Tuesday, February 3, 2009

Gobi Birani



ഗോബി ബിരിയാണി
-----------------
ബിരിയാണി ``േദശീയഭക്ഷണമായി' കരുതിപ്പോരുന്ന കോഴിക്കോട്ടുകാര്‍ക്കിടയില്‍ പാവം സസ്യാഹാരികള്‍ എങ്ങനെ പിടിച്ചുനില്‍ക്കും? ഈ ആധിയെത്തുടര്‍ന്നാണ്‌ തഞ്ചാവൂര്‍ സ്വദേശി ഷണ്‍മുഖം `ഗോബി ബിരിയാണി'യുടെ ഫോര്‍മുല സൃഷ്ടിച്ചത്‌. മാവൂര്‍റോഡ്‌ ജങ്‌ഷനിലെ `സോപാനം' വെജിറ്റേറിയന്‍ റസ്‌റ്റോറന്റിലെ അസിസ്‌റ്റന്റ്‌ ഷെഫായ ഷണ്‍മുഖത്തിന്റെ ഈ സ്‌പ്യെഷല്‍ബിരിയാണി ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഒരു വികാരവുമില്ലാത്ത സാദാ വെജിറ്റബിള്‍ ബിരിയാണി കഴിച്ചുമടുത്തവരെ ഗോബി മഞ്ചൂരിയന്‍ േചര്‍ത്ത ഈ പുതുവിഭവം ഒന്നു പരീക്ഷിക്കാന്‍ ഷണ്‍മുഖം ക്ഷണിക്കുന്നു.

ചേരുവകള്‍
1. കോളിഫ്‌ളവര്‍- 20 കഷ്‌ണം
2. കോണ്‍ഫ്‌ളവര്‍- 100 ഗ്രാം
3. കുരുമുളകുപൊടി- അര ടീസ്‌പൂണ്‍
4. മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
5. പിരിമുളകുപൊടി- അര ടീസ്‌പൂണ്‍
6. ഉപ്പ്‌- പാകത്തിന്‌

രണ്ടുമുതല്‍ ആറു വരെ ചേരുവകള്‍ അല്‌പം വെള്ളം ചേര്‍ത്ത്‌ കുഴമ്പുരൂപത്തിലാക്കി

അതില്‍ കോളിഫ്‌ളവര്‍ മുക്കി പൊരിച്ചു വയ്‌ക്കുക.

ബിരിയാണിക്ക്‌
7. സവോള- ചെറുതായി അരിഞ്ഞത്‌, കാല്‍ കിലോ
8. പച്ചമുളക്‌- എട്ടെണ്ണം
9. ഇഞ്ചി- ഒരു കഷ്‌ണം
10. വെളുത്തുള്ളി- രണ്ടെണ്ണം
11. വനസ്‌പതി- 200 ഗ്രാം
12. മഞ്ഞള്‍പ്പൊടി- അര ടീസ്‌പൂണ്‍
13. മല്ലിപ്പൊടി- അര ടീസ്‌പൂണ്‍
14. ബിരിയാണി മസാല- അര ടീസ്‌പൂണ്‍
15. ബിരിയാണി അരി- ഒരു കിലോ
16. തക്കാളി-രണ്ടെണ്ണം
17. തൈര്‌- കുറച്ച്‌
18. മല്ലിച്ചപ്പ്‌, പുതീന- കുറച്ച്‌
19. നെയ്യ്‌- 25 ഗ്രാം

പാകം ചെയ്യുന്ന വിധം
ഒരു കിലോ അരിയില്‍ രണ്ടു ലിറ്റര്‍ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. അതിലേക്ക്‌ 100 ഗ്രാം വനസ്‌പതിയും അരിഞ്ഞുവെച്ച അല്‌പം ഉള്ളിയും കറുവപട്ടയും കരയാമ്പുവും ഉപ്പും േചര്‍ക്കുക. ബിരിയാണിമസാല, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത്‌ വെള്ളം വറ്റുന്നതു വരെ വേവിക്കണം. മറ്റൊരു വലിയ പാത്രത്തില്‍ അരിഞ്ഞ ഉള്ളി 100 ഗ്രാം വനസ്‌പതിയിട്ട്‌ വാട്ടുക. അതിലേക്ക്‌ ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ ചതച്ചിടണം. തക്കാളി ചെറുതായി അരിഞ്ഞതും അല്‌പം തൈരും ഈ ചേരുവകളിലേക്ക്‌ ചേര്‍ക്കണം. അഞ്ചുമിനുട്ടിനു ശേഷം നേരത്തെ പൊരിച്ചുവെച്ച കോളിഫ്‌ളവര്‍ ഇതിലേക്കിടണം. വെള്ളം വറ്റുന്നതുവരെ വെന്ത ചോറും ഇതിലേക്ക്‌ ചേര്‍ത്ത്‌ അരമണിക്കൂര്‍ നേരം പാത്രത്തിനു മുകളില്‍ കനല്‍ കൊണ്ട്‌ ധമ്മിട്ട്‌ അടുപ്പില്‍ നിന്ന്‌ മാറ്റിവെക്കണം. മൈദ വെള്ളം ചേര്‍ത്ത്‌ കുഴമ്പുരൂപത്തിലാക്കി പാത്ത്രിന്റെ അടപ്പിനു ചുറ്റും സീല്‍ ചെയ്യുന്നതിനാണ്‌ ധമ്മിടുക എന്നു പറയുന്നത്‌. അരമണിക്കൂറിനുശേഷം ധം പൊട്ടിച്ച്‌ എണ്ണയില്‍ വറുത്തുവെച്ച അല്‌പം അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യും ചേര്‍ത്ത്‌ നന്നായി ചേര്‍ത്തിളക്കുക. ഗോബി ബിരിയാണി കഴിക്കാന്‍ തയ്യാറായി.

3 comments:

Foodie@calicut said...

howz it??

Thaikaden said...

Gobi manjoori undakkarundu. Gobi biriyani aadyamaanu. Thanks.

Bindhu Unny said...

ഉണ്ടാക്കിനോക്കാമെന്ന് വിചാരിച്ചതാ. ഈ കനലിനിനി എവിടെ പോവും! :-)