മധുരഗാനങ്ങളുമായി
അമ്പിളി വീണ്ടും
എന്നുമോര്‍മിക്കുന്ന ഒരുപിടി ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച ഭാവഗായിക അമ്പിളി സംഗീതരംഗത്തേക്ക് മടങ്ങിയെത്തുന്നു. പിന്നണിഗാനങ്ങളിലൂടെയല്ല സ്‌റ്റേജ് ഷോകളിലുടെയാണ് അമ്പിളിയുടെ രണ്ടാംവരവ്. `മായമ്പ് ഗോള്‍ഡന്‍മെലഡീസ്' എന്ന ട്രൂപ്പ് രൂപത്‌കരിച്ചുകൊണ്ട് കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രധാനനഗരങ്ങളില്‍ സംഗീതപരിപാടി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് അമ്പിളി ഇപ്പോള്‍. പരിപാടിയുടെ റിഹേഴ്‌സലിനായി അവര്‍ കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയിരുന്നു. സ്വാമി അയ്യപ്പനിലെ `തേടിവരും കണ്ണുകളില്‍ ഓടിയെത്തും സ്വാമി' എന്ന ഒറ്റ ഗാനം മതി മലയാളിയുടെ മനസില്‍ അമ്പിളിയുടെ സ്വരം നിറയ്‌ക്കാന്‍. വീണ്ടും പ്രഭാതത്തിലെ `ഊഞ്ഞാല, ഊഞ്ഞാല', അപരാധിയിലെ `തുമ്പീ തുമ്പീ തുള്ളാന്‍ വായോ' മണിയറയില്‍ യേശുദാസിനൊപ്പം പാടിയ `മിഴിയിണ ഞാന്‍ അടയ്‌ക്കുേമ്പാള്‍' തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ഈ ഗായികയുടെ പേരിലുണ്ട്. കുട്ടികളുടെ ശബ്ദത്തിലും പിന്നെ മയംമനക്കുന്ന മാദകഭാവത്തിലും അമ്പിളി പാടിയ പാട്ടുകള്‍ എഴുപതുകളില്‍ തരംഗം തന്നെ സൃഷ്ടിച്ചു. വിവിധ ഭാഷകളിലെ എഴുനൂറു ചിത്രങ്ങളിലായി മൂവായിരത്തോളം പാട്ടുകള്‍ പാടിയിട്ടുള്ള അമ്പിളി കഴിഞ്ഞ കുറേക്കാലമായി ചലചിത്രരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിവാഹശേഷം കുടുംബവും കുട്ടികളുമായുള്ള തിരക്കിനിടെ സിനിമയ്‌ക്ക് താത്‌ക്കാലിക അവധി കൊടുത്തതാണെന്ന് അമ്പിളി പറയുന്നു. ഇതിനിടയില്‍ ചില ഭക്തി ഗാനകാസറ്റുകളും `നാരായണീയം' ആല്‍ബവും പുറത്തിറക്കി. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ അമ്പിളി ചെന്നൈമലയാളിയും അടുത്ത സുഹൃത്തുമായ മായ മോഹന്റെ കൂടെച്ചേര്‍ന്നാണ് പുതിയ സംഗീതട്രൂപ്പ് രൂപവത്‌ക്കരിച്ചത്. ഇരുവരുടെയും പേരുകളുടെ സങ്കലനമാണ് `മായമ്പ്'. പഴയകാലഗാനങ്ങള്‍ക്കൊപ്പം പുതിയപാട്ടുകളും ചേര്‍ന്നതാണ് മായമ്പ് ഗോള്‍ഡന്‍ മെലഡീസെന്ന് അമ്പിളി പറഞ്ഞു. ആഗസ്‌റ്റ് 19ന് തിരുവനന്തപുരത്താണ് `മായമ്പി'ന്റെ ആദ്യപരിപാടി. വിവിധ ജില്ലകളില്‍ നിന്നായി 23 ഗായകര്‍ മായമ്പിനായി വേദിയിലെത്തുന്നുണ്ട്. കോഴിക്കോട്ടെ ഗായകരായ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സുനില്‍ ഭാസ്‌കര്‍, മേഘ്‌ന, രാഖി എന്നിവരും പാടുന്നു. ഇവര്‍ക്കൊപ്പം ഓരോ വേദിയിലും ഒരു സെലിബ്രിറ്റി ഗസ്‌റ്റ് കൂടെ പാടാനെത്തും. തിരുവവന്തപുരത്തെ പരിപാടിയില്‍ ഗായകന്‍ ഹരിഹരനും ഡ്രമ്മര്‍ ശിവമണിയുമാകും വിശിഷ്ടാതിഥികളെന്ന് അമ്പിളി പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ `മായമ്പ് ഗോള്‍ഡന്‍മെലഡീസ്' സംഗീതപരിപാടി അവതരിപ്പിക്കുമെന്നും അമ്പിളി സൂചിപ്പിച്ചു.
1 comment:
പാട്ടുകാരെ എന്നും പ്രോത്സാഹിപ്പിക്കണമെന്നാണല്ലോ
Post a Comment