Tuesday, July 23, 2013

ചട്ടിപ്പത്തിരി (എരിവുള്ളത്)

നോമ്പുതുറയുടെ സ്ഥിരം വിഭവമായ ചട്ടിപ്പത്തിരി കഴിച്ചുമടുത്തവര്‍ക്കായി അതിലൊരു വെറൈറ്റി സമ്മാനിക്കുകയാണ് റിഷാദ്. മധുരമുള്ള ചട്ടിപ്പത്തിരിക്ക് പകരം ഇറച്ചിയും എരിവുമുള്ള ന്യൂജനറേഷന്‍ ചട്ടിപ്പത്തിരി പരീക്ഷിച്ചുനോക്കാന്‍ റിഷാദ് ക്ഷണിക്കുന്നു. പാലാഴി ഇരിങ്ങല്ലൂര്‍ സ്വദേശിയായ റിഷാദ് ജിംനേഷ്യം മാസ്റ്ററും സിനിമാറ്റിക് ഡാന്‍സറുമാണ്. പാചകം ഹോബിയാക്കിയ ഈ ചെറുപ്പക്കാരന്റെ മാസ്റ്റര്‍പീസ് ഐറ്റമാണ് എരിവുള്ള ചട്ടിപ്പത്തിരി.

ചേരുവകള്‍


1. ഇറച്ചി വേവിച്ചുപൊടിച്ചത്- ഒരു കപ്പ്
2. സവാള ചെറുതായി അരിഞ്ഞത്- 2 കപ്പ്
3. പച്ചമുളക്- ഒമ്പതെണ്ണം
4. ഇഞ്ചി- ചെറിയ കഷ്ണം
5. ഉപ്പ്- പാകത്തിന്
6. മുളകുപൊടി- കാല്‍ ടീസ്പൂണ്‍
7. മല്ലിപ്പൊടി- കാല്‍ ടീസ്പൂണ്‍
8. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
9. കറിവേപ്പില,മല്ലിയില- ആവശ്യത്തിന്
10. ഗരംമസാല- ഒരു നുള്ള്
11. സസ്യഎണ്ണ-ആവശ്യത്തിന്
12. കോഴിമുട്ട- എട്ടെണ്ണ
13. കസ്‌കസ് വറുത്തത്- 2 ടേബിള്‍ സ്പൂണ്‍
14. തേങ്ങാപ്പാല്‍-കാല്‍ കപ്പ്
15. കിസ്മിസ്,അണ്ടിപ്പരിപ്പ്- ഒരു ടേബിള്‍ സ്പൂണ്‍
16. നെയ്യ്- രണ്ടു സ്പൂണ്‍
17. മൈദ- ഒരു വലിയ കപ്പ് (ഏഴു പത്തിരിക്കുള്ളത്)
18. ഏലക്കായ പൊടിച്ചത്- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാന്‍ അടുപ്പില്‍വെച്ച് കുറച്ച് സസ്യഎണ്ണ ഒഴിച്ച് 2 മുതല്‍ പത്തുവരെയുള്ള ചേരുവകള്‍ വഴറ്റിയതിന് ശേഷം വേവിച്ച് പൊടിച്ച ഇറച്ചിയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വെക്കുകക. നേരിയ ചൂടുവെള്ളത്തില്‍ ഒരു നുളള് ഉപ്പ് ചേര്‍ത്ത് പൊടി നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി മാറ്റിവെക്കുക. ഓരോ ഉരുളയും എടുത്ത് നേരിയതായി ഉണ്ടാക്കുന്ന പാത്രത്തിന്റെ വട്ടത്തില്‍ പരത്തിയതിന് ശേഷം ചെറുതായി ഒന്ന് ചുട്ടെടുക്കുക. ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് രണ്ട് കോഴിമുട്ട ഒരുനുള്ള് ഉപ്പ് ചേര്‍ത്ത് ചിക്കിയെടുക്കുക. ബാക്കി മുട്ടയും എലക്കായയും നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും തേങ്ങാപ്പാലും കറിവേപ്പില നുറുക്കിയതും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കലക്കിവെക്കുക. ഇറച്ചിക്കൂട്ടില്‍ കുറച്ച് കസ്‌കസും മുട്ട ചിക്കിയതും ചേര്‍ത്തിളക്കുക.
ഒരു പരന്ന കുഴിയുള്ള പാത്രമെടുത്ത് അതില്‍ കുറച്ച് എണ്ണ ഒഴിച്ചശേഷം മുട്ടക്കൂട്ട് എടുത്ത് അതില്‍ നാല് ടേബിള്‍സ്പൂണ്‍ എണ്ണയും ഒരു സ്പൂണ്‍ നെയ്യും ഒഴിച്ച് ഇളക്കിവെക്കുക. അതിനുശേഷം ബാക്കിയുളള ഓരോ പത്തിരിയും എടുത്ത് മുട്ടക്കൂട്ടില്‍ മുക്കി പാത്രത്തില്‍ നിരത്തുക. ഇടയില്‍ ഇറച്ചിക്കൂട്ട് നിരത്തുക. അങ്ങനെ മൂഴുവന്‍ പത്തിരിയും അട്ടിയായി നിരത്തുക. ആദ്യം വെക്കുന്ന പത്തിരിയില്‍ മുട്ടക്കൂട്ട് മുക്കരുത്. അടിവശം പെട്ടെന്ന് കരിഞ്ഞുപോകും.
Rishad
ബാക്കി വരുന്ന മുട്ടക്കൂട്ട് പത്തിരികളുടെ മുകളില്‍ ഒഴിച്ച് കൈകൊണ്ട് നന്നായി അമര്‍ത്തുക. എന്നിട്ട് അടച്ചുവെച്ച് നേരിയ തീയില്‍ നന്നായി വേവിച്ചെടുക്കുക. വേവുന്നതിന് മുമ്പ് മുകളില്‍ അണ്ടിപ്പരിപ്പും കിസ്മിസും കസ്‌കസും വിതറുക. ഒരു സ്പൂണ്‍ നെയ്യ് ചുറ്റും ഒഴിച്ചുകൊടുക്കുക. നന്നായി വെന്തെന്നുകണ്ടാല്‍ മറച്ചിട്ട് നേരിയ തീയില്‍ കുറച്ചുസമയം കൂടി അടുപ്പില്‍ വെക്കുക. ചട്ടിപ്പത്തിരി തയ്യാര്‍.

tastembi@gmail.com