Sunday, June 22, 2008

amma

`അമ്മ' തെളിച്ച വഴിയിലൂടെ
-----------------------
`അമ്മ' തെളിച്ച വഴിയിലൂടെ ചോറുവിളമ്പി നാട്ടുകാരുടെ വയറുനിറയ്‌ക്കുകയാണ്‌ മെസ്‌ഹൗസുകള്‍. 32 വര്‍ഷം മുമ്പ്‌ സരോജിനിയെന്ന വീട്ടമ്മയാണ്‌ നാടന്‍ ഊണ്‌ മാത്രം ലഭിക്കുന്ന ഭക്ഷണശാല കോഴിക്കോട്ട്‌ തുടങ്ങിയത്‌. ഇന്നിപ്പോള്‍ നഗരത്തിലും പരിസരങ്ങളിലുമായി നൂറിലധികം മെസ്‌ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മറ്റൊരു നഗരത്തിലും ഇത്രയധികം മെസ്‌ഹൗസുകള്‍ കാണാനാവില്ലെന്നു ഭക്ഷണപ്രിയര്‍ സാക്ഷ്യപ്പെടുത്തുന്നു. വറുത്തകായ പോലെ, കോഴിക്കോടന്‍ ഹല്‍വ പോലെ ഈ നഗരത്തിന്റെ രുചിയടയാളമായി മെസ്‌ഹൗസുകള്‍ മാറിക്കഴിഞ്ഞു. ഉച്ചഭക്ഷണം മാത്രം ലഭിക്കുന്ന കേന്ദ്രങ്ങളാണ്‌ മെസ്‌ഹൗസ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പുതിയറയിലെ ഓട്ടുകമ്പനിത്തൊഴിലാളികള്‍ക്കും ബസ്‌ ജീവനക്കാര്‍ക്കും വീട്ടില്‍ ഉൗണൊരുക്കിക്കൊണ്ട്‌ സരോജിനി ഈ രംഗത്തെത്തുന്നത്‌ 1976ലാണ്‌. ഹോട്ടലുകളിലെ ചെടിപ്പിക്കുന്ന പതിവുരുചിഭേദങ്ങള്‍ കൈയ്യൊഴിഞ്ഞ്‌ ആളുകള്‍ ധാരാളമായി ഇവിടെയെത്താന്‍ തുടങ്ങി. തിരക്കു കൂടിയപ്പോള്‍ അമ്മയെ സഹായിക്കാന്‍ സരോജിനിയുടെ നാലുമക്കളും ഒപ്പം കൂടി. അവര്‍ വിളിക്കുന്നതുകേട്ട്‌ ഭക്ഷണം കഴിക്കാനെത്തുന്നവരും സരോജിനിയെ അമ്മയെന്നു വിളിക്കാന്‍ തുടങ്ങി. ഇന്നിപ്പോള്‍ ദിവസവും അഞ്ഞൂറിലേറെ പേര്‍ക്ക്‌ ഭക്ഷണം വിളമ്പുന്ന വന്‍സംരംഭമാണ്‌ പുതിയറയിലെ `അമ്മ' മെസ്‌ഹൗസ്‌. `അമ്മ'യുടെ വിജയത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ നഗരത്തിന്റെ പലഭാഗങ്ങളിലും പിന്നീടു മെസ്‌ഹൗസുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പുതിയറയില്‍ തന്നെ അതേപേരില്‍ മറ്റൊരു മെസ്‌ഹൗസ്‌ തുടങ്ങി പി. ദിവാകരന്‍ എന്നയാളാണു മത്സരത്തിനു തുടക്കമിട്ടത്‌. പുതിയറ ടൈല്‍സ്‌ തൊഴിലാളിയായിരുന്ന ദിവാകരന്‍ കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന്‌ വീട്ടുമുറ്റത്ത്‌ ഉച്ചഭക്ഷണശാല തുടങ്ങുകയായിരുന്നു. ഭാര്യ ശ്യാമളയും ബന്ധുക്കളായ ചില സ്‌ത്രീകളുമാണ്‌ ഇവിടുത്തെ പ്രധാന പാചകക്കാര്‍.മുതലക്കുളം, എം.എം.അലി റോഡ്‌, പാളയം, മിനിബൈപ്പാസ്‌, മാവൂര്‍ റോഡ്‌, ജയില്‍റോഡ്‌ എന്നിവിടങ്ങളിലൊക്കെ മെസ്‌ഹൗസുകളുണ്ട്‌. വീടിനോടു ചേര്‍ത്തുകെട്ടിയ താത്‌ക്കാലികപന്തലിലാണ്‌ ഇവയൊക്കെ പ്രവര്‍ത്തിക്കുന്നത്‌. മിക്കയിടത്തും സ്‌ത്രീകള്‍ തന്നെയാണു പാചകക്കാരും വിളമ്പുകാരുമെല്ലാം. വീട്ടിലുണ്ടാക്കുന്ന അതേ സ്വാദിലും വൃത്തിയിലും ഊണു ലഭിക്കുന്നു എന്ന പ്രത്യേകത കൊണ്ടാകാം പലയിടങ്ങളിലും ഉച്ചസമയത്തു ക്യൂ നിന്നാലേ ഇരിപ്പിടം കിട്ടു. വര്‍ഷങ്ങളായി ഊണുകഴിക്കാനെത്തുന്ന നിരവധി പതിവുകാര്‍ ഓരോ മെസ്‌ഹൗസിനുമുണ്ട്‌. എത്ര തിരക്കായാലും സ്ഥിരം മെസ്‌ഹൗസിലെത്തി ഒരു പിടി ഊണു കഴിക്കണമെന്നു നിര്‍ബന്ധമുള്ളവരുമുണ്ട്‌. ഉച്ച പന്ത്രണ്ടുമണിയോടെ പ്രവര്‍ത്തനമാരംഭിക്കുന്ന മെസ്‌ഹൗസുകള്‍ വൈകിട്ടു നാലുമണിയോടെ അടച്ചുപൂട്ടും.ഊണിനൊപ്പം വിളമ്പുന്ന മത്സ്യം പൊരിച്ചതിന്റെ സ്വാദാണ്‌ മെസ്‌ഹൗസുകളുടെ പ്രധാന ആകര്‍ഷണം. ഹോട്ടലുകളില്‍ മത്സ്യം ആദ്യമേ വറുത്തുവയ്‌ക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക്‌ ചൂടോടെ തയ്യാറാക്കിനല്‍കുകയാണ്‌ മെസ്‌ഹൗസുകള്‍ ചെയ്യുന്നത്‌. പുതിയറയിലെ അമ്മ മെസ്‌ഹൗസില്‍ മത്സ്യം പൊരിച്ചതുമാത്രം പാര്‍സലായി വാങ്ങാന്‍ വരുന്ന നിരവധിപേരുണ്ട്‌. നഗരത്തിലെത്തുന്ന വി.ഐ.പികളില്‍ പലരും ഒരിക്കലെങ്കിലും ഇതിന്റെ രുചിയറിഞ്ഞവരാകും. കണ്ണില്‍ വെള്ളംനിറയുന്ന എരിവു വകവയ്‌ക്കാതെ രണ്ടും മൂന്നും മീന്‍കഷ്‌ണങ്ങള്‍ തട്ടുന്ന തീറ്റക്കൊതിയന്‍മാരെയും അമ്മ മെസ്‌ഹൗസിലെത്തിയാല്‍ കാണാനാകും. ഒരു കഷ്‌ണം അയക്കൂറ പൊരിച്ചതിനു 17 രൂപ ഈടാക്കുന്നു. കിലോയ്‌ക്ക്‌ 300 രൂപയുള്ള അയക്കൂറ ഈ വിലയ്‌ക്ക്‌ വിറ്റില്ലെങ്കില്‍ മുതലാകില്ലെന്നാണ്‌ സരോജിനിയുടെ നിലപാട്‌. രണ്ടു കറികളും ഉേപ്പരിയും അച്ചാറും പപ്പടവുമുള്‍പ്പെടെയുള്ള ഊണിനു 14 രൂപയാണ്‌ വില.നിത്യോപയോഗസാധനങ്ങളുടെ വന്‍വിലവര്‍ധന പല മെസ്‌ഹൗസുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്‌്‌. ``അരിക്കും മീനിനും പച്ചക്കറിക്കുമൊക്കെ വില ഇരട്ടിയായി. ഇവിടെ വരുന്നവരെ ഓര്‍ത്ത്‌ ഊണിനു വില കൂട്ടിയിട്ടില്ല. പോകുന്നിടത്തോളം ഇങ്ങനെ പോകട്ടെ എന്നാണു തീരുമാനം''- മുതലക്കുളത്തെ `സ്‌നേഹം മെസ്‌ഹൗസ്‌' ഉടമ ജാനേഷ്‌ കുമാര്‍ പറയുന്നു. ഈ സ്‌നേഹം തന്നെയാണ്‌ ആളുകളെ മെസ്‌ഹൗസുകളിലെത്തിക്കുന്നതും.

2 comments:

Bindhu Unny said...

നല്ല വിവരണം. കണ്ണില്‍ വെള്ളം നിറയുന്ന എരിവുള്ള മീന്‍ വറുത്തത് കഴിക്കാന്‍ കൊതിയായി. പിന്നൊരു സംശയം ... ഈ കോഴിക്കോടന്‍ ചിപ്സിന്റെ രഹസ്യമെന്താണ്? എന്റെ ഭര്‍ത്താവ് നാട്ടില്‍ പോയാല്‍ (പാലക്കാട്) ഈ ചിപ്സ് മാത്രമേ വാങ്ങൂ.

Foodie@calicut said...

ബ്‌ളോഗ്‌ വായിച്ചതിനും കമന്റുകള്‍ക്കും നന്ദി. കോഴിക്കോടന്‍ ചിപ്‌സിനെക്കുറിച്ച്‌ ഉടന്‍ എഴുതാം....