Sunday, November 16, 2008


മീന്‍ വരട്ടിയത്‌

------------

മീന്‍ പൊരിച്ചതില്ലാതെ ചോറിറങ്ങാത്ത കോഴിക്കോട്ടുകാരെ `കൊതിപ്പിച്ചുകൊല്ലാന്‍' തന്നെയാണ്‌ ഷിനോയുടെ തീരുമാനം. അസ്‌മ ടവറിലെ മെസ്‌ബാന്‍ റസ്‌റ്റോറന്റ്‌ ഷെഫായ എം.ആര്‍. ഷിനോയ്‌ ഇഷ്ടവിഭവമായി തിരഞ്ഞെടുക്കുന്നത്‌ മീന്‍ വരട്ടിയതാണ്‌. കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ ഷിനോയ്‌ ഒരുവര്‍ഷമായി അസ്‌മ ടവറിലെത്തിയിട്ട്‌. കോഴിക്കോടിന്റെ തനതുരുചികളെക്കുറിച്ചുള്ള അന്വേഷണത്തിനിടയ്‌ക്കാണ്‌ മീന്‍വരട്ടിയതിന്റെ രസക്കൂട്ട്‌ ലഭിച്ചതെന്ന്‌ ഷിേനായ്‌ പറയുന്നു. നഗരത്തിലെ പാരമ്പര്യ മുസ്ലിം തറവാടുകളിലെ പ്രധാന നോമ്പുതുറ വിഭവമാണിത്‌. വീടുകളിലുണ്ടാക്കുന്ന അതേ സ്വാദോടെ മെസ്‌ബാനിലും മീന്‍ വരട്ടിയത്‌ വിളമ്പാന്‍ തുടങ്ങിയതോടെ അതിഥികള്‍ക്കും ഏറെ പ്രിയമായി. മെസ്‌ബാനില്‍ നടന്നുവരുന്ന ഇഫ്‌താര്‍ ബുഫെയിലെ പ്രധാന വിഭവവും ഇതു തന്നെ. ഇഫ്‌താറിനെത്തുന്നവരെല്ലാം മീന്‍ വരട്ടിയത്‌ പരീക്ഷിച്ചുനോക്കാന്‍ താത്‌പര്യം കാട്ടാറുണ്ടെന്ന്‌ അസ്‌മ ടവര്‍ ജനറല്‍ മാനേജര്‍ വേണുഗോപാല്‍ പറയുന്നു.


ചേരുവകള്‍

1. അയക്കൂറ- ചെറുതായി മുറിച്ചത്‌ (300 ഗ്രാം)

2. സവാള- രണ്ടെണ്ണം

3. ഇഞ്ചി- 20 ഗ്രാം

4. പച്ചമുളക്‌- 20 ഗ്രാം

5. വെളുത്തുള്ളി- 20 ഗ്രാം

6. തക്കാളി- ഒന്ന്‌

7. മുളകുപൊടി- 25 ഗ്രാം

8. മഞ്ഞള്‍പൊടി- 5 ഗ്രാം

9. കുരുമുളക്‌ പൊടി- 5 ഗ്രാം

10. മല്ലിപ്പൊടി- 15 ഗ്രാം

11. പെരുംജീരകപൊടി- 5 ഗ്രാം

12. കറിവേപ്പില- രണ്ടു തണ്ട്‌

13. വെളിച്ചെണ്ണ- ആവശ്യത്തിന്‌

14. ഉപ്പ്‌-പാകത്തിന്‌


പാകം ചെയ്യുന്ന വിധം

ചെറുതായി മുറിച്ച മീന്‍ കുറച്ച്‌ മസാല പുരട്ടി (മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മുളകുപൊടി) വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. അതിലേക്ക്‌ ഉപ്പ്‌, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, കുരുമുളക്‌ പൊടി എന്നിവ ചേര്‍ത്തിളക്കി ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത്‌ വഴറ്റുക. അതിനുശേഷം വറുത്ത മീനും പെരുംജീരകപ്പൊടിയും ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. തുടര്‍ന്ന്‌ ചൂടോടെ ഉപയോഗിക്കാം.

8 comments:

Foodie@calicut said...

pls try this item, rappayi

Roby said...

സി.എച്ച് ഓവർബ്രിഡ്ജിനു താഴെയുള്ള ആ സർബത്ത് കടയിലെ മിൽക് സർബത്തിന്റെ റെസിപ്പി കൂടി ഒന്ന് എഴുതാമോ?

:)

നവരുചിയന്‍ said...

കൊതിപ്പിച്ചു കൊല്ലും അല്ലെ

മുസാഫിര്‍ said...

പരീക്ഷിക്കാം.നല്ല പടം

Jayasree Lakshmy Kumar said...

ഇതൊരു പുതിയ ഐറ്റമാണല്ലോ. പരീക്ഷിക്കാം

Bindhu Unny said...

കുറേ നാളായി ഇവിടെ വന്നിട്ട്. പുതിയ വിഭവങ്ങള്‍ കണ്ടു, കൊതിച്ചു.
കോഴിക്കോടന്‍ ചിപ്സിനേക്കുറിച്ച് എഴുതാംന്ന് പറഞ്ഞിട്ട്? :-)

Foodie@calicut said...

കഴുത്തില്‍ പാമ്പുമായി കൂളായി നില്‍ക്കുന്ന സഹോദരീ, റപ്പായി ഉടന്‍ ചിപ്‌സിനെക്കുറിച്ചെഴുതാം. അതിനൊരു റെസിപ്പി ഇല്ലാത്തതുകൊണ്ടാണ്‌ എഴുതാന്‍ മടി....

Foodie@calicut said...

ദേവഗിരി കോളേജില്‍ ഞാന്‍ തെണ്ടിത്തിരിഞ്ഞ കാലത്ത്‌ നന്നായി പഠിച്ച്‌ അമേരിക്കയിലെത്തിയ മിസ്‌റ്റര്‍ റോബി, ഇനി നിങ്ങള്‍ക്ക്‌ ഞങ്ങളുടെ പാവം എം.എസിന്റെ റെസിപ്പി കൂടി വേണം അല്ലേ? എനിക്കെഴുതാന്‍ സൗകര്യമില്ല, ഹല്ല പിന്നെ!!! അസൂയ കൊണ്ടൊന്നുമല്ല കേട്ടോ....