Wednesday, July 30, 2008


കാപ്പി നുകരാന്‍ കോഫി ബീന്‍സ്‌

----------------------------

കാപ്പിയെന്നാല്‍ ഹാംബര്‍ഗറോ പിസയോ പോലെ ഒരു വിദേശ ഉത്‌പന്നമായിരുന്നു കോഴിക്കോട്ടുകാര്‍ക്ക്‌. `മീഡിയം' മുതല്‍ 'വെള്ളം കുറഞ്ഞ സ്‌ട്രോങ്ങ്‌' വരെയുള്ള വിവിധ രുചികളുള്ള ചായ ആസ്വാദകരുള്ള നാട്ടില്‍ ഫില്‍ട്ടര്‍ കോഫിയെ പ്രണയിക്കുന്നവര്‍ നന്നേ കുറവായിരുന്നു. തനത്‌ കാപ്പിയെ ഇഷ്ടപ്പെടുന്നവര്‍ കോഫിഹൗസിലോ വസന്തഭവനിലോ എത്തി മസാലദോശയ്‌ക്കും ഉഴുന്നുവടയ്‌ക്കുമൊപ്പം കാപ്പി കുടിച്ച്‌ തൃപ്‌തിയടഞ്ഞു.കാപ്പിയോടുള്ള നഗരത്തിന്റെ ചിറ്റമ്മനയം പഴങ്കഥയാക്കുകയാണ്‌ കോഫിബീന്‍സ്‌. റെഡ്‌ക്രോസ്‌ റോഡില്‍ ടാഗോര്‍ സെന്റിനറി ഹാളിന്‌ തൊട്ടടുത്തുള്ള ഈ റസ്‌റ്റോറന്റില്‍ ഒന്നും രണ്ടുമല്ല അമ്പതിലേറെ വ്യത്യസ്‌തമായ രുചികളാണ്‌ കാപ്പി പ്രേമികള്‍ക്കായി ഒരുക്കിയിട്ടുള്ളത്‌. ഒരു കപ്പ്‌ കാപ്പി മാത്രം നുണഞ്ഞുകൊണ്ട്‌ ആണവകരാര്‍ തൊട്ട്‌ പരുന്ത്‌ പുരുഷു വരെയുള്ള വിവിധ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ചെറുകൂട്ടങ്ങളെ കോഫിബീന്‍സില്‍ കാണാം. ചായയുടെ കടുപ്പത്തിനൊപ്പം കാപ്പിയുടെ നറുമണം കൂടി ഇഷ്ടപ്പെടാന്‍ കോഴിക്കോടിനെ പഠിപ്പിക്കുകയാണ്‌ ഈ റസ്‌്‌റ്റോറന്റ്‌.ഒരു വര്‍ഷം മുമ്പാണ്‌ കൊച്ചിയിലെ കോഫിബീന്‍സ്‌ കോഫിഷോപ്പ്‌ ശൃംഖലയുടെ ഫ്രാഞ്ചൈസി കോഴിക്കോട്ട്‌ തുടങ്ങുന്നത്‌. സിവില്‍ എഞ്ചിനിയറിംഗ്‌ ബിരുദധാരിയും റിയല്‍ എസ്‌റ്റേറ്റ്‌ ഡെവലപ്പറുമായ ജീഷ്‌ വെണ്‍മരത്ത്‌ എന്ന ചെറുപ്പക്കാരന്‍ പുതിയൊരു സംരംഭം എന്ന നിലയ്‌ക്ക്‌ നഗരരുചികളിലേക്ക്‌ കോഫിബീന്‍സിനെ അവതരിപ്പിക്കുകയായിരുന്നു. ഏറെ ആശങ്കകേളാടെയാണ്‌ ഇത്തരമൊരു റസ്‌റ്റോറന്റിനു തുടക്കമിട്ടതെന്ന്‌ ജീഷ്‌. ``പാരമ്പര്യമായി ചായയോട്‌ ഇഷ്ടക്കൂടുതലുള്ളവരാണ്‌ കോഴിക്കോട്ടുകാര്‍. അതുകൊണ്ടുതന്നെ കാപ്പിക്ക്‌ പ്രാധാന്യം നല്‍കുന്ന ഒരു റസ്‌റ്റോറന്റ്‌ ക്ലിക്കാകണമെങ്കില്‍ ഏറെ ബുദ്ധിമുട്ടുണ്ട്‌''- ജീഷ്‌ പറയുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട്‌ ആളുകള്‍ കാപ്പികുടിക്കാനെത്തിതുടങ്ങി. പാരമ്പര്യ രുചിയോടെയുള്ള ഫില്‍ട്ടര്‍ കോഫി മുതല്‍ കടുംകാപ്പിയുടെ സ്വാദ്‌ പകരുന്ന ബ്‌ളാക്ക്‌ സ്‌റ്റാലിയന്‍ വരെ പെട്ടെന്ന്‌ ഹിറ്റായി. ഇന്നിപ്പോള്‍ 28 രൂപയുടെ കാപ്പുച്ചിനോ, 26 രൂപ വിലയുള്ള ലാറ്റേ ഡി കൊച്ചി എന്നീ ഫേ്‌ളവറുകള്‍ക്കാണ്‌ ഏറെ ആരാധകരുള്ളത്‌. കോഫി ബട്ടര്‍സ്‌കോച്ച്‌, മോക്ക ബീന്‍സ്‌ എന്നീ രുചികള്‍ തേടിയും ചെറുപ്പക്കാരെത്തുന്നുണ്ട്‌. കാപ്പിക്കൊപ്പം അപ്പം, ചിക്കന്‍ സ്‌റ്റിയൂ, ഫിഷ്‌ േമാളി, എക്‌സിക്യുട്ടീവ്‌ ലഞ്ച്‌ എന്നിവയും കോഫി ബീന്‍സ്‌ ഇപ്പോള്‍ വിളമ്പുന്നു. ലാപ്പ്‌ടോപ്പുമായി എത്തുന്ന ബിസിനസ്‌ എക്‌സിക്യുട്ടീവുകള്‍ക്കായി വയര്‍ലെസ്‌ ഇന്റര്‍നെറ്റ്‌ സംവിധാനവും റസ്‌റ്റോറന്റില്‍ ഒരുക്കിയിട്ടുണ്ട്‌. കൊച്ചി സ്വദേശിയായ സാറ വര്‍ഗീസ്‌ എന്ന വീട്ടമ്മയാണ്‌ കോഫി ബീന്‍സ്‌ റസ്‌റ്റോറന്റുകള്‍ തുടങ്ങിവച്ചത്‌. ഇന്നിപ്പോള്‍ കോഴിക്കോടിനു പുറമെ കൊച്ചിയിലും തിരുവനന്തപുരത്തും കോഫിബീന്‍സ്‌ റസ്‌റ്റോറന്റുകളുണ്ട്‌. കോഴിക്കോട്ട്‌ തന്നെ കല്യാണ്‍ കേന്ദ്ര സാരി ഷോറൂമിലും കോഫിബീന്‍സ്‌ ഔട്ട്‌ലെറ്റ്‌ പ്രവര്‍ത്തിക്കുന്നു. നഗരത്തില്‍ ആദ്യമായി വനിതാ വെയിറ്റര്‍മാരെ രംഗത്തിറക്കിയതിന്റെ ക്രെഡിറ്റും േകാഫിബീന്‍സിനു തന്നെ.