കുഞ്ഞുദോശ @ പിള്ളൈസ് സ്നാക്സ്
---------------------------------
പത്തു രൂപയ്ക്ക് എന്തുകിട്ടും? ചോദ്യം മനോഹര്‍ പിള്ളയോടാണെങ്കില് വായില്‍ വെള്ളമൂറുന്ന മറുപടി ഉടന്‍ ലഭിക്കും. നാലു ദോശ, ഇഷ്ടം പോലെ സാമ്പാര്‍, തേങ്ങാച്ചമ്മന്തി, സാദാചട്നി, ഉള്ളിചട്നി..... ലിങ്ക് റോഡ് ജംങ്ഷനിലെ പിള്ളൈസ് സ്നാക്സില്‍ മിക്ക സമയവും നിന്നുതിരിയാന്‍ ഇടമുണ്ടാകാറില്ല. ഈ ചെറുഹോട്ടലിലെ ദോശത്തട്ടില്‍ പിറവിയെടുക്കുന്ന കുഞ്ഞുദോശകളുടെ മണവും ഗുണവും നഗരത്തിന്റെ മനം കവര്‍ന്നുകഴിഞ്ഞു.പൊറോട്ടകളെ പ്രണയിക്കുന്ന കോഴിക്കോട്ടുകാര്ക്കിടയിലേക്ക് ദോശ മാത്രം വിളമ്പിക്കൊണ്ട് 1991ലാണ് പിള്ളൈ സ്നാക്സ് പ്രവര്‍ത്തനം തുടങ്ങുന്നത്. കോഴിക്കോട്ടെ ആദ്യകാല ഹോട്ടല്‍ വ്യാപാരി രാമകൃഷ്ണപ്പിള്ളയുടെ മക്കളായ മനോഹര്‍ പിള്ളയും സുബ്രഹ്മണ്യന് പിള്ളയും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്. പ്ളേറ്റിനു പുറത്തേക്ക് ചിറകുവിരിച്ചുനില്ക്കുന്ന നെയ്റോസ്റ്റ്, മസാലദോശകള്ക്കു പകരം കണ്ടാല്‍ തന്നെ ഓമനത്തം തോന്നുന്ന കുഞ്ഞുദോശകളാണ് പിള്ളൈസില് ലഭിക്കുക. `കുഞ്ഞുദോശകള്‍ തുടക്കം മുതല്ക്കേ ഹിറ്റായി. രുചിയും കഴിക്കാനുള്ള സൗകര്യവും തന്നെയാകും കാര്യം' -ഹോട്ടലിന്റെ പ്രധാന നടത്തിപ്പുകാരന് മനോഹര്‍ പിള്ള പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്ന യാത്രക്കാരും കോളേജ് വിദ്യാര്‍ത്ഥികളും സമീപത്തുള്ള ഓഫീസുകളിലെ ജീവനക്കാരുമായി നൂറുകണക്കിന് ദോശപ്രേമികള്‍ ഓരോദിവസവും പിള്ളൈസിലെത്തുന്നു. മൂന്ന് സെറ്റ് ദോശ വരെ ഒറ്റയിരിപ്പിനു കഴിക്കുന്നവരുമുണ്ട്.പുലര്‍ച്ചെ നാലുമണിക്ക് പ്രവര്‍ത്തനം തുടങ്ങുന്ന പിള്ളെസ് സ്നാക്സില്‍ ആ സമയം മുതല്‍ ദോശപ്രേമികള്‍ എത്തി തുടങ്ങും. ഓരോ ട്രെയിന്‍ വരുന്ന സമയമനുസരിച്ചാണ് തിരക്കുണ്ടാകുക. ചില സമയത്ത് ഇരിക്കാന്‍ സ്ഥലമുണ്ടാകില്ല. ഒരു പരിഭവവുമില്ലാതെ ആളുകള്‍ നിന്നുകൊണ്ട് ദോശ കഴിക്കുന്നത് കാണാം. ആശ തീര്‍ത്ത് ദോശ കഴിക്കാന്‍ എത്തുന്നവരെയും കാത്ത് പിള്ളൈസ് രാത്രി എട്ടുമണി തുറന്നിരിക്കും.
പിള്ളൈസ് സ്നാക്സിലെ കുഞ്ഞുദോശയുടെയും
`ഹോട്ട് ഫേവറിറ്റ്' ഉള്ളിചട്നിയുടെയും പാചകക്കുറിപ്പ്്
ദോശ
-----
പച്ചരി- ഒരു കപ്പ്
ഉണക്കലരി-ഒരു കപ്പ്
ഉഴുന്ന്-മുക്കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം
പച്ചരി, ഉണക്കലരി, ഉഴുന്ന് ഇവ വെവ്വേറെ കുതിര്‍ത്ത് ആറു മണിക്കൂര്‍ നേരം കഴിഞ്ഞ് വെവ്വേറെ അരച്ച് ഒന്നിച്ചു കലക്കി വയ്ക്കുക. 10-12 മണിക്കൂര്‍ കൊണ്ടു മാവ് പുളിച്ചുവരും. ദോശ ചെറിയ വട്ടത്തില്‍ ചുട്ടെടുക്കുക.
ഉള്ളിചട്നി
---------
ഉള്ളി-250 ഗ്രാം
ഇഞ്ചി-ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- മൂന്ന് അല്ലി
ഉപ്പ്-പാകത്തിന്
ഇവ നാലും കൂടി മിക്സിയില്‍ നന്നായി അരച്ചെടുത്താല്‍ ഉള്ളിചട്നി തയാര്‍.
2 comments:
പിള്ളൈസിന്റെ പാചകക്കുറിപ്പുകള്‍ക്ക് നന്ദി. പരീക്ഷിക്കണം :-)
ദോശയും ഉള്ളി ചമ്മന്തിയും...
കൊതി തോന്നുന്നു.
പാചക കുറിപ്പിനു നന്ദി.
:)
Post a Comment