ടിച്ചത്‌. മാവൂര്‍റോഡ്‌ ജങ്‌ഷനിലെ `സോപാനം' വെജിറ്റേറിയന്‍ റസ്‌റ്റോറന്റിലെ അസിസ്‌റ്റന്റ്‌ ഷെഫായ ഷണ്‍മുഖത്തിന്റെ ഈ സ്‌പ്യെഷല്‍ബിരിയാണി ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഒരു വികാരവുമില്ലാത്ത സാദാ വെജിറ്റബിള്‍ ബിരിയാണി കഴിച്ചുമടുത്തവരെ ഗോബി മഞ്ചൂരിയന്‍ േചര്‍ത്ത ഈ പുതുവിഭവം ഒന്നു പരീക്ഷിക്കാന്‍ ഷണ്‍മുഖം ക്ഷണിക്കുന്നു.

ചേരുവകള്‍
1. കോളിഫ്‌ളവര്‍- 20 കഷ്‌ണം
2. കോണ്‍ഫ്‌ളവര്‍- 100 ഗ്രാം
3. കുരുമുളകുപൊടി- അര ടീസ്‌പൂണ്‍
4. മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
5. പിരിമുളകുപൊടി- അര ടീസ്‌പൂണ്‍
6. ഉപ്പ്‌- പാകത്തിന്‌

രണ്ടുമുതല്‍ ആറു വരെ ചേരുവകള്‍ അല്‌പം വെള്ളം ചേര്‍ത്ത്‌ കുഴമ്പുരൂപത്തിലാക്കി

അതില്‍ കോളിഫ്‌ളവര്‍ മുക്കി പൊരിച്ചു വയ്‌ക്കുക.

ബിരിയാണിക്ക്‌
7. സവോള- ചെറുതായി അരിഞ്ഞത്‌, കാല്‍ കിലോ
8. പച്ചമുളക്‌- എട്ടെണ്ണം
9. ഇഞ്ചി- ഒരു കഷ്‌ണം
10. വെളുത്തുള്ളി- രണ്ടെണ്ണം
11. വനസ്‌പതി- 200 ഗ്രാം
12. മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
13. മല്ലിപ്പൊടി- അര ടീസ്‌പൂണ്‍
14. ബിരിയാണി മസാല- അര ടീസ്‌പൂണ്‍
15. ബിരിയാണി അരി- ഒരു കിലോ
16. തക്കാളി-രണ്ടെണ്ണം
17. തൈര്‌- കുറച്ച്‌
18. മല്ലിച്ചപ്പ്‌, പുതീന- കുറച്ച്‌
19. നെയ്യ്‌- 25 ഗ്രാം

പാകം ചെയ്യുന്ന വിധം
ഒരു കിലോ അരിയില്‍ രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. അതിലേക്ക്‌ 100 ഗ്രാം വനസ്‌പതിയും അരിഞ്ഞുവെച്ച അല്‌പം ഉള്ളിയും കറുവപട്ടയും കരയാമ്പുവും ഉപ്പും േചര്‍ക്കുക. ബിരിയാണിമസാല, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത്‌ വെള്ളം വറ്റുന്നതു വരെ വേവിക്കണം. മറ്റൊരു വലിയ പാത്രത്തില്‍ അരിഞ്ഞ ഉള്ളി 100 ഗ്രാം വനസ്‌പതിയിട്ട്‌ വാട്ടുക. അതിലേക്ക്‌ ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ ചതച്ചിടണം. തക്കാളി ചെറുതായി അരിഞ്ഞതും അല്‌പം തൈരും ഈ ചേരുവകളിലേക്ക്‌ ചേര്‍ക്കണം. അഞ്ചുമിനുട്ടിനു ശേഷം നേരത്തെ പൊരിച്ചുവെച്ച കോളിഫ്‌ളവര്‍ ഇതിലേക്കിടണം. വെള്ളം വറ്റുന്നതുവരെ വെന്ത ചോറും ഇതിലേക്ക്‌ ചേര്‍ത്ത്‌ അരമണിക്കൂര്‍ നേരം പാത്രത്തിനു മുകളില്‍ കനല്‍ കൊണ്ട്‌ ധമ്മിട്ട്‌ അടുപ്പില്‍ നിന്ന്‌ മാറ്റിവെക്കണം. മൈദ വെള്ളം ചേര്‍ത്ത്‌ കുഴമ്പുരൂപത്തിലാക്കി പാത്ത്രിന്റെ അടപ്പിനു ചുറ്റും സീല്‍ ചെയ്യുന്നതിനാണ്‌ ധമ്മിടുക എന്നു പറയുന്നത്‌. അരമണിക്കൂറിനുശേഷം ധം പൊട്ടിച്ച്‌ എണ്ണയില്‍ വറുത്തുവെച്ച അല്‌പം അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യും ചേര്‍ത്ത്‌ നന്നായി ചേര്‍ത്തിളക്കുക. ഗോബി ബിരിയാണി കഴിക്കാന്‍ തയ്യാറായി.