Thursday, September 10, 2009

criminal lawyer


ക്രിമിനല്‍ ലോയര്‍
------------------

ഒരു സുപ്രധാന വാര്‍ത്ത സംബന്ധിച്ച് പ്രതികരണം തേടാന്‍ നഗരത്തിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനെ കാണാന്‍ പോയതായിരുന്നു ഞാന്‍. ആള്‍ ഔദ്യോഗികജീവിതത്തില്‍ നിന്ന് വിരമിച്ച് ഭക്തിയും പുസ്തകവായനയുമൊക്കെയായി വിശ്രമത്തിലാണിപ്പോള്‍. സംസ്ഥാനത്തെ ഉന്നതപദവികളിലിരുന്ന വ്യക്തിയാണ്. കാര്യം പറഞ്ഞപ്പോള്‍ വിശദമായിതന്നെ അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്ന് സംസാരം രാഷ്ട്രീയത്തിലേക്കും വീട്ടുകാര്യങ്ങളിലേക്കും കടന്നു. പേരുകേട്ട ക്രിമിനല്‍ വക്കീലായതിനാല്‍ അഭിഭാഷകജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചു ഞാന്‍ ചോദിച്ചൂ. സംസ്ഥാനത്തെ പ്രമാദമായ പലക്രിമിനല്‍ കേസുകളിലെയും പ്രതികളെ പുഷ്പം പോലെ ഇറക്കയ ആളാണ്. അതില്‍ രാഷ്ട്രീയകൊലപാതകങ്ങളും ബലാത്സംഗക്കേസുകളുമെല്ലാം പെടും. ''അതിലൊന്നും വലിയ കാര്യമില്ലനിയാ. നിങ്ങള്‍ക്കറിയുമോ കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ഒട്ടുമിക്ക കോടതികളിലൂം ഞാന്‍ വാദിച്ചിട്ടുണ്ട്. കള്ളക്കടത്തുപ്രതികളെ രക്ഷിക്കാന്‍. കൊഫേപോസ കേസില്‍ ജയിലിലായ മംഗലാപുരത്തെ എത്രയോ അധോലോകനായകരെ ഞാന്‍ പുഷ്പം പോലെ പുറത്തിറക്കിയിരിക്കുന്നു. അതിനു നാട്ടില്‍ വലിയ പബഌസിറ്റി കൊടുത്തില്ലെന്ന് മാത്രം''- അദ്ദേഹം ചിരിച്ചൂകൊണ്ടു പറഞ്ഞു. ബലാത്സംഗക്കേസുകളായിരുന്നു പുള്ളിയുടെ മറ്റൊരു സ്‌പ്യെഷലൈസേഷന്‍. '' പെണ്ണിന്റെ മൊഴിയാണ് അത്തരം കേസുകളിലെ നിര്‍ണായകഘടകം. അതു തെറ്റാണെന്ന് സ്ഥാപിക്കാന്‍ വളരെ എളുപ്പമാണ്. സംഭവം നടന്നതിനെക്കുറിച്ച് വിശദമായി ഞാന്‍ ചോദിച്ചുമനസിലാക്കും. അപ്പോള്‍ തന്നെ മൊഴി പൊട്ടിക്കാനുള്ള പോയിന്റുകള്‍ മനസില്‍ വരും. ഞാന്‍ മിണ്ടില്ല. ക്രോസ് വിസ്താരത്തിന്റെ അവസാനദിവസം ഞാന്‍ തിരിച്ചുമറിച്ചും രണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നതോടെ പെണ്ണിന്റെ കഥ കഴിയും. കൃത്യമായ ഉത്തരം നല്‍കാനാകാതെ എത്രയോ പെണ്‍കുട്ടികള്‍ പ്രതിക്കൂട്ടില്‍ നിന്ന് ആര്‍ത്തുകഞ്ഞിട്ടുണ്ട്. വക്കീല്‍ എന്ന നിലയ്ക്ക് ചെയ്ത ജോലിയുടെ സംതൃപ്തി ലഭിച്ചത് അപ്പോളൊക്കെയാണ്''- ആ ചിരിക്കാന്‍ തുടങ്ങി. ബാലന്‍ കെ. നായരെയോ ടി.ജി. രവിയെയോ ഓര്‍മിപ്പിക്കുന്ന ചിരി. കൂടുതല്‍ ചോദിക്കാന്‍ മനസനുവദിച്ചില്ല. എത്രയും പെട്ടെന്ന് അവിടെനിന്നിറങ്ങി രക്ഷപ്പെടാനായിരുന്നു തിടുക്കം. വീടിനു പുറത്തിറങ്ങി ബൈക്ക് സ്റ്റാര്‍ട്ടാക്കുമ്പോള്‍ ഗേറ്റിലെ ബോര്‍ഡില്‍ സൂക്ഷിച്ചു വായിച്ചു- 'ക്രിമിനല്‍ ലോയര്‍'.

2 comments:

Foodie@calicut said...

എന്റെ ബ്‌ളോഗിലെ പുതിയ പോസ്റ്റ് വായിക്കു. ദയവായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തു 'ക്രിമിനല്‍ ലോയര്‍'

Bindhu Unny said...

ക്രിമിനല്‍ തന്നെ ആള്. ജോലിയുടെ ഭാഗമായി ചെയ്തു എന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ല. അയാളുടെ മനസ്സ് ആ രീതിയില്‍ പാകപ്പെട്ടുപോയിക്കാണും.