Saturday, July 6, 2013

judwa mushroom


ജുഡ്‌വ മഷ്‌റൂം

കോഴി ബിരിയാണിയുടെ ആസ്ഥാനമായ കോഴിക്കോട്ടെത്തിയാല്‍ ശരിക്കും വലയുക സസ്യാഹാരികളാകും. എണ്ണം പറഞ്ഞ നോണ്‍ വെജ്-റസ്‌റ്റോറന്റുകള്‍ ഇഷ്ടം പോലെയുണ്ടെങ്കിലും വെജിറ്റേറിയന്‍ ഭക്ഷണശാലകള്‍ ഏറെയൊന്നുമില്ല നഗരത്തില്‍. ഉള്ളവയാകട്ടെ മസാലദോശ-നെയ്‌റോസ്റ്റ്-ഊത്തപ്പം എന്നീ പഴഞ്ചന്‍ മെനു പിന്തുടരുന്നവയും. പുതുമ ആഗ്രഹിക്കുന്ന വെജിറ്റേറിയന്‍സിനായി രുചിവൈവിധ്യത്തിന്റെ കലവറ തുറക്കുകയാണ് പഞ്ചാബ് ഡി രസോയി. പട്ടുതെരുവില്‍ സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തായി ആരംഭിച്ചിട്ടുള്ള ഈ റസ്‌റ്റോറന്റില്‍ തനി പഞ്ചാബിശൈലിയിലുള്ള സസ്യാഹാരവിഭവങ്ങളാണ് വിളമ്പുന്നത്. വര്‍ഷങ്ങളായി കോഴിക്കോട്ട് താമസമാക്കിയ ഉത്തരേന്ത്യന്‍ വ്യവസായി ഭരത് ഭൂഷണ്‍ അഗര്‍വാളും സുഹൃത്ത് ഗേണഷും ചേര്‍ന്നാണ് റസ്‌റ്റോറന്റ് തുടങ്ങിയത്. നല്ല ഭക്ഷണം ആസ്വദിക്കാനിഷ്ടപ്പെടുന്ന കോഴിക്കോട്ടുകാര്‍ക്ക് പഞ്ചാബി ഭക്ഷണപ്പെരുമ പരിചയപ്പെടുത്തുക എന്നതാണ് പഞ്ചാബ് ഡി രസോയിലുടെ ലക്ഷ്യമെന്ന് ഭരത് ഭൂഷണിന്റെ മകനും റസ്‌റ്റോറന്റ് നടത്തിപ്പുകാരനുമായ കുശാല്‍ അഗര്‍വാള്‍ പറയുന്നു. ലുധിയാന സ്വദേശി ശീഷ്പദ് പന്‍വറാണ് റസ്‌റ്റോറന്റിലെ ചീഫ് ഷെഫ്. വിഭവങ്ങളുടെ തനത് രുചി ഉറപ്പുവരുത്താനായി പല ചേരുവകളും പഞ്ചാബില്‍ നിന്ന് കൊണ്ടുവരുകയാണെന്ന് ശീഷ്പദ് പറഞ്ഞു. ലസ്സി, പനീര്‍ ടിക്ക തിരംഗ, അമൃത്‌സരി മസാല പനീര്‍, ഭുട്ട പാലക്ക് മസാല, മിസ്സി റൊട്ടി, ചാട്ട്, പാവ്ഭാജി എന്നിവയൊക്കെ പഞ്ചാബ് ഡി രസോയിയിലെ ഹിറ്റ് വിഭവങ്ങളാണ്. ഉച്ചയ്ക്ക് നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ താലി ഊണും രാവിലെ പൊങ്കലും ഇഡ്ഡലിയും വടയുമടങ്ങുന്ന ബുഫെ ബ്രേക്ക്ഫാസ്റ്റും റസ്‌റ്റോറന്റില്‍ വിളമ്പുന്നുണ്ട്.

ചേരുവകള്‍

1. കൂണ്‍- പത്തെണ്ണം
2. പുതിനയില- 15 ഗ്രാം
3. പച്ചച്ചീര- 15 ഗ്രാം
4. ചീസ്- 5 ഗ്രാം
5. കട്ടിത്തെര്- 20 ഗ്രാം
6. ക്രീം- 20 മില്ലി
7. ഇഞ്ചി-5 ഗ്രാം
8. നെയ്യ്- 5 ഗ്രാം
9. വെള്ളക്കുരുമുളകുപൊടി- ഒരു നുള്ള്
10. പച്ചമുളക് അരച്ചത്- 10 ഗ്രാം
11. ഗരംമസാല- എട്ട് ഗ്രാം
12. ബ്ലാക്ക് സാള്‍ട്ട്- അഞ്ച് ഗ്രാം
13. ജീരകം പൊടിച്ചത്- 10 ഗ്രാം
14. സവാള,കാപ്‌സിക്കം,തക്കാളി അരിഞ്ഞത്- 10 ഗ്രാം വീതം
15. ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തണ്ട് മാറ്റിയ കൂണ്‍ ചൂടുവെള്ളത്തില്‍ കഴുകി അഞ്ചുമിനുട്ട് ആവിയില്‍ വേവിക്കുക. ചൂടുവെള്ളത്തില്‍ മുക്കിയ ചീരയും പുതിനയിലയും ഗ്രേറ്റ് ചെയ്ത ചീസും കൂടിച്ചേര്‍ത്തരച്ച് കുഴമ്പുരൂപത്തിലാക്കുക. കട്ടിത്തൈര്, ക്രീം, പച്ചമുളക് അരച്ചത്, ഗരംമസാല, ബ്ലാക്ക് സാള്‍ട്ട്, വെള്ളക്കുരുമുളക്‌പൊടി, ജീരകം പൊടിച്ചത്, നെയ്യ്, ഉപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തില്‍ കൂണ് ചേര്‍ത്ത് പത്തുമിനുട്ട് വെക്കുക.  രണ്ട് കൂണുകള്‍ വീതമെടുത്ത് ഇടയില്‍  നേരത്തെയുണ്ടാക്കിവച്ച ചീര,പുതിനയില പേസ്റ്റ് നിറച്ച് കമ്പില്‍ കോര്‍ത്തെടുക്കുക. ഓരോ ജോഡി കൂണുകള്‍ക്കിടയിലൂം അരിഞ്ഞുവെച്ച ഉള്ളി, തക്കാളി, കാപ്‌സിക്കം എന്നിവയും കോര്‍ക്കാം. തുടര്‍ന്ന് തണ്ടൂര്‍ അടുപ്പില്‍ പത്തുമിനുട്ട് പാകം ചെയ്യുക. ഇവ ചൂടോടെ വെജിറ്റബിള്‍ സാലഡിനും പുതിന ചട്‌നിക്കുമൊപ്പം വിളമ്പാം.

tastembi@gmail.com

1 comment:

Foodie@calicut said...

please see my new post